Connect with us

Madrassa Survey UP

മദ്‌റസകളെ ലക്ഷ്യമാക്കി ബുള്‍ഡോസറുകള്‍

അസമിന് പിറകെ യു പിയിലും മദ്‌റസകള്‍ക്കെതിരെ ശക്തമായ നീക്കം നടത്തി വരികയാണ് യോഗി സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന "അംഗീകാരമില്ലാത്ത' മദ്‌റസകളെക്കുറിച്ച് സര്‍വേ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് അടുത്തിടെയാണ്.

Published

|

Last Updated

രു ഭാഗത്ത് ആര്‍ എസ് എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതിന്റെ മുസ്‌ലിം നേതാക്കളുമായുള്ള കൂടിക്കാഴ്ചകള്‍. മറ്റൊരു ഭാഗത്ത് മദ്‌റസ പോലുള്ള മതസ്ഥാപനങ്ങളും സ്വത്തുക്കളും തകര്‍ക്കാനുള്ള ഹിന്ദുത്വരുടെ ആസൂത്രിത നീക്കം. അതാണിപ്പോള്‍ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. വ്യാഴാഴ്ചയാണ് മോഹന്‍ ഭാഗവത് ഡല്‍ഹി കെ ജി മാര്‍ഗിലുള്ള പള്ളിയും ആസാദ്പുരിലെ മദ്‌റസയും സന്ദര്‍ശിക്കുകയും ഇമാം ഓര്‍ഗനൈസേഷന്‍ അധ്യക്ഷന്‍ ഉമര്‍ അഹ്‌മദ് ഇല്‍യാസിയുമായി സൗഹൃദ സംഭാഷണം നടത്തുകയും ചെയ്തത്. കൂടിക്കാഴ്ചയില്‍ ഹിജാബ് വിവാദമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്നും മുസ്‌ലിം സമുദായത്തിന്റെ ആശങ്കയും ഭീതിയും അകറ്റുകയാണ് ലക്ഷ്യമെന്നുമാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്.

അതേസമയം, അസമിന് പിറകെ യു പിയിലും മദ്‌റസകള്‍ക്കെതിരെ ശക്തമായ നീക്കം നടത്തി വരികയാണ് യോഗി സര്‍ക്കാര്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന “അംഗീകാരമില്ലാത്ത’ മദ്‌റസകളെക്കുറിച്ച് സര്‍വേ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത് അടുത്തിടെയാണ്. പാഠ്യപദ്ധതി, സ്ഥാപനങ്ങളുടെ വരുമാന സ്രോതസ്സ്, സര്‍ക്കാറിതര സംഘടനകളുമായുള്ള ബന്ധം, സാമ്പത്തിക സഹായം, വിദ്യാര്‍ഥികളുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനാണ് ഉത്തരവ്. മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണോ എന്നന്വേഷിക്കാനുള്ള ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് സര്‍വേ എന്നാണ് സംസ്ഥാന ന്യൂനപക്ഷ സഹമന്ത്രി ഡാനിഷ് ആസാദ് അന്‍സാരി ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഇതിനു പിന്നാലെ സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്‍ കൂടി സര്‍വേ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ് യോഗി സര്‍ക്കാര്‍ ഇപ്പോള്‍. 1989 ഏപ്രില്‍ ഏഴ് മുതല്‍ വഖ്ഫില്‍ രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കളുടെ രേഖകള്‍ പുനഃപരിശോധിക്കാനാണ് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കും കമ്മീഷണര്‍മാര്‍ക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത.് ചെറിയ കുന്നുകളുള്ള ഭൂമി, തരിശ് ഭൂമി, ഓരുനിലം തുടങ്ങിയവ വഖ്ഫ് സ്വത്തുക്കളായി സ്വയമേവ രജിസ്റ്റര്‍ ചെയ്യാമെന്ന 1989ലെ ഉത്തരവിനു വിരുദ്ധമാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രസ്തുത ഉത്തരവിന്റെ മറവില്‍ ചില കൃഷിഭൂമിയും വഖ്ഫ് സ്വത്തായി സ്വയമേവ രജിസ്റ്റര്‍ ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നും അത് കണ്ടെത്താനാണ് സര്‍വേയെന്നുമാണ് സര്‍ക്കാര്‍ വാദം.

സര്‍ക്കാറിന്റെ ഈ നടപടികള്‍ വഖ്ഫ് സ്വത്തുക്കള്‍ നഷ്ടപ്പെടുന്നതിനും മദ്‌റസകള്‍ പൊളിച്ചു നീക്കുന്നതിനും ഇടയാക്കുമെന്ന് സ്ഥാപന നടത്തിപ്പുകാരും മുസ്‌ലിം സംഘടനകളും ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. “അംഗീകാരമില്ലാത്ത’ എല്ലാ മദ്റസകളും ഉടന്‍ പൊളിച്ചു നീക്കണമെന്ന് ബി ജെ പി നേതാക്കള്‍ നേരത്തേ ആവശ്യപ്പെടുകയും ചെയ്തിരുന്നു. “രാജ്യത്തെ മദ്‌റസകള്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കണമെന്നും അല്ലെങ്കില്‍ മദ്റസകളിലെ താമസക്കാരെ തടങ്കല്‍പ്പാളയങ്ങളിലേക്ക് അയച്ച് അവരുടെ തലച്ചോറില്‍ നിന്ന് ഖുര്‍ആന്‍ എന്ന വൈറസ് നീക്കം ചെയ്യണ’മെന്നും അടുത്തിടെ അലിഗഢില്‍ നടന്ന ഹിന്ദു മഹാസഭാ സമ്മേളനത്തില്‍ ഹിന്ദുത്വ നേതാവ് യോഗി നരസിംഹാനന്ദനും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ വിഭജനത്തിന്റെ വിത്ത് വിതച്ചത് അലിഗഢ് സര്‍വകലാശാലയാണെന്നും അതും ബോംബ് ഉപയോഗിച്ച് തകര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി.

