Connect with us

Kerala

യുദ്ധാനന്തര വിലക്കയറ്റം മുന്നില്‍ കണ്ടുള്ള ബജറ്റ്; വിലക്കയറ്റം തടയാന്‍ രണ്ടായിരം കോടി

വിലക്കയറ്റത്തെ നേരിടാന്‍ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുക, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുക, വില സ്ഥിരത ഉറപ്പാക്കുക എന്നീ നീക്കങ്ങളിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി വിലക്കയറ്റ ഭീഷണിയെ തടയുകയാണു ലക്ഷ്യമെന്നു ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Published

|

Last Updated

കോഴിക്കോട് | യുദ്ധം റഷ്യയും യുക്രൈനും തമ്മിലാണെങ്കിലും അതിന്റെ ആഘാതം ലോകത്തെമ്പാടും ഉണ്ടാവുമെന്ന ദീര്‍ഘവീക്ഷണം കേരളാ ബജറ്റില്‍ പ്രതിഫലിച്ചു. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റിലെ ആദ്യ പ്രഖ്യാപനം വിലക്കയറ്റം തടയുന്നതിന് വേണ്ടിയാണ്. ഇതിനായി സംസ്ഥാന ബജറ്റില്‍ 2000 കോടി വകയിരുത്തിയിരിക്കുന്നത് യുദ്ധത്തിന് ശേഷം വന്‍ വിലക്കയറ്റമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ്.

വിലക്കയറ്റത്തെ നേരിടാന്‍ പൊതു സഹകരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുക, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുക, വില സ്ഥിരത ഉറപ്പാക്കുക എന്നീ നീക്കങ്ങളിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി വിലക്കയറ്റ ഭീഷണിയെ തടയുകയാണു ലക്ഷ്യമെന്നു ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഏതു യുദ്ധത്തിന്റെയും പ്രധാന പ്രത്യാഘാതം സാമ്പത്തിക ത്തകര്‍ച്ചയും ക്ഷാമവും പട്ടിണി മരണങ്ങളുമായിരിക്കും. യുദ്ധം നടക്കുന്ന മേഖലയിലായിരുന്നു മുന്‍കാലങ്ങളില്‍ പ്രതിസന്ധി എങ്കില്‍ ഇപ്പോള്‍ ലോക കമ്പോളത്തെ അടു പിടിച്ചുലക്കും എന്നുറപ്പാണ്. ആഗോളവല്‍ക്കരണം എല്ലാം നിയന്ത്രിക്കുന്ന ഈ കാലത്ത് എവിടെയെങ്കിലും യുദ്ധമുണ്ടായാല്‍ അത് ലോകത്താകെ വലിയ പ്രത്യാഘാത മുണ്ടാക്കും.

കോവിഡ് മൂന്നാംതരംഗത്തിനുശേഷം ആഗോള വ്യാപകമായി തടസ്സപ്പെട്ട അസംസ്‌കൃത വസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും വിതരണം സാധാരണ നിലയിലേക്ക് എത്തുന്നതിനു മുമ്പാണ് റഷ്യ-ഉക്രയ്ന്‍ സംഘര്‍ഷം രൂപപ്പെട്ടത്. റഷ്യക്കെതിരെ അമേരിക്കയും സഖ്യരാഷ്ട്രങ്ങളും സാമ്പത്തിക ഉപരോധം ശക്തമാക്കിയതും ആഗോള വിതരണ ശൃംഖലയില്‍ പ്രശ്നം സൃഷ്ടിക്കും. ലോകത്തെ എണ്ണ ഉല്‍പ്പാദനത്തിന്റെ 12 ശതമാനവും പ്രകൃതിവാതകത്തിന്റെ 16 ശതമാനവും റഷ്യയുടെ സംഭാവനയാണ്. ഇന്ധനം ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുമെന്നുറപ്പാണ്. 14 വര്‍ഷത്തിന് ശേഷം ക്രൂഡോയില്‍ വില ബാരലിന് 140 ഡോളറാവുകയാണ്. ഇന്ധനവില വര്‍ധന ഏറെ ബാധിക്കുക ഇന്ത്യയിലെ ജനങ്ങളെയായിരിക്കും. ഇന്ധന വിലവര്‍ധന കേരളത്തില്‍ ഭക്ഷ്യമേഖലയില്‍ വന്‍ വിലക്കയറ്റത്തിനു വഴിയൊരുക്കും.

ലിറ്ററിന് 15 -20 രൂപ വരെ വര്‍ധിപ്പിക്കണമെന്നു റിലയന്‍സ് ഉള്‍പ്പെടെയുള്ള എണ്ണക്കമ്പനികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ്മൂലം സാമ്പത്തിക ഞെരുക്കത്തിലായ ലോകത്ത് ഭക്ഷ്യധാന്യ വിലക്കയറ്റം നേരത്തെ തുടങ്ങിരുന്നു. ലോകത്തിലെ ഗോതമ്പ് കയറ്റുമതിയുടെ 12 ശതമാനവും ചോളത്തിന്റെ കയറ്റുമതിയില്‍ 13 ശതമാനവും യുക്രൈനില്‍ നിന്നാണ്. റഷ്യയും പ്രധാന ഗോതമ്പുകയറ്റുമതി രാജ്യങ്ങളില്‍ ഒന്നാണ്. ഗോതമ്പ് ഉള്‍പ്പെടെയുള്ളവയുടെ ആഗോള വില റെക്കോഡിലാണ്. ഭക്ഷ്യ എണ്ണയുടെ വിലയും ഉയരുന്നു. ഇന്ത്യ അരി, ഗോതമ്പ് എന്നിവ കാര്യമായി ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും ഭക്ഷ്യ എണ്ണയുടെ 70 ശതമാനവും ഇറക്കുമതിയാണ്.

ഈ സാഹചര്യത്തില്‍ യുദ്ധാന്തരം ഉണ്ടാകാനുള്ള വലിയ വിലക്കയറ്റത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് ബജറ്റില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടായിരിക്കുന്നത്.