Connect with us

pakistan politics

ഈ ബൗൺസർ തടുക്കാൻ ഇംറാനാകുമോ?

ഇംറാനെന്ന ഓൾറൗണ്ടറെ കുഴപ്പിക്കുന്ന ബൗൺസർ എറിയുന്നത് പക്ഷേ, പ്രതിപക്ഷമല്ല. സൈന്യമാണ്. ഇംറാൻ പ്രധാനമന്ത്രിയായത് സൈന്യത്തിന്റെ സഹായത്തിലാണ്. തിരഞ്ഞെടുപ്പിൽ സൈന്യം ഇടപെട്ടുവെന്നത് പരസ്യമായ യാഥാർഥ്യം. എന്നാൽ, ഇപ്പോൾ സൈന്യം ഇംറാന്റെ കൂടെയില്ല.

Published

|

Last Updated

പാക്കിസ്ഥാൻ ഇന്ത്യയുടെ എതിർ പദമല്ല. എല്ലാ അർഥത്തിലും പരസ്പര പൂരകമാണ്. ചരിത്രവും നരവംശശാസ്ത്രവും ഭൂമിശാസ്ത്രവും പരതിപ്പരതി പോകുന്തോറും ഈ സത്യം ബലപ്പെട്ടു കൊണ്ടേയിരിക്കും. എന്നാൽ ഒന്നുണ്ട്. കൊളോണിയൽ ശക്തികൾ അവശേഷിപ്പിച്ചു പോയ ശത്രുതയെ അനന്തരമായി സ്വീകരിച്ച ഭരണാധികാരികൾ ഉള്ളിടത്തോളം ഈ രാജ്യങ്ങൾ പരസ്പരം സുരക്ഷാ പ്രശ്‌നമായി തുടരും. ആ ശത്രുതയുടെ ബലത്തിൽ സൈനിക ചെലവ് ഓരോ വർഷവും കൂടിക്കൊണ്ടേയിരിക്കും. അതുകൊണ്ട്, പാക്കിസ്ഥാനിലുണ്ടാകുന്ന എല്ലാ അസ്വസ്ഥതകളും അനിശ്ചിതത്വങ്ങളും ഇന്ത്യയിൽ പ്രകമ്പനങ്ങൾ തീർക്കും.

പരാജിത രാഷ്ട്രമെന്നാണ് പാശ്ചാത്യർ പാക്കിസ്ഥാന് ചാർത്തിക്കൊടുത്ത വിശേഷണം. ജനാധിപത്യം പരിപക്വമാകാത്ത, ഗോത്ര വർഗ സ്വഭാവത്തിൽ നിന്ന് മോചിതമാകാത്ത, സൈന്യം ഭരിക്കുന്ന, ഇടപെട്ട് രസിക്കാവുന്ന ഇടമാണ് അവർക്ക് പാക്കിസ്ഥാൻ. ഒരിക്കൽ കൂടി ആ രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് നടക്കുമ്പോൾ സന്തോഷിക്കുന്നത് പരാജിത രാഷ്ട്ര ആഖ്യാനത്തെ പിന്തുണക്കുന്നവർ മാത്രമായിരിക്കും. വലിയ പ്രതീക്ഷ നൽകി അധികാരത്തിലെത്തിയ ഇംറാൻ ഖാനെതിരെ പ്രതിപക്ഷവും ഭരണ പക്ഷത്തെ തന്നെ ചിലരും കടുത്ത വെല്ലുവിളിയുയർത്തിയിരിക്കുകയാണ്. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ദേശീയ അസംബ്ലി ചർച്ചക്കെടുത്തിരിക്കുന്നു. ഏതാനും ദിവസങ്ങൾക്കകം വോട്ടെടുപ്പ് നടക്കും. ഇപ്പോൾ തന്നോടൊപ്പമുള്ളവരുടെ എണ്ണം വെച്ച് നോക്കുമ്പോൾ ഇംറാൻ ഖാൻ അതിജീവിക്കില്ലെന്ന് തന്നെ പറയാം. ഈ മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ റൺ ഔട്ട് ആകാൻ തന്നെയാണ് സാധ്യത. അങ്ങനെ വന്നാൽ പ്രതിപക്ഷ സഖ്യത്തിൽ നിന്നൊരാൾ പ്രധാനമന്ത്രിയാകുമോ? അതോ ഇംറാന്റെ പാക്കിസ്ഥാൻ തഹ്‌രീകെ ഇൻസാഫ് പാർട്ടിയിൽ നിന്ന് കൂറുമാറിയവരിലൊരാളാണോ അധികാരം പിടിക്കുക? അതോ പ്രതിസന്ധി മുതലെടുത്ത് സൈന്യം അധികാരക്കസേരയിൽ കയറിയിരിക്കുമോ? സമ്പൂർണ അരാജകത്വത്തിലേക്ക് പാക്കിസ്ഥാൻ പതിക്കുമോ?

