Connect with us

Ongoing News

യു എ ഇ- കസാഖിസ്ഥാന്‍ വാണിജ്യ സഹകരണത്തിന് ധാരണ

കസാഖിസ്ഥാന്‍ സന്ദര്‍ശിച്ച് അബുദാബി കിരീടാവകാശി

Published

|

Last Updated

അസ്താന | ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡേറ്റാ ഇന്റലിജന്‍സ്, വിദ്യാഭ്യാസം, ലോജിസ്റ്റിക്‌സ്, തുറമുഖ സഹകരണം, റീട്ടെയ്ല്‍, ഭക്ഷ്യസംസ്‌കരണ കയറ്റുമതി തുടങ്ങി വിവിധ മേഖലകളില്‍ വിപുലമായ സഹകരണത്തിന് യു എ ഇ- കസാഖിസ്ഥാന്‍ ധാരണ. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഔദ്യോഗിക സന്ദര്‍ശനത്തിലാണ് തീരുമാനം. കസാഖിസ്ഥാന്‍ പ്രസിഡന്റ് കാസിം ജോമാര്‍ട്ട് ടോകയേവുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തി

അസ്താന ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററില്‍ നടന്ന യു എ ഇ കസാഖിസ്ഥാന്‍ ബിസിനസ് ഫോറത്തില്‍ പുതിയ നിക്ഷേപസാധ്യതകളും യു എ ഇ- കസാഖിസ്ഥാന്‍ വ്യവസായ സഹകരണവും ചര്‍ച്ചയായി. ഭക്ഷ്യ സംസ്‌കരണ കയറ്റുമതി രംഗത്തും റീട്ടെയില്‍ മേഖലയിലും മികച്ച സഹകരണത്തിന് കസാഖിസ്ഥാന്‍ കൃഷി മന്ത്രി സപാരൊവ് ഐദര്‍ബെക്, വ്യാപാര മന്ത്രി അര്‍മാന്‍ ഷകലെവ് എന്നിവരുമായും യു എ ഇ യുടെ ഔദ്യോഗിക പ്രതിനിധി സംഘാംഗവുമായും അസ്താനയിലെത്തിയ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി ചര്‍ച്ച നടത്തി. കസാഖിസ്ഥാനിലെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിഡില്‍ ഈസ്റ്റില്‍ കൂടുതല്‍ വിപണി ലഭ്യമാക്കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

കാസഖിസ്ഥാനിലെ കാര്‍ഷിക മേഖലക്ക് മികച്ച പിന്തുണ നല്‍കുമെന്നും ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ വിപണി ലുലു സ്റ്റോറുകളില്‍ ലഭ്യമാക്കുമെന്നും യൂസുഫലി പറഞ്ഞു. മധ്യേഷ്യന്‍ മേഖലയിലെ തനത് കാര്‍ഷിക ഉത്പന്നങ്ങളുടെ ഗുണമേന്മ യു എ ഇയിലെ ഉപഭോക്താകള്‍ക്ക് ലുലു ലഭ്യമാക്കും. കസാഖിസ്ഥാനിലെ മികച്ച കാര്‍ഷിക ഉത്പന്നങ്ങള്‍ യു എ ഇയിലെ ലുലു സ്റ്റോറുകളില്‍ ഉറപ്പാക്കുന്നതിനായി പ്രമുഖ കസാഖ് കമ്പനിയായ അലേല്‍ അഗ്രോയുമായി ലുലു ഗ്രൂപ്പ് ധാരണാപത്രം ഒപ്പുവെച്ചു.

അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, കസാഖിസ്ഥാന്‍ പ്രസിഡന്റ് ഖാസിം ജോമാര്‍ട്ട് ടോകയേവ് എന്നിവരുടെ സാന്നിധ്യത്തില്‍ എം എ യൂസുഫലി ഉള്‍പ്പെടെയുള്ളവര്‍ ധാരണാപത്രം കൈമാറി. യു എ ഇ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദി ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.

 

Latest