അസമില്‍ ഒരു മാസത്തിനകം മൂന്ന് മദ്‌റസകളാണ് സര്‍ക്കാര്‍ തകര്‍ത്തത്. ആഗസ്റ്റ് നാലിന് മാറിഗാവ് ജില്ലയിലെ മൊയ്റാബാരിയിലുള്ള ജാമിഉല്‍ ഹുദാ അക്കാദമിയുടെ കെട്ടിടം തകര്‍ത്തു. ആഗസ്റ്റ് 29ന് ബാര്‍പേട്ട ജില്ലയിലെ ഹൗളിയില്‍ ഇതേ പേരിലുള്ള മറ്റൊരു മദ്‌റസ പൊളിച്ചു. ആഗസ്റ്റ് 31ന് ബോംഗെഗാവ് ജില്ലയിലെ മര്‍കസുല്‍ മആരിഫ് ഖരിയാനയുടെ മദ്‌റസ ഇടിച്ചു നിരപ്പാക്കി. ബുള്‍ഡോസറുകള്‍ ഉപയോഗിച്ചാണ് മൂന്നും പൊളിച്ചത്. സ്ഥലം നിരപ്പാക്കിയിടുകയും ചെയ്തു. എന്തിന് പൊളിച്ചുവെന്നതിന് അധികൃതര്‍ക്ക് വ്യക്തമായൊരു ഉത്തരമില്ല. മദ്‌റസ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതു കൊണ്ടാണെന്നാണ് ബോംഗെഗാവ് പോലീസ് അഡീ. ഡെപ്യൂട്ടി കമ്മീഷണര്‍ ലചിത് കുമാര്‍ ദാസിന്റെ വിശദീകരണം. അതേസമയം കെട്ടിടങ്ങള്‍ ജീര്‍ണിച്ച് അപകടകരമായ നിലയിലായിരുന്നുവെന്നും സമീപവാസികള്‍ക്ക് അപകടമുണ്ടാക്കുമെന്നതുകൊണ്ട് പൊളിച്ചുനീക്കിയെന്നുമാണ് ബോംഗെഗാവ് എസ് പി സ്വപ്നനീല്‍ ദേക പറയുന്നത്. മദ്‌റസകള്‍ നിര്‍ത്തലാക്കണമെന്നും, കുട്ടികള്‍ വീട്ടില്‍ നിന്ന് പഠിച്ചാല്‍ മതി, അവരെ മദ്‌റസകളിലേക്ക് പറഞ്ഞയക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രസ്താവിച്ചതിനു പിന്നാലെയായിരുന്നു ഈ നടപടി.

“മദ്‌റസകള്‍ രാജ്യത്തിന്റെ പുരോഗതിയിലും സ്വാതന്ത്ര്യ സമരത്തിലുമെല്ലാം വഹിച്ച പങ്ക് നിര്‍ണായകമാണ്. ഞാനും പഠിച്ചിട്ടുണ്ട് മദ്‌റസയില്‍. എന്നിട്ട് ഞാന്‍ ഭീകരവാദിയായിട്ടില്ല. ചില ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിരിക്കാം. അതിന്റെ പേരില്‍ മദ്‌റസകളെയാകെ കുറ്റപ്പെടുത്തുന്നതും തള്ളിപ്പറയുന്നതും ശരിയല്ല’- ബി ജെ പി നേതാവും മോദി സര്‍ക്കാറിലെ മുന്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രിയുമായിരുന്ന മുഖ്താര്‍ അബ്ബാസ് നഖ്‌വിയുടേതാണ് ഈ വാക്കുകള്‍. മദ്‌റസകളില്‍ വര്‍ഗീയതയോ തീവ്രവാദമോ പഠിപ്പിക്കുന്നില്ലെന്നും മതസൗഹാര്‍ദത്തിന്റെയും സഹിഷ്ണുതയുടെയും പാഠങ്ങളാണ് വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കുന്നതെന്നും സര്‍ക്കാറിനോ, യോഗി ആദിത്യനാഥ്, ഹിമന്ത ബിശ്വ ശര്‍മ തുടങ്ങിയ ബി ജെ പി നേതാക്കള്‍ക്കോ അറിയാത്തതല്ല. മാത്രമല്ല, കേരളത്തിലേത് പോലെ കേവല മതപാഠങ്ങള്‍ മാത്രം പഠിപ്പിക്കുന്ന സ്ഥാപനങ്ങളല്ല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ മദ്‌റസകള്‍. മതവിദ്യാഭ്യാസത്തിനു പുറമെ പൊതുവിദ്യാഭ്യാസവും ഉള്‍പ്പെടുന്നതാണ് അവിടുത്തെ സിലബസ്. മുസ്‌ലിം സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് ഇതൊരു വലിയ അനുഗ്രഹമാണ്. മദ്‌റസകള്‍ ഇല്ലാതായാല്‍ മതവിദ്യാഭ്യാസത്തിനൊപ്പം നല്ലൊരു വിഭാഗം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പൊതു വിദ്യാഭ്യാസത്തിനുള്ള അവസരം കൂടി നഷ്ടപ്പെടുകയും വിദ്യാഭ്യാസ രംഗത്ത് അവര്‍ കൂടുതല്‍ പിന്തള്ളപ്പെടുകയും ചെയ്യും. ഇതു തന്നെയാണോ യോഗിയുടെ ഉള്ളിലിരിപ്പ്?

Latest