കണക്കുകൾ
342 അംഗ പാർലിമെന്റിൽ അവിശ്വാസ പ്രമേയം അതിജീവിക്കാൻ 172 പേരുടെ പിന്തുണ വേണം. ദി ഡോൺ അടക്കമുള്ള പാക് മാധ്യമങ്ങൾ പുറത്തുവിട്ട വിലയിരുത്തലുകൾ വിശ്വാസത്തിലെടുത്താൽ ഇംറാന്റെ കൂടെ 135 പേരേ ഉള്ളൂ. എം ക്യു എം-പി, പി എം എൽ- ക്യു, ബി എ പി എന്നീ കക്ഷികൾ ക്യാപ്റ്റനെ വിട്ട് പ്രതിപക്ഷത്ത് ബാറ്റ് വീശാൻ പോയതോടെയാണ് സർക്കാർ പക്ഷം ഇങ്ങനെ മെലിഞ്ഞത്. അതിനിടക്ക് സ്വന്തം പാർട്ടിയിൽ നിന്ന് 24 പേരാണ് മറുകണ്ടം ചാടിയത്. ഇവരെ കൂറുമാറ്റ നിരോധനത്തിൽ കുടുക്കാനാണ് ഇംറാൻ സുപ്രീം കോടതിയിൽ പോയത്. എന്നാൽ, കോടതി കനിഞ്ഞിട്ടില്ല. വോട്ടിംഗ് തടയാനോ ആജീവനാന്ത വിലക്ക് ഏർപ്പെടുത്താനോ സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് തീർത്ത് പറഞ്ഞു. വോട്ട് ചെയ്യട്ടെ, എന്നിട്ട് നേക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതാണ് ചട്ടവും. ഇവർ കൂടി അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചാൽ മൊത്തം 203 വോട്ടുകൾ ഇംറാനെതിരെ വീഴും. ഈ അരിത്്മാറ്റിക് മാറ്റി മറിക്കുന്ന അവസാന നിമിഷ അത്ഭുതങ്ങളൊന്നും സംഭവിക്കുന്നില്ലെങ്കിൽ ഇംറാൻ പുറത്താകും. പിന്നെയൊരു സാധ്യതയുള്ളത് നേരത്തേ തിരഞ്ഞെടുപ്പ് നടത്താമെന്ന് സൈന്യത്തിന് ഉറപ്പ് കൊടുക്കുകയാണ്. ഇക്കാര്യം സൈനിക നേതൃത്വത്തെ ഇംറാൻ അറിയിച്ചു കഴിഞ്ഞു. ഇത് സൈന്യം അംഗീകരിച്ചാൽ പ്രതിപക്ഷം അവിശ്വാസം വേണ്ടെന്ന് വെക്കും. ഒക്ടോബർ- നവംബറിൽ തിരഞ്ഞെടുപ്പ് നടക്കും.

84 സീറ്റുകളുള്ള പി എം എൽ (എൻ)ന്റെയും 56 പേരുള്ള പി പി പി(ബിലാവൽ ഭൂട്ടോയുടെ പാർട്ടി) യുടെയും നേതൃത്വത്തിൽ രൂപവത്കരിച്ച പ്രതിപക്ഷ കൂട്ടായ്മയായ പാക്കിസ്ഥാൻ ഡെമോക്രാറ്റിക് മൂവ്‌മെന്റി(പി ഡി എം)ലേക്ക് കൂടുതൽ ചെറു പാർട്ടികൾ വരുമെന്നാണ് കരുതപ്പെടുന്നത്. ആ സഖ്യത്തിന്റെ മുഖമുദ്ര ജനാധിപത്യവും ദേശസ്‌നേഹപരവുമായത് കൊണ്ടൊന്നുമല്ല. അവസരത്തിന്റെ കളിയാണല്ലോ രാഷ്ട്രീയം. ആത്മവിശ്വാസത്തിന്റെയും. തോൽക്കാനിരിക്കുന്ന നായകന്റെ കൂടെ നിൽക്കുന്നതിനേക്കാൾ നല്ലത് ജയിക്കാൻ പോകുന്നവർക്കൊപ്പം ചേരുന്നതാണല്ലോ.

