National
4 പി എം ന്യൂസ് യൂട്യൂബ് ചാനല്‍ റദ്ദാക്കിയുള്ള ഉത്തരവ് പിന്‍വലിച്ച് കേന്ദ്രം
നിരോധന ഉത്തരവിനെതിരെ ചാനല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു

ഡല്‍ഹി | 4 പി എം ന്യൂസ് യൂട്യൂബ് ചാനല്‍ റദ്ദാക്കിയുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കേന്ദ്ര ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചാനല്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ചാനലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായി, എ എസ് മാസിഹ് എന്നിവരടങ്ങിയ ബഞ്ചിനെ കേന്ദ്രം ഉത്തരവ് പിന്‍വലിച്ചതായി അറിയിച്ചത്. നിരോധന ഉത്തരവിനെതിരെ എഡിറ്റര്‍ സഞ്ജയ് ശര്‍മ നല്‍കിയ ഹരജിയില്‍ ബഞ്ച് കേന്ദ്രത്തിനും യൂട്യൂബിനും നോട്ടീസ് അയച്ചിരുന്നു. ഹരജിയില്‍ മറുപടി നല്‍കാന്‍ കോടതി കഴിഞ്ഞ ആഴ്ച കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
7.3 മില്യണ്‍ സബ്സ്‌ക്രൈബേഴ്‌സുള്ള ചാനല്‍ ഏപ്രില്‍ 29നാണ് നിരോധിച്ചത്. ദേശ സുരക്ഷയുമായും പൊതു ക്രമസമാധാനവുമായും ബന്ധപ്പെട്ട സര്‍ക്കാറില്‍ നിന്നുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ചാനലിന് നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കിയത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവടങ്ങളിലുള്‍പ്പെടെ ആറ് യൂട്യൂബ് ചാനലുകള്‍ കൂടി 4 പി എമ്മിനുണ്ട്.