health
പ്രമേഹമുള്ളവർക്ക് സദ്യ കഴിക്കാമോ?
ആഘോഷവേളയിൽ മിതത്വം പാലിച്ച് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും പ്രത്യേകം ശ്രദ്ധിക്കണം

ഓണാഘോഷങ്ങളുടെ പ്രധാന ആകർഷണം വിഭവ സമൃദ്ധമായ സദ്യയാണ്. ഓണക്കാലം അടുക്കുമ്പോഴേക്കും പ്രമേഹമുള്ള ഓരോരുത്തർക്കും സദ്യയെ സംബന്ധിച്ചുള്ള ആകുലതകൾ ഏറെയാണ്. ഓണം കഴിയുമ്പോഴേക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണാതീതമാകുന്ന സാഹചര്യമാണ് പലപ്പോഴും കാണാറുള്ളത്. ഇതിന് പ്രതിവിധി എന്ന രീതിയിൽ പ്രമേഹത്തിന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നവർ ഡോക്ടർ നിർദേശിച്ചതിലും കൂടുതൽ മരുന്ന് കഴിക്കുന്നത് ഒട്ടും അഭികാമ്യമല്ല.
ആരോഗ്യത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ ആഘോഷവേളകൾ എങ്ങനെ ആനന്ദകരമാക്കാം എന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഇരുപത്തിയാറിലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. ഓണസദ്യയിൽ വിളമ്പുന്ന ഓരോ വിഭവങ്ങളും പോഷകമൂല്യം നിറഞ്ഞതാണ്. ഒരു വ്യക്തിക്ക് ഒരു ദിവസം വേണ്ട എല്ലാ പോഷകങ്ങളും ഒരു ദിവസത്തെ സദ്യയിൽ നിന്ന് തന്നെ ലഭിക്കുന്നു. പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമമായി നിലനിർത്തിക്കൊണ്ട് ആരോഗ്യകരമായ ഓണസദ്യ ആസ്വദിക്കാനുള്ള ചില വഴികളെ കുറിച്ചറിയാം.
ചോറിന്റെ അളവ്
അന്നജത്തിന്റെ പ്രധാന സ്രോതസ്സാണ് ചോറ്. അന്നജം അടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമാതീതമായി വർധിക്കുന്നു. അതിനാൽ ചോറിന്റെ അളവ് കുറയ്ക്കുക. വെള്ള അരി ഉപയോഗിക്കുന്നതിന് പകരം തവിടോട് കൂടിയ കുത്തരിയോ ചെമ്പാവരിയോ ഉപയോഗിക്കുക.
പച്ചക്കറികൾക്കും പയർ വർഗങ്ങൾക്കും പ്രാധാന്യം നൽകുക
പച്ചക്കറികളും പയർവർഗങ്ങളും ഉൾപ്പെടുത്തിയിട്ടുള്ള കൂട്ടുകറി, പരിപ്പ് കറി, അവിയൽ, തോരൻ എന്നിവക്ക് പ്രാധാന്യം നൽകണം. സാമ്പാറിലും കൂട്ടുകറിയിലും കിഴങ്ങ് വർഗങ്ങൾ ഉപയോഗിക്കുന്നതിന് പകരം മണ്ണിന് മുകളിൽ വളരുന്ന പച്ചക്കറികൾക്ക് പ്രധാന്യം നൽകുക. തോരൻ തയ്യാറാക്കുമ്പോൾ നാരുകൾ കൂടുതലുള്ള പച്ചക്കറികൾക്കൊപ്പം പയർവർഗങ്ങൾ കൂടി ഉൾപ്പെടുത്തുമ്പോൾ പ്രോട്ടീന്റെ ലഭ്യത ഉറപ്പുവരുത്താൻ സാധിക്കുന്നു. കൂടാതെ എണ്ണ, തേങ്ങ എന്നിവയുടെ അളവിൽ മിതത്വം പാലിക്കുക. ചാറുകറികളേക്കാൾ പ്രാധാന്യം അതിൽ ഉൾപ്പെടുത്തിയ കഷ്ണങ്ങൾക്ക് നൽകുക. വറുത്തുപ്പേരിക്ക് പകരം സാലഡുകൾ ഉൾപ്പെടുത്താം.
മില്ലറ്റ് പായസം
സദ്യ പൂർണമാകണമെങ്കിൽ പായസം കൂടിയേ തീരൂ. അടപ്രഥമനും പാൽപ്പായസവുമൊക്കെയാണ് പ്രധാനമെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മില്ലറ്റ് പായസം തയ്യാറാക്കാം. പഞ്ചസാര ചേർക്കാത്ത, പാടനീക്കിയ പശുവിൻ പാലിൽ മധുരത്തിനു പകരം ഒരു ചെറു പഴം ചേർക്കാം. തേങ്ങാപ്പാൽ ചേർത്തുള്ള പായസം ഒഴിവാക്കണം. സദ്യ കഴിച്ച് രണ്ട് മണിക്കൂറിന് ശേഷം പായസം കഴിക്കുന്നതായിരിക്കും നല്ലത്.
ലഘു വ്യായാമങ്ങളിൽ പങ്കുചേരുക. ആഹാര നിയന്ത്രണം സദ്യയിൽ മാത്രം ഒതുക്കിയാൽ പോരാ. ഓരോ നേരത്തെ ആഹാരത്തിലും കൃത്യമായ ക്രമീകരണം ആവശ്യമാണ്. പ്രഭാത ഭക്ഷണം സമീകൃതമായിരിക്കണം. കൂടാതെ ഇടനേരത്ത് മോര് വെള്ളം, നാരങ്ങ വെള്ളം, സൂപ്പ് എന്നിങ്ങനെ ഏതെങ്കിലും ഉൾപ്പെടുത്തുക.
വൈകുന്നേരം എണ്ണപ്പലഹാരങ്ങൾക്കു പകരം മുളപ്പിച്ച ചെറുപയർ, കടല ഇവയിലേതെങ്കിലും സാലഡ് രൂപത്തിൽ ഉൾപ്പെടുത്താം. രാത്രി ഭക്ഷണം എട്ട് മണിക്കുള്ളിൽ കഴിക്കുന്നതായിരിക്കും നല്ലത്. അരിയാഹാരം ഒഴിവാക്കി മില്ലറ്റുകൾ, ഓട്‌സ് എന്നിവ കൊണ്ടുണ്ടാക്കിയ ദോശ, പുട്ട്, ഉപ്മാവ് ഇവയിലേതെങ്കിലും അളവ് പരിമിതപ്പെടുത്തി കഴിക്കാം. രാത്രി ഭക്ഷണം സമീകൃതമാക്കാൻ ഇതിന്റെ കൂടെ പയർ വർഗങ്ങളും പച്ചക്കറിയും ഉൾപ്പെടുത്തണം.
വിപണിയിലെ മത്സരയോട്ടത്തിന്റെ ഫലമായി ഒറ്റ ഫോൺകോളിൽ നിറയെ വിഭവങ്ങളുമായി സദ്യ വീട്ടിലെത്തുന്ന കാഴ്ചകൾക്കും സാക്ഷിയാകാറുണ്ട്. പക്ഷേ, വീട്ടിൽ തന്നെ സദ്യ ഒരുക്കി കഴിക്കുമ്പോഴാണ് സദ്യക്ക് ഹരം കൂടുന്നത്. ആഘോഷവേളയിൽ മിതത്വം പാലിച്ച് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാൻ ശ്രമിക്കുന്നതിനോടൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്താനും പ്രത്യേകം ശ്രദ്ധിക്കണം.