മൗലാന ഫസലുർറഹ്മാൻ, ബിലാവൽ ഭൂട്ടോ സർദാരി, പി എം എൽ- എൻ പ്രസിഡന്റ് ശഹ്ബാസ് ശരീഫ് എന്നിവരാണ് ഇംറാനെതിരായ ഇന്നിംഗ്‌സ് നയിക്കുന്നത്. വിലക്കയറ്റം, സാമ്പത്തിക പ്രതിസന്ധി, ഇന്ധന ക്ഷാമം, ഇറക്കുമതി പ്രതിസന്ധി, കടക്കെണി തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങൾ ഉന്നയിക്കുക വഴി ജനപിന്തുണ നേടാൻ പ്രതിപക്ഷ സഖ്യത്തിന് സാധിച്ചിട്ടുണ്ട്. ഇന്ത്യയെപ്പോലെ പാക്കിസ്ഥാനും 85 ശതമാനം എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. ഡീസൽ നിലയങ്ങളിൽ നിന്നാണ് വൈദ്യുതിയുടെ നല്ല പങ്കും വരുന്നത്. കൊവിഡ് വരുത്തിവെച്ച സാമ്പത്തിക മാന്ദ്യം വിദേശനാണ്യ ശേഖരത്തിൽ വൻ ഇടിവുണ്ടാക്കി. ഇതോടെ ഊർജപ്രതിസന്ധി രൂക്ഷമായി. പൊതു വിലക്കയറ്റവും തുടങ്ങി. വായ്പക്കായുള്ള ശ്രമങ്ങളൊന്നും വിജയിച്ചില്ല. പാക് കറൻസിയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് രാജ്യാന്തര വിപണിയിലെ ക്രഡിറ്റ്്വർത്ത്‌നസ്സ് ഇടിച്ചു. ഇംറാനെ അഴിമതിവിരുദ്ധ യോദ്ധാവും യു എസ് വിരുദ്ധതയുടെ ആൾരൂപവും സ്ഥൈര്യത്തിന്റെ പ്രതീകവുമായി കൊണ്ടാടിയവർ തന്നെ അദ്ദേഹത്തെ കൈയൊഴിഞ്ഞു. ഈ സാഹചര്യം മുതലെടുക്കാനാണ് പ്രതിപക്ഷം തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

വാഴിച്ചത് സൈന്യം; വീഴ്ത്തുന്നതും
ഇംറാനെന്ന ഓൾറൗണ്ടറെ കുഴപ്പിക്കുന്ന ബൗൺസർ എറിയുന്നത് പക്ഷേ, പ്രതിപക്ഷമല്ല. സൈന്യമാണ്. ഇംറാൻ പ്രധാനമന്ത്രിയായത് സൈന്യത്തിന്റെ സഹായത്തിലാണ്. തിരഞ്ഞെടുപ്പിൽ സൈന്യം ഇടപെട്ടുവെന്നത് പരസ്യമായ യാഥാർഥ്യം. എന്നാൽ, ഇപ്പോൾ സൈന്യം ഇംറാന്റെ കൂടെയില്ല. സൈന്യത്തിന്റെ വിശുദ്ധിയെക്കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന ഇംറാനെ കൈയൊഴിയാൻ കാരണമായത് പ്രധാനമായും രണ്ട് സംഭവങ്ങളാണ്. സി ഐ എ മേധാവിയായ ജനറൽ ഫൈസ് ഹമീദിനെ കാലാവധി കഴിഞ്ഞും പദവിയിൽ നിലനിർത്താൻ ഇംറാൻ ഖാൻ ശ്രമിച്ചുവെന്നതാണ് ഒരു പ്രശ്‌നം. ഇത് സൈനിക നേതൃത്വത്തിന് ഒട്ടും രസിച്ചിട്ടില്ല. നിലവിലെ കരസേനാ മേധാവിയായ ജനറൽ ഖമർ ജാവേദ് ബജ്‌വയുടെ പിൻഗാമിയായി ജനറൽ ഹമീദിനെ കൊണ്ടുവരണമെന്ന ആഗ്രഹം മുന്നോട്ടുവെച്ചതാണ് ഇംറാനെയും സൈന്യത്തെയും വഴിപിരിച്ച രണ്ടാമത്തെ പ്രശ്‌നം. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പ്രധാനമന്ത്രിയെ അനുവദിക്കരുതെന്ന് സൈനിക നേതൃത്വം തീരുമാനിച്ചു. സിവിലിയൻ നേതൃത്വത്തിന് സൈന്യത്തെ മറികടന്ന് പോകാവുന്ന ശക്തി ഇനിയും കൈവന്നിട്ടില്ലാത്ത പാക്കിസ്ഥാനിൽ ഒരു പ്രധാനമന്ത്രിക്ക് കസേര പോകാൻ മറ്റൊന്നും വേണ്ട.

