Connect with us

Editorial

ബ്രഹ്മപുരം തീപ്പിടിത്തം അട്ടിമറി?

ഇത്രയും വലിയൊരു അഗ്നിബാധക്കിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം അനിവാര്യമാണ്. അട്ടിമറി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിശേഷിച്ചും. പ്ലാന്റില്‍ അടിക്കടി അഗ്നിബാധ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഇനിയും വര്‍ധിപ്പിക്കേണ്ടതുമുണ്ട്.

Published

|

Last Updated

ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപ്പിടിത്തം ഒരു പുതിയ സംഭവമല്ല. ഇടക്കിടെ അവിടെ തീപ്പിടിത്തം റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായതു പോലെ ദിവസങ്ങള്‍ നീണ്ടുനിന്ന തീപ്പിടിത്തം ആദ്യമാണ്. മാത്രമല്ല കലൂര്‍, പാലാരിവട്ടം, ഇടപ്പള്ളി, കാക്കനാട്, വൈറ്റില തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങളും ദിവസങ്ങളോളം പുക കൊണ്ട് വീര്‍പ്പുമുട്ടി. ബ്രഹ്മപുരത്തിന്റെ പത്ത് കിലോമീറ്ററോളം ചുറ്റളവില്‍ ദുര്‍ഗന്ധം വമിക്കുന്ന മലിനപ്പുക വ്യാപിച്ചു. മാലിന്യ പ്ലാന്റിന് സമീപത്ത് താമസിക്കുന്നവര്‍ക്കും തീയണക്കാന്‍ എത്തിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കും ശ്വാസതടസ്സം, ഛര്‍ദി, അതിസാരം തുടങ്ങിയ രോഗങ്ങള്‍ ബാധിച്ചു. പ്രദേശത്തെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാകാതെ വീടുകളില്‍ ഒതുങ്ങിക്കഴിയേണ്ട അവസ്ഥയുണ്ടായി. വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം നിലച്ചു. കടകളും സ്ഥാപനങ്ങളും അടച്ചിടേണ്ടി വന്നു. കൊച്ചിയിലെ അന്തരീക്ഷ വായുവില്‍ വിഷാംശം കൂടിയെന്നും ആരോഗ്യമുള്ളവരില്‍ പോലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്ന സ്ഥിതിയാണ് നിലവിലെന്നുമാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നത്. ബ്രഹ്മപുരം പ്ലാന്റിനു സമീപം വിദ്യാഭ്യാസ സ്ഥാപനങ്ങളും കൊച്ചിന്‍ റിഫൈനറിയുടെ പ്ലാന്റും പ്രവര്‍ത്തിക്കുന്നുണ്ട്. അഗ്‌നിബാധ മൂലം ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രവര്‍ത്തന രഹിതമായതോടെ കഴിഞ്ഞ അഞ്ച് ദിവസമായി കൊച്ചിയിലെ മാലിന്യ സംസ്‌കരണം നിലച്ച അവസ്ഥയാണ്. റോഡരികിലും സംഭരണ കേന്ദ്രങ്ങളിലും മാലിന്യങ്ങള്‍ കെട്ടിക്കിടക്കുന്നു.

ബെംഗളൂരു ആസ്ഥാനമായ സോണ്‍ടാ ഇന്‍ഫ്രാടെക് എന്ന സ്വകാര്യ കമ്പനിക്കാണ് വര്‍ഷങ്ങളായി ബ്രഹ്മപുരം പ്ലാന്റില്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനുള്ള കരാര്‍ നല്‍കിയത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് ബയോമൈനിംഗ് നടത്തണമെന്നാണ് ഒമ്പത് മാസത്തെ കരാറിലെ വ്യവസ്ഥ. കരാര്‍ തുകയായ 55 കോടിയില്‍ 14 കോടി കമ്പനി കൈപറ്റിയിട്ടുമുണ്ട്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും മാലിന്യ സംസ്‌കരണം എങ്ങുമെത്തിയിട്ടില്ല. ഇതിനെതിരെ പ്രതിഷേധം ഉയരുകയും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്ലാന്റില്‍ തീപ്പിടിത്തമുണ്ടായത്. ഇത് സ്വാഭാവിക തീപ്പിടിത്തമല്ലെന്നും വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. അമിതമായി കുമിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് തീപ്പിടിത്തവും പുകയും ഇത്ര രൂക്ഷമാകാന്‍ കാരണമായത്.

വ്യാഴാഴ്ചയാണ് ബ്രഹ്മപുരത്ത് കിന്‍ഫ്രാ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിന് പിന്‍വശത്തായി 50 അടിയോളം ഉയരത്തില്‍ കുന്നുകൂടിക്കിടക്കുന്ന മാലിന്യക്കൂമ്പാരത്തില്‍ തീപടര്‍ന്നത്. പ്ലാന്റില്‍ ബയോമൈനിംഗ് നടക്കുന്ന പ്രദേശമുള്‍പ്പെടെ കത്തിച്ചാമ്പലായി. എഴുപതോളം ഏക്കര്‍ പ്രദേശത്തേക്ക് തീ വ്യാപിച്ചു. പകല്‍ച്ചൂട് സഹിക്കവയ്യാതെ ജനങ്ങള്‍ വലയുന്നതിനിടയിലാണ് ഈ തീപ്പിടിത്തവും പുകയുമെന്നത് ജനജീവിതം കൂടുതല്‍ ദുഷ്‌കരമാക്കി. രണ്ട് ഡസനിലേറെ ഫയര്‍ഫോഴ്സ് യൂനിറ്റുകളും നാവികസേനയും നാല് ദിവസം കിണഞ്ഞു ശ്രമിച്ചിട്ടാണ് തീ അണക്കാനായത്. കൊച്ചി കോര്‍പറേഷന്റെ അനാസ്ഥയാണ് തീയണക്കുന്നതിന് ഇത്രയും കാലതാമസം വരാന്‍ കാരണമെന്നാണ് ഫയര്‍ഫോഴ്സ് ആരോപിക്കുന്നത്. ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യം വാരിവിതറി വെള്ളം തളിച്ചാണ് തീകെടുത്തുന്നത്. എന്നാല്‍ നാലോ അഞ്ചോ ഹിറ്റാച്ചി മാത്രമാണ് കോര്‍പറേഷന്‍ എത്തിച്ചതെന്നും കൂടുതല്‍ ഹിറ്റാച്ചികള്‍ എത്തിച്ചിരുന്നെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തിനകം തീയണക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഫയര്‍ഫോഴ്സ് മേധാവികള്‍ പറയുന്നു. തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ജനകീയ സമിതി സമരത്തിലാണ്. ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആവശ്യം.

2019 ജനുവരിയിലും 2020 ഫെബ്രുവരിയിലും 2022ല്‍ ജനുവരിയിലും മാര്‍ച്ചിലുമായി രണ്ട് തവണയും ബ്രഹ്മപുരം പ്ലാന്റില്‍ തീപ്പിടിത്തമുണ്ടായിരുന്നു. അന്നെല്ലാം മണിക്കൂറിനകം തീ അണക്കാനായി. 2019 ജനുവരിയിലുണ്ടായ തീപ്പിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ഭാവിയില്‍ അഗ്‌നിബാധ തടയാന്‍ പ്ലാന്റിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് നടപടി കൈക്കൊള്ളാന്‍ തീരുമാനമെടുക്കുകയും ഇതടിസ്ഥാനത്തില്‍ പ്ലാന്റില്‍ കൂടുതല്‍ സെക്യൂരിറ്റിക്കാരെ നിയമിക്കുകയും പ്ലാന്റിന്റെ വിവിധ ഭാഗങ്ങളിലായി കൂടുതല്‍ സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കുകയും അപകട സാഹചര്യങ്ങളില്‍ പുഴയില്‍ നിന്ന് പ്ലാന്റിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതിന് ശക്തമായ മോട്ടോറുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ പ്ലാന്റിലെത്തുന്ന മാലിന്യങ്ങളുടെ അളവ് വന്‍തോതില്‍ വര്‍ധിച്ചിരിക്കെ ഈ സുരക്ഷാ സജ്ജീകരണങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌കരിക്കുന്നതിനുള്ള സംവിധാനങ്ങളും മതിയാകാത്ത അവസ്ഥയാണ് നിലവില്‍. ദിനംപ്രതി ശരാശരി 150 ടണ്‍ പ്ലാസ്റ്റിക് മാലിന്യമാണ് ബ്രഹ്മപുരത്ത് തള്ളുന്നത്. ഇതില്‍ 10 ശതമാനം മാത്രമാണ് തരംതിരിച്ച് നീക്കുന്നത്. ബാക്കി അവിടെ കെട്ടിക്കിടക്കുകയാണ്. പ്രളയശേഷം കുന്നുകൂടിയ മാലിന്യങ്ങള്‍ വരെ തരംതിരിക്കാതെ പ്ലാന്റില്‍ കൂട്ടിയിട്ടതായി പ്രതിപക്ഷം ആരോപിക്കുന്നു.

ഇത്രയും വലിയൊരു അഗ്‌നിബാധക്കിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്ര അന്വേഷണം അനിവാര്യമാണ്. അട്ടിമറി ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിശേഷിച്ചും. പ്ലാന്റില്‍ അടിക്കടി അഗ്‌നിബാധ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാന്‍ സുരക്ഷാസംവിധാനങ്ങള്‍ ഇനിയും വര്‍ധിപ്പിക്കേണ്ടതുമുണ്ട്. തീപ്പിടിത്തത്തെ തുടര്‍ന്ന് പ്രദേശത്താകെ പടര്‍ന്ന പുകയില്‍ നിന്നുണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് സുരക്ഷ നല്‍കാന്‍ ആവശ്യമായ ആരോഗ്യ സേവനവും ഉറപ്പാക്കേണ്ടതാണ്. കൊച്ചി പോലുള്ള, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശത്ത് മാലിന്യ സംസ്‌കരണം കൂടുതല്‍ ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും നിര്‍വഹിക്കേണ്ടതാണെന്ന ബോധം ജില്ലാ-കോര്‍പറേഷന്‍ അധികൃതര്‍ക്ക് ഉണ്ടാകേണ്ടതുമുണ്ട്.

 

Latest