brics summit
ബ്രിക്‌സ് ഉച്ചകോടി: മോദി ഇന്ന് പുറപ്പെടും, ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച നടത്തിയേക്കും
ദക്ഷിണാഫ്രിക്കയിൽ നിന്ന് 25ന് മോദി ഗ്രീസിലേക്ക് പുറപ്പെടും.

ന്യൂഡല്‍ഹി | ബ്രിക്‌സ് (ബ്രസീല്‍- റഷ്യ- ഇന്ത്യ- ചൈന- സൗത്ത് ആഫ്രിക്ക) ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലേക്ക് പുറപ്പെടും. മൂന്ന് ദിവസമാണ് അദ്ദേഹം ദക്ഷിണാഫ്രിക്കയിലുണ്ടാകുക. കൊവിഡ്- 19ന് ശേഷമുള്ള ആദ്യ ഓഫ്‌ലൈന്‍ ഉച്ചകോടി കൂടിയാണിത്.
അതേസമയം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി മോദി പ്രത്യേകം ചര്‍ച്ച നടത്തുമോയെന്ന് ലോകം ഉറ്റുനോക്കുന്നുണ്ട്. പ്രധാനമന്ത്രിയുടെ ജോഹന്നാസ്ബര്‍ഗിലെ പരിപാടികള്‍ അന്തിമമാക്കിയിട്ടില്ലെന്നാണ് ഇതുസംബന്ധിച്ച ചോദ്യത്തിന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞത്. 2020 മെയ് മാസം അതിര്‍ത്തിയില്‍ സൈനികരുമായി ഏറ്റുമുട്ടലുണ്ടായതിന് ശേഷം ഇരുവരും നയതന്ത്ര ചര്‍ച്ച നടത്തിയിട്ടില്ല.
സഹകരണ മേഖലകള്‍ തിരിച്ചറിയാനും കൂട്ടായ്മയുടെ വികസനം അവലോകനം ചെയ്യാനും അംഗരാജ്യങ്ങള്‍ക്ക് ലഭിക്കുന്ന അവസരമാണ് ഉച്ചകോടിയെന്ന് യാത്ര പുറപ്പെടുന്നതിന് മുമ്പായി പ്രധാനമന്ത്രി പറഞ്ഞു. ജോഹന്നാസ്ബര്‍ഗില്‍ വെച്ച് ചില നേതാക്കളുമായി നയതന്ത്ര ചര്‍ച്ച നടത്തും. ദക്ഷിണാഫ്രിക്കയിൽ നിന്ന് 25ന് മോദി ഗ്രീസിലേക്ക് പുറപ്പെടും. ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതകിസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.