ചരിത്രം ആവർത്തിക്കുന്നു
പാക് ചരിത്രത്തിൽ ഒരിക്കൽ പോലും ഒരു പ്രധാനമന്ത്രി കാലാവധി പൂർത്തിയാക്കിയിട്ടില്ല. ഒരു സിവിലിയൻ സർക്കാർ അഞ്ച് വർഷം പൂർത്തിയാക്കി തിരഞ്ഞെടുപ്പിലേക്ക് പോയത് തന്നെ 2013ൽ മാത്രമാണ്. 2018 വരെ നവാസ് ശരീഫിന്റെ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് (എൻ) സർക്കാർ അധികാരം കൈയാളി. സ്വതന്ത്രമായ ശേഷം പകുതി കാലവും പട്ടാള ഭരണത്തിൻ കീഴിലായിരുന്ന രാജ്യം പത്ത് വർഷം ഇടതടവില്ലാത്ത സിവിലിയൻ ഭരണം പൂർത്തിയാക്കിയാണ് 2018ൽ ബൂത്തിലേക്ക് നീങ്ങിയത്. ഇത് മഹത്തായ ചുവടുവെപ്പായിരുന്നു. ഒരു ദശകക്കാലം പ്രധാനമന്ത്രിമാർ പലതവണ മാറിയെങ്കിലും സൈന്യം ബാരക്കുകളിൽ നിന്ന് പാർലിമെന്റിലേക്ക് കയറി വന്നില്ല. കോടതി മുറിയിൽ നിന്ന് കറുത്ത കോട്ടിട്ട ജഡ്ജിമാർ ഇറങ്ങി വന്ന് സിവിലിയൻ സ്ഥാപനങ്ങളെ വിധിപ്പുറത്ത് നിർത്തിയുമില്ല. പ്രത്യക്ഷമായ അട്ടിമറികൾ സുസാധ്യമല്ലാത്ത വിധത്തിൽ പാക് ജനാധിപത്യം നട്ടെല്ലുറപ്പ് നേടുന്നുവെന്നതിന്റെ തെളിവായിരുന്നു
അത്.

2018 തിരഞ്ഞെടുപ്പിലെ ഇംറാന്റെ വിജയം സുനിശ്ചിതമായിരുന്നു. പാനമഗേറ്റ് അഴിമതിക്കേസിൽ നവാസ് ശരീഫ് ജയിലിലടക്കപ്പെട്ടതോടെ പി എം എൽ എന്നിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. സൈന്യത്തിന്റെ അനാവശ്യ ഇടപെടലുകൾക്കെതിരെ രൂക്ഷമായി ശബ്ദമുയർത്തിയ നവാസിനെ ശരിയാക്കാൻ തീരുമാനിച്ചിറങ്ങിയ ജനറൽമാരുടെ സർവ പിന്തുണയും ഇംറാന് ലഭിച്ചു. ഒപ്പം അഴിമതിക്കെതിരായ ക്യാമ്പയിന് വലിയ സ്വീകാര്യതയും കിട്ടി. ലോകത്തെ തന്നെ ഏറ്റവും വലിയ മിഡിൽ ക്ലാസ്സ് ജനതയുള്ള പാക്കിസ്ഥാനിൽ ഇക്കൂട്ടരാണ് വിധി നിർണയിക്കുകയെന്ന് ഇംറാൻ കണക്ക്കൂട്ടിയിരുന്നു.

വിദ്യാസമ്പന്നരും ക്രിക്കറ്റ് പ്രേമികളും സാമൂഹിക മാധ്യമങ്ങളിൽ സജീവവുമായ ഇക്കൂട്ടർ അഴിമതി പോലുള്ള വിഷയങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നവരാണ്. ഇംറാന്റെ റാലികളെ ജനനിബിഡമാക്കിയത് അവരാണ്. പാക് ദേശീയതക്ക് ഇന്ത്യാവിരുദ്ധത അനിവാര്യമെന്ന പൊതുബോധത്തിൽ നിന്ന് ഇംറാനും പുറത്ത് കടന്നില്ല. ഭരണം പിടിക്കാൻ പോപ്പുലിസത്തിന്റെ എല്ലാ അടവും അദ്ദേഹം പയറ്റിയിട്ടുണ്ട്. പ്രകടന പത്രികയിൽ ഉടനീളം ഉട്ടോപ്യൻ വാഗ്ദാനങ്ങളായിരുന്നു. എന്നാൽ, ആ വാഗ്ദാനങ്ങൾ പാലിക്കാനുള്ള നയവ്യക്തത അദ്ദേഹത്തിനില്ലായിരുന്നു. പുറത്ത് നിന്ന് എന്തും പറയാം. അധികാരക്കസേരയിലിരിക്കുമ്പോഴാണല്ലോ നേതൃഗുണം കെട്ടുകഥയായിരുന്നോ അല്ലയോ എന്ന് വ്യക്തമാകുക.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest