Kerala
മല്ലപ്പള്ളിയില്‍ സ്വകാര്യബസ് ഡ്രൈവറുടെ കഴുത്തിനുനേരെ കത്തിവെച്ച സംഭവം; പ്രതികള്‍ അറസ്റ്റില്‍
ആയുധ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കേസ്. നാലാം പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതം.

പത്തനംതിട്ട | സ്വകാര്യ ബസ് ഡ്രൈവറുടെ കഴുത്തില്‍ കത്തിവെച്ച സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. കോട്ടയം മാടപ്പള്ളി മാമൂട് ഇടപ്പള്ളി ഭാഗം വട്ടമാക്കല്‍ വീട്ടില്‍ വി കെ ജയകുമാര്‍ (46), തമിഴ്നാട് തിരുനെല്‍വേലി അഴകിയപാണ്ടിപുരം സുബയ്യാപുരം തേവര്‍കുളം നോര്‍ത്തില്‍ നിന്നും കല്ലുപ്പാറ ചെങ്ങരൂര്‍ കടുവാക്കുഴി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി ഉദയരാജ് (29), കോന്നി ഇളപ്പുപാറ പുത്തന്‍ തറയില്‍ വീട്ടില്‍ നിന്നും ആനിക്കാട് നടുകെപ്പടി ആലക്കുളത്തില്‍ വീട്ടില്‍ ജോബിന്‍ രാജന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
തിരുവല്ല-മല്ലപ്പള്ളി റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുവമ്പാടി ബസിന്റെ ഡ്രൈവര്‍ കുറ്റപ്പുഴ സ്വദേശി വി കെ കലേഷി (35) നെയാണ് പ്രതികള്‍ കൊലപ്പെടുത്തുമെന്ന് പറഞ്ഞ് കഴുത്തിനുനേരെ വടിവാള്‍ വീശിയത്. ഒഴിഞ്ഞുമാറിയതിനാല്‍ കഴുത്തില്‍ കൊണ്ടില്ല. പ്രതികള്‍ ബസിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീഷണി മുഴക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം വൈകിട്ട് ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കടുവാക്കുഴിയിലെ വര്‍ക്ക് ഷോപ്പിന് മുന്നിലാണ് സംഭവം. വര്‍ക്ക് ഷോപ്പില്‍ ബസിന്റെ പെയിന്റിങ് ചെയ്തതിന്റെ കൂലി നല്‍കാത്തതിന്റെ വിരോധമാണ് ആക്രമണ കാരണമെന്ന് പോലീസ് പറഞ്ഞു. തിരുവമ്പാടി ബസുകാരുമായി റൂട്ട് സമയക്രമത്തില്‍ തര്‍ക്കമുള്ള ജാനകി ബസിന്റെ ജീവനക്കാരനായ രമേശന്‍ കാട്ടാമല എന്നയാളുടെ സുഹൃത്തുക്കളാണ് പ്രതികളെന്നും പോലീസ് പറയുന്നു.
ആയുധ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടെ ചേര്‍ത്ത് കേസെടുത്താണ് പോലീസ് അന്വേഷണം. കോയ്പ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ് ഐമാരായ എസ് സതീഷ് ശേഖ, പി പി മനോജ് കുമാര്‍, എസ് സി പി ഒമാരായ ഷമീര്‍, പി എച്ച് അന്‍സിം, ഷമീര്‍, ശരത് പ്രസാദ്, സി പി ഒമാരായ വിഷ്ണു ദേവ്, ദീപു, അമല്‍ മോഹന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. നാലാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.