prathivaram cover story
അതിരുകളില്ലാത്ത ആനന്ദം
മൗലിദുന്നബി ദിനത്തിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച വണ്ടികളുടെ ഒരു പ്രദക്ഷിണം നടക്കും. എല്ലാ ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും ഇത് രസകരമായ കാഴ്ചയാണ്.

ലോകത്തിലെ ഏറ്റവും മനോഹരമായ മീലാദാഘോഷങ്ങളിൽ ഒന്നാണ് ഇന്തോനേഷ്യയിലേത്. ഈ രാജ്യത്തെ നല്ലവരായ ജനങ്ങൾ മുഹമ്മദ് നബി(സ)യുടെ ജന്മം കൊണ്ടനുഗൃഹീതമായ റബീഉൽ അവ്വൽ മാസം ഇത്രമേൽ സന്തോഷത്തോടെ ആഘോഷിക്കുന്നത് കാണുമ്പോൾ ലോകത്ത് മറ്റെവിടെയും ഇതുപോലെ നബിദിനം കൊണ്ടാടുന്നില്ലെന്ന് തോന്നിപ്പോകും. അത്രമേൽ ഹൃദ്യം, അത്രമേൽ വൈവിധ്യം.
ഇന്തോനേഷ്യ എന്ന രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും റബീഉൽ അവ്വൽ പിറന്ന അന്ന് മുതൽ ആഘോഷം തുടങ്ങുകയായി. മീലാദുമായി ബന്ധപ്പെട്ട് ഇവിടെ നിരവധി സവിശേഷമായ ആചാരങ്ങളുണ്ട്. സ്വാദിഷ്ഠമായ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കി പൊതുജനങ്ങൾക്ക് വിതരണം ചെയ്യുക എന്നതാണ് ഏറ്റവും ജനകീയമായ ആചാരം. ഇത് എല്ലാ നേരവും ഉണ്ടാകും. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഭക്ഷണം നൽകുന്ന കാഴ്ച ഈ പുണ്യമാസമുടനീളം കാണാൻ കഴിയും. ഇന്തോനേഷ്യയിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ബാലിയിൽ പോലും ഭക്ഷണ വിഭവങ്ങൾ ഉദാരമായി പങ്കുവെക്കുന്നത് കാണാം.
ജാവയിലാണ് രാജ്യത്തെ ഏറ്റവും വലിയ മീലാദ് ആഘോഷം. സെകാറ്റെൻ മേള എന്ന പേരിലാണ് ഇവിടെ മൗലിദ് പരിപാടികൾ നടക്കുന്നത്. സ്വാദിഷ്ഠമായ ചിക്കൻ ചേരുവകൾ കൊണ്ടുണ്ടാക്കുന്ന ഓപ്പോർ അയാം, അരിയും ഇലകളും മുട്ടയും ചേർത്തൊരുക്കുന്ന കെറ്റുപാ, മധുര പലഹാരമായ ലെപ്പ്, ഇറച്ചി ചുട്ടെടുത്ത് തയ്യാറാക്കുന്ന സാറ്റ് മത്തൂര തുടങ്ങി നിരവധി വിഭവങ്ങളാണ് മീലാദ് പരിപാടികളിൽ വിളമ്പുന്നത്. മൗലിദ് സദസ്സുകളിൽ നസ്ഥാർ, കുയെ പുത്രി സൽജു, നസി ടൈമ്പൽ തുടങ്ങിയ വിഭവങ്ങളാണ് ചീരണിയായി ഉണ്ടാവുക. ഇവ കൂടുതലും വീടുകളിൽ നിന്ന് തയ്യാറാക്കി മൗലിദ് സദസ്സുകളിൽ എത്തിക്കുകയാണ് പതിവ്.
ആഘോഷത്തിന്റെ ഏറ്റവും വ്യത്യസ്തവും അവിഭാജ്യവുമായ ഭാഗങ്ങളിലൊന്നാണ് “ബ്യൂലാൻഗോങ്’ സോസ്. ബീഫ് അല്ലെങ്കിൽ ആട്ടിറച്ചി, ഇളം ചക്ക എന്നിവ ചേർന്നുണ്ടാക്കുന്ന ഒരു സാധാരണ അച്ചെനീസ് വിഭവമാണ് ബ്യൂലാൻഗോങ് സോസ്. ചുവന്ന കറിയെപ്പോലെ തോന്നിക്കുന്ന ഒരു വിഭവമാണിത്. “ബ്യൂലാൻഗോങ്” എന്നറിയപ്പെടുന്ന ഒരു വലിയ പാത്രത്തിലോ തളികയിലോ തയ്യാറാക്കുന്നതിനാലാണ് ഇതിനെ “ബ്യൂലാൻഗോങ്’ സോസ് എന്ന് വിളിക്കുന്നത്. പ്രവാചകന്റെ ജന്മദിനത്തിൽ മാത്രമല്ല, വിളവെടുപ്പ് ഉത്സവങ്ങളിലും ഈ വിഭവം പ്രത്യക്ഷപ്പെടാറുണ്ട്. ഭക്ഷണത്തിനു പുറമെ, കുട്ടികൾക്കായി ഒരുക്കുന്ന പ്രത്യേക മത്സരങ്ങൾ, പ്രവാചക പ്രകീർത്തന പ്രദർശനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഒരു കാർണിവലിന് സമാനമായ ഈ മേളയിൽ കാണാം.
മലയാളികൾ മൗലിദ് സദസ്സ് എന്ന് വിളിക്കുന്ന വിശിഷ്ടമായ ആത്മീയ സംഗമങ്ങൾ ഇന്തോനേഷ്യയിൽ മൗലിദുന്നബി എന്ന പേരിൽ വിപുലമായി കൊണ്ടാടുന്നു. വീടുകളിലാണ് ഇത്തരം സദസ്സുകൾ കൂടുതലും ഉണ്ടാവുക. നഗര പ്രദേശങ്ങളിൽ വലിയ മൈതാനങ്ങളിലും സ്റ്റേഡിയങ്ങളിലും പതിനായിരങ്ങൾ പങ്കെടുക്കുന്ന മൗലിദുന്നബി നടക്കും. ഗ്രാമ പ്രദേശങ്ങളിൽ മസ്ജിദുകളിലും ഈ മാസം എല്ലാ ദിവസവും ഇത്തരം ആത്മീയ സദസ്സുകൾ സംഘടിപ്പിക്കും. കുട്ടികളും വൃദ്ധരും ഉൾപ്പെടെ എല്ലാവരും വളരെ സജീവമായി മൗലിദുന്നബിയിയുടെ ഭാഗമാകും.
പ്രവാചകർ മുഹമ്മദ് നബി(സ)യുടെ ജന്മദിനം ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നാണ്.
യോഗ്യകർത്താ നഗരത്തിൽ എല്ലാ വർഷവും നടക്കുന്ന മീലാദ് സമ്മേളനമാണ് രാജ്യത്തെ ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള സദസ്സ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഈ മൗലിദ് സദസ്സിലേക്ക് ഒഴുകിയെത്തുന്നു. ഈ വാർഷിക മഹാ സമ്മേളനത്തിലേക്ക് എത്തുന്നതിന് മുമ്പ് വീടുകളും ഓഫീസുകളും അങ്ങാടികളും അലങ്കരിക്കുന്ന പതിവും ഈ രാജ്യത്തെ ജനങ്ങൾക്കുണ്ട്. നബിദിന രാവുകളിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച വർണാഭമായ വസ്തുക്കളാണ് മിക്ക പേരും കൈയിലേന്തുക. പ്രവാചക പ്രകീർത്തനങ്ങൾ പാടിയാണ് മീലാദുന്നബി റാലികൾ മുന്നേറുക.
മൗലിദ് ഓതാൻ വേണ്ടി ഓരോ പ്രദേശത്തും വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഒത്തുകൂടും. അവർ ഖുർആൻ വാക്യങ്ങൾ പാരായണം ചെയ്യുകയും പ്രവാചകന്റെ ജീവിതത്തെയും പോരാട്ടങ്ങളെയും കുറിച്ചുള്ള ഒരു സംക്ഷിപ്ത ചരിത്രം പങ്കുവെക്കുകയും ചെയ്യും. ഒരാൾ ചരിത്രം പറയുമ്പോൾ മറ്റുള്ളവർ സാകൂതം കേട്ടിരിക്കും. ഇങ്ങനെ ചരിത്രം പറയുന്നതും കേൾക്കുന്നതും ഏറെ പുണ്യമായി കരുതുന്നു ഇവിടുത്തെ ജനത. പ്രവാചക പ്രകീർത്തനങ്ങൾ ആലപിക്കുന്ന വിശിഷ്ടമായ ചടങ്ങും ഇത്തരം ചെറു സംഗമങ്ങളിൽ കാണാം. കുട്ടികളാണ് പ്രവാചകരെ വർണിക്കുന്ന പാട്ടുകൾ പാടുന്നത്.
രാജ്യത്തെ ഏറ്റവും ജനകീയമായ “ഗ്രെബെഗ് മൗലിദ്’ ഘോഷയാത്ര നടക്കുന്നത് സുരകാർത്തയിലാണ്. ഈ പരിപാടി “ഗുനുൻഗെൻ’ സുരകാർത്ത കൊട്ടാരത്തിൽ നിന്ന് (കസുനനൻ സുരകാർത്ത കൊട്ടാരം) ആരംഭിക്കുന്നു. നഗരത്തിലെ പ്രധാന പള്ളിയിലേക്ക് എല്ലാവരും പ്രകീർത്തനങ്ങൾ ചൊല്ലി പതുക്കെ നടന്നുപോകുന്നു. “ഗുനുൻഗെൻ’ റാലിയിൽ കാർഷിക ഉത്പന്നങ്ങൾ, ലഘുഭക്ഷണങ്ങൾ, നാണയങ്ങൾ എന്നിവ വിതരണം ചെയ്യും. ഈ മൗലിദ് പരിപാടിക്കിടെ ആർക്കെങ്കിലും “ഗുനുൻഗെൻ’ നാണയം ലഭിച്ചാൽ, വരും വർഷത്തിൽ അവർ ഭാഗ്യവാന്മാരാകുമെന്ന് ഇവിടുത്തുകാർ പരക്കെ വിശ്വസിക്കുന്നു. ആളുകൾക്ക് പാരമ്പര്യമായി ലഭിച്ച സാമ്പത്തിന്റെ ശുദ്ധീകരണം മീലാദ് ആഘോഷത്തിലെ ഒരു പ്രധാന സംഭവമാണ്. അതിനായി സമ്പത്തിൽ നിന്ന് വലിയൊരു തുക മുഹമ്മദ് നബി(സ)യുടെ പേരിൽ പാവപ്പെട്ടവർക്ക് സംഭാവന നൽകും. സമ്പത്ത് ശുദ്ധീകരിക്കുന്ന ഈ ചടങ്ങ്, “ഗരുമത് ബരാങ് പുസാക’ എന്നറിയപ്പെടുന്നു. ഈ നിധികളിൽ, പാരമ്പര്യമായി ലഭിച്ച ആയുധങ്ങളും പരമ്പരാഗത ജാവനീസ് ഗെയിംലാൻ ഉപകരണങ്ങളും ഉണ്ടാകും.
മീലാദ് ആഘോഷത്തിന്റെ ഭാഗമായി അയൽക്കാർക്കിടയിൽ ഭക്ഷണം കൈമാറുന്ന “വെ-വെഹാൻ’ അല്ലെങ്കിൽ “കെതുവിൻ’ രീതികൾ പരമ്പരാഗതമായി പാലിച്ചു വരികയാണ് ഈ ജനത. സെമരാങ്ങിലെ വാലിസോംഗോ സ്റ്റേറ്റ് ഇസ്്ലാമിക് യൂനിവേഴ്സിറ്റിയിലെ നരവംശശാസ്ത്രജ്ഞനായ ഇബ്നു ഫിക്രി പറയുന്നത്, “വെഹ്- വെഹാൻ’ പാരമ്പര്യം നൂറുകണക്കിന് വർഷങ്ങളായി ഈ സമൂഹം ആചരിച്ചുവരുന്നു എന്നാണ്. മൗലിദുന്നബി ദിനത്തിൽ പൂക്കൾ കൊണ്ട് അലങ്കരിച്ച വണ്ടികളുടെ ഒരു പ്രദക്ഷിണം നടക്കും. എല്ലാ ഗ്രാമങ്ങളിലും നഗര പ്രദേശങ്ങളിലും ഇത് രസകരമായ കാഴ്ചയാണ്.
ചരിത്ര ഗവേഷകനായ എ എം വാസ്കിറ്റോയുടെ അഭിപ്രായത്തിൽ, പ്രവാചക ജന്മദിനാഘോഷം ഇന്തോനേഷ്യയിൽ ഇന്നത്തെ പോലെ വിപുലമായി ആരംഭിച്ചത് സുൽത്താൻ സ്വലാഹുദ്ദീൻ അൽ അയ്യൂബി അഥവാ മുഹമ്മദ് അൽ ഫാത്തിഹ് ആണ്. അക്കാലത്ത് മൗലിദുന്നബി കൂടുതലായും കുരിശുയുദ്ധക്കാരുമായുള്ള ഏറ്റുമുട്ടലിൽ വിശ്വാസികളുടെ ആത്മവീര്യം ഉണർത്താനായി ഉപയോഗിച്ചിരുന്നു.
തിരുനബി(സ)യുടെ ചരിത്രം പറയുകയും പാടുകയും ചെയ്യുന്നവരുടെ ഉള്ളിൽ എപ്പോഴും നിലനിൽക്കുന്ന ഒരുതരം ആത്മവീര്യമുണ്ട്. ഉള്ളിൽ ചരിത്രമുള്ള അത്തരം വിശ്വാസികളെ പരാജയപ്പെടുത്താൻ കഴിയില്ല. ഈ അർഥത്തിൽ ആത്മാവിനെ ശക്തിപ്പെടുത്തുക എന്ന മഹത്തായ കാര്യമാണ് മൗലിദ് നിർവഹിക്കുന്നത്. ഇന്തോനേഷ്യയിലെ സാധാരണക്കാരായ
ജനങ്ങൾ ഇന്നും ഇതേ പാത പിന്തുടരുന്നു എന്നത് അവരുടെ ആത്മവിശ്വാസത്തിൽ തെളിഞ്ഞുകാണാം.
.