prathivaram cover story
ചരടുപൊട്ടിയ മനസ്സുകൾ
യുവാക്കൾക്കിടയിൽ പുതിയ രീതിയിലുള്ള മയക്കുമരുന്ന് ഉപയോഗത്തിൽ അഭൂതപൂർവമായ വർധനവാണ് ഉണ്ടായിട്ടുള്ളത്. ലഹരിവസ്തുക്കളിൽ പുതുതലമുറ രാസലഹരികൾ ഇന്ന് നഗരങ്ങളിലെ ‘നൈറ്റ് ലൈഫു’ കളിലും ക്ലബ് സംസ്കാരത്തിലും ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറിയിട്ടുണ്ട്.

‘എം ഡി എം എയുമായി യുവാവ് പിടിയിൽ’, “മയക്കുമരുന്ന് കടത്തിയ സംഘം അറസ്റ്റിൽ’ തുടങ്ങിയ വാർത്തകളില്ലാതെ ഒരു ദിവസം പോലും പത്രങ്ങൾ പുറത്തിറങ്ങുന്നില്ല. മുൻകാലങ്ങളിൽ പുകവലിയും മദ്യപാനവുമായിരുന്നു പൊതുവിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായിരുന്നതെങ്കിൽ ഇന്ന് പലതരത്തിലുള്ള ലഹരിവസ്തുക്കളാണ് സമൂഹത്തിന് ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നത്. എക്സൈസ് വകുപ്പും പോലീസും നടത്തുന്ന പരിശോധനകളിൽ പിടികൂടപ്പെടുന്നത് വലിയ ശതമാനവും എം ഡി എം എ, എല്‍ എസ് ഡി തുടങ്ങിയ മാരകമായ രാസലഹരി വസ്തുക്കളാണ്.
കോടികൾ വിലമതിക്കുന്ന സിന്തറ്റിക് ലഹരിവസ്തുക്കളാണ് ഓരോ ദിവസവും അധികൃതർ പിടികൂടുന്നത്. പിടികൂടാതെ പോകുന്നവയുടെ കണക്കുകൾകൂടി ചേര്‍ത്താല്‍ ഇത് ഇരട്ടിയിലധികമാകാനാണ് സാധ്യത. വൻനഗരങ്ങളെ കേന്ദ്രീകരിച്ച് മാത്രമല്ല, നാട്ടിൻപുറങ്ങളിലേക്കും ഇത്തരം ലഹരികൾ ഒഴുകിയെത്തുന്നുണ്ട് എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
സമീപ വർഷങ്ങളിൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പുതിയരീതിയിലുള്ള മയക്കുമരുന്ന് ഉപയോഗത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട് എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഈ ലഹരിവസ്തുക്കളിൽ, എം ഡി എം എ (3, 4- Methylenedioxymetham phetamine) പോലുള്ള പുതുതലമുറ രാസലഹരികൾ ഇന്ന് നഗരങ്ങളിലെ ‘നൈറ്റ് ലൈഫു’ കളിലും ക്ലബ് സംസ്കാരത്തിലും ഒഴിച്ചുകൂടാനാകാത്ത ഘടകങ്ങളായി മാറിയിട്ടുണ്ട്. പുതുതലമുറയിൽപ്പെട്ട യുവാക്കൾ അവരുടെ ഉല്ലാസകരമായ സ്വതന്ത്ര ജീവിതത്തിന്റെ അടയാളമായി ഇത്തരം ലഹരികളെ കാണുമ്പോൾ അതിന്റെ ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക – മാനസികാരോഗ്യ- സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് ഭരണാധികാരികളോ സമൂഹമോ വേണ്ട രീതിയിൽ ചർച്ച ചെയ്യുന്നില്ല എന്നത് ഖേദകരം മാത്രമല്ല അപകടകരവുമാണ്.
അതിമാരകം രാസലഹരികൾ
ഉപയോഗിക്കുന്നവരുടെ മാനസികാവസ്ഥയെ അപകടകരമായ രീതിയിൽ ബാധിക്കുന്ന രാസവസ്തുക്കൾ അടങ്ങിയവയാണ് പുതുതലമുറ ലഹരിവസ്തുക്കൾ. ലഹരിയുപയോഗത്തിലൂടെ മസ്തിഷ്കത്തിലെ സെറോടോണിൻ, ഡോപാമൈൻ, നോർപിനെഫ്രിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളുടെ പ്രവർത്തനം വർധിപ്പിക്കുകയും വ്യക്തികളിൽ താത്കാലികമായ ഉയർന്ന ആനന്ദം, വൈകാരികമായ ഊഷ്മളത തുടങ്ങിയവ സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇവക്ക് യുവാക്കൾക്കിടയിൽ പ്രിയമേറിയിരിക്കുന്നത്. ന്യൂജന്‍ ലഹരികള്‍ പ്രത്യേകിച്ചും രാസലഹരികള്‍ അകത്തു ചെന്നാല്‍ രക്തസമ്മർദം വർധിക്കുക, ഹൃദയമിടിപ്പ് കൂടുക, ശ്വാസഗതി വർധിക്കുക, ശരീരോഷ്മാവ് വർധിക്കുക, അമിതമായ വിയർപ്പ് എന്നിവ ഉണ്ടാകുന്നു. ഇതേതുടർന്ന് തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടി രക്തസ്രാവമുണ്ടാകാനും ഹൃദയാഘാതമുണ്ടാകാനും അപസ്മാരമുണ്ടാകാനുമുള്ള സാധ്യതയുമുണ്ട്. വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാകാനുള്ള സാധ്യതയും ഏറെയാണ്. സൂക്ഷിച്ചില്ലെങ്കില്‍ മരണംവരെ സംഭവിക്കാം.
അതേസമയം, ഇത്തരം രാസലഹരികളുടെ ഉപയോഗം ഗുരുതരമായ മാനസികാരോഗ്യ സങ്കീർണതകളും സൃഷ്ടിക്കുന്നുണ്ട്.
രാസലഹരികൾ ഉപയോഗിക്കുന്നവർക്ക് ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുക, ഇല്ലാത്ത കാഴ്ചകൾ കാണുക തുടങ്ങിയ ‘സെക്കഡലിക്’ അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഇതിന് പുറമെ ചില മാനസിക പ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്.
വിഷാദവും ഉത്കണ്ഠയും
എം ഡി എം എ പോലുള്ള രാസലഹരികൾ ഉപയോഗിക്കുമ്പോൾ താത്കാലികമായി ലഭിക്കുന്ന ആഹ്ലാദകരമായ അനുഭവം ഒരു പ്രത്യേക സമയത്തിന് ശേഷം ഇല്ലാതാവുകയും തുടർന്ന് വിഷാദം, ഉത്കണ്ഠ, അമിതകോപം എന്നീ വികാരങ്ങൾ ഉയർന്നുവരികയും ചെയ്യുന്നതായി പഠനങ്ങളിൽ പറയുന്നു. രാസലഹരികൾ സൃഷ്ടിക്കുന്ന പ്രവർത്തനങ്ങൾ മൂലം മസ്തിഷ്കത്തിൽ ‘സെറടോണി’ന്റെ അളവ് ക്രമാതീതമായി കുറയുന്നതിനാലാണ് ഉപയോഗിച്ച വ്യക്തിയുടെ മാനസികവും വൈകാരികവുമായ അവസ്ഥ താറുമാറാകുന്നത്. ഇത്തരം അവസ്ഥകളെ മറികടക്കാൻ വീണ്ടും രാസലഹരികൾ ഉപയോഗിക്കുകയും ഇവയുടെ ആവർത്തിച്ചുള്ള ഉപയോഗത്തിലൂടെ ഈ ലക്ഷണങ്ങൾ ജീവിതത്തിന്റെ ഭാഗമായി മാറുകയും ചികിത്സ നൽകേണ്ട അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യും.
മനോരോഗങ്ങളും ഭ്രമാത്മകതകളും
മാനസികരോഗ സാധ്യതയുള്ളവരിലും മാനസിക പ്രതിരോധശേഷി കുറഞ്ഞവരിലും ഇത്തരം രാസലഹരികൾ അവരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും രോഗലക്ഷണങ്ങളായി പുറത്തുവരികയും ചെയ്യാറുണ്ട്. ഇതിന്റെ ഭാഗമായി ഇത്തരം ലഹരിക്കടിമകളാകുന്നവർ ഭ്രമാത്മകത (Hallucinations), മിഥ്യാധാരണകൾ (Delusions) എന്നിവ പ്രകടിപ്പിക്കുകയും ഇത് രൂക്ഷമാകുന്ന പക്ഷം ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടിവരികയും ചെയ്യാറുണ്ട്.
ബുദ്ധിപരമായ വൈകല്യം
ദീർഘകാലം അമിതമായി ഇത്തരം രാസലഹരികൾ ഉപയോഗിക്കുന്നവരിൽ ഓർമക്കുറവ്, ശ്രദ്ധക്കുറവ്, തീരുമാനമെടുക്കാനുള്ള കഴിവ് കുറവ് എന്നിവമൂലം വിദ്യാർഥികളിൽ പഠനത്തെയും മറ്റുള്ളവരിൽ തൊഴിലിനെയും പ്രതികൂലമായി ബാധിക്കുന്നു. പഠനം, തൊഴിൽ തുടങ്ങിയ മേഖലകളിലെ സമ്മർദങ്ങളെ അതിജീവിക്കാൻ വിദ്യാർഥികളും യുവ പ്രൊഫഷണലുകളും സാമൂഹിക സമ്മർദങ്ങളെ അതിജീവിക്കാൻ മറ്റുള്ളവരും ഇത്തരം ലഹരികൾ തേടിപ്പോകുന്ന അവസ്ഥയുമുണ്ട്.
ആസക്തിയും ആശ്രിതത്വവും
പുതിയതരം ലഹരിവസ്തുക്കൾ അവ ഉപയോഗിക്കുന്ന വ്യക്തികളെ ആസക്തിയിലേക്കും മാനസിക ആശ്രയത്വത്തിലേക്കും നയിക്കുമെന്നാണ് പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്. ഇതിന്റെ ഫലമായി ലഹരിവസ്തുക്കളുടെ ആവർത്തിച്ചുള്ള ഉപയോഗത്തിലേക്ക് നയിക്കുകയും അത് വ്യക്തികളുടെ സ്വാഭാവിക ജീവിതക്രമങ്ങളെ തകർക്കുകയും ചെയ്യുന്നു. ഇതോടെ വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടുപോകുന്നവർ വീണ്ടും ലഹരിയുടെ ലോകത്തേക്ക് തന്നെ എത്തിപ്പെടുന്നു. ഇതെല്ലാം സൈക്കോസിസ് പോലുള്ള ഗുരുതരമായ മാനസികരോഗങ്ങളിലേക്ക് നയിക്കാനിടയുള്ള അവസ്ഥയാണ്.
ഇതിനെല്ലാം പുറമെ ശരീരത്തിലെ വേദനകൾ അറിയാതിരിക്കുക, ചുറ്റുപാടുകളോടുള്ള പ്രതികരണം മന്ദീഭവിക്കുക, സമയബോധം നഷ്ടമാവുക, ശരീര ചലനങ്ങളുടെ നിയന്ത്രണം നഷ്ടമാവുക, സംശയരോഗം, പാനിക് അറ്റാക്ക്, വിഭ്രാന്തി എന്നിവയും അനുഭവപ്പെടാം. ലഹരിക്കടിമപ്പെടുന്നവരിൽ ആത്മഹത്യാ പ്രവണതയും വലിയതോതിൽ കണ്ടുവരാറുണ്ട്.
ശാരീരിക പ്രശ്നങ്ങൾ
ലഹരിയുപയോഗത്തിന്റെ ഭാഗമായി അവ തലച്ചോറിലെ നാഡികളെ തളർത്തുകയും ഉറക്കക്കുറവ്, അപസ്മാരം, വിശപ്പ് കുറവ് എന്നിവയും ദീർഘകാലം അമിത അളവിൽ ഉപയോഗിക്കുന്നവരിൽ ഹൃദയസ്തംഭനം, പക്ഷാഘാതം, കരൾ-വൃക്ക രോഗങ്ങൾ എന്നിവയും ഉണ്ടാവുന്നതായി കണ്ടിട്ടുണ്ട്.
സാമൂഹിക പ്രശ്നങ്ങൾ
ലഹരിമരുന്നുകളുടെ ഉപയോഗം സമൂഹത്തിലും കുടുംബങ്ങളിലും കുറ്റകൃത്യങ്ങളുടെ തോത് വർധിപ്പിക്കുന്നതായി ഇതുസംബന്ധിച്ച കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ലഹരി ഉപയോഗം വഴി സ്വബോധം നഷ്ടമാകുന്നവർ നടത്തുന്ന അക്രമങ്ങളും കൊലപാതകങ്ങളും കഴിഞ്ഞ ഏതാനും വർഷങ്ങളായി വർധിച്ചിട്ടുണ്ട്. ലഹരിമരുന്നുകൾ ലഭിക്കാതാകുമ്പോൾ ഉണ്ടാകുന്ന ‘വിത്ഡ്രോവൽ സിൻഡ്രോം’ സൃഷ്ടിക്കുന്ന വിഭ്രാന്തിയും കുറ്റകൃത്യങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം അവസ്ഥയിൽ ലഹരിയുപയോഗത്തിനായി പണം കണ്ടെത്തുന്നതിന് വേണ്ടി മോഷണവും പിടിച്ചുപറിയും നടത്തുന്നവരുണ്ട്. നിരവധി കുടുംബ പ്രശ്നങ്ങൾക്കും ലഹരിയുപയോഗം കാരണമാകുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്.
യുവതലമുറയെ രക്ഷിക്കാം
ലഹരിവസ്തുക്കൾ ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ അതിൽ നിന്ന് രക്ഷപ്പെടാനുള്ള സാധ്യത കുറവാണ് എന്നുമാത്രമല്ല ചികിത്സ, തുടർച്ചയായ കൗൺസലിംഗ് എന്നിവയും ആവശ്യമായി വരും എന്നതാണ്. അതുകൊണ്ടുതന്നെ ലഹരിയുപയോഗം സൃഷ്ടിക്കുന്ന ശാരീരിക – മാനസിക – സാമൂഹിക പ്രശ്നങ്ങളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് സ്കൂൾ തലങ്ങൾ മുതൽ കലാലയങ്ങൾ വരെയുള്ള ക്ലാസ്സുകളിലെ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തുകയും കലാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിദ്യാർഥി സംഘടകളും പ്രസ്ഥാനങ്ങളും നേതൃത്വം നൽകുകയും വേണം
.സർക്കാർ തലത്തിൽ ലഹരിയുപയോഗം പ്രോത്സാഹിപ്പിക്കുന്ന സാഹിത്യം – സിനിമ – സീരിയൽ തുടങ്ങിയവയെ നിയന്ത്രിക്കുകയും വ്യാപകമായ ലഹരിവിരുദ്ധ കാമ്പയിനുകൾ സംഘടിപ്പിക്കുകയും വേണം.
ലഹരിവിമുക്ത ചികിത്സയിൽ അടുത്തകാലത്ത് വലിയതോതിലുള്ള മുന്നേറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വ്യക്തി ലഹരിക്ക് അടിമപ്പെട്ടതായി കണ്ടെത്തിയാൽ എത്രയും പെട്ടെന്ന് ഈ രംഗത്ത് വിദഗ്ധനായ ഒരു ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്. അശാസ്ത്രീയ ചികിത്സകളുടെയും അന്ധവിശ്വാസങ്ങളുടെയും പിറകെ പോകുന്നത് പ്രശ്നം രൂക്ഷമാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളു.
( ലേഖകൻ ചേതന സെന്റർ ഫോർ ന്യൂറോ സൈക്യാട്രി ഡയറക്ടറാണ് )
.