Kerala
കൊയിലാണ്ടിയില്‍ പാലം തകര്‍ന്ന സംഭവം; തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം
കൊയിലാണ്ടി-ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് പുഴയുടെ മധ്യത്തില്‍ വെച്ച് ചെരിഞ്ഞു വീണത്

കോഴിക്കോട് | കൊയിലാണ്ടി തോരായിക്കടവ് പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം. പാലത്തിന്റെ ഒരു ഭാഗം ഇന്നലെ തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് നടപടി. കൊയിലാണ്ടി-ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ് പുഴയുടെ മധ്യത്തില്‍ വെച്ച് ചെരിഞ്ഞു വീണത്. സംഭവം നടന്ന ഉടന്‍ തന്നെ പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി.
24 കോടിയോളം രൂപ ചെലവിട്ട് പിഡബ്ല്യുഡി കേരള റോഡ് ഫണ്ട് യൂണിറ്റിന്റെ മേല്‍നോട്ടത്തില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ചുമതല പിഎംആര്‍ ഗ്രൂപ്പിനാണ്. കരാര്‍ കമ്പനിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിച്ച ശേഷം മാത്രമേ നിര്‍മ്മാണം പുനരാരംഭിക്കാവൂ എന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.
സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പ്രോജക്ട് ഡയറക്ടര്‍ 24 മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പ്രാഥമിക റിപ്പോര്‍ട്ടിന് ശേഷം വിശദമായ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.