International
അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സംഘര്‍ഷത്തിലെത്തിച്ചു; തായ്ലന്‍ഡും കംബോഡിയയും യുദ്ധത്തിലേക്ക്
ഇന്ന് പുലര്‍ച്ചെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ മരണം 12 ആയി

തായ്ലന്‍ഡ് | തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള ദീര്‍ഘകാലത്തെ അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ഇരു രാജ്യങ്ങളും യുദ്ധത്തിന് കോപ്പുകൂട്ടിത്തുടങ്ങി. പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. കുഴിബോംബ് സ്‌ഫോടനത്തില്‍ അഞ്ച് തായ് സൈനികര്‍ക്ക് പരുക്കേറ്റതോടെ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്. കംബോഡിയന്‍ അംബാസഡറെ പുറത്താക്കിയ തായ്‌ലാന്‍ഡ് എല്ലാ വടക്കുകിഴക്കന്‍ അതിര്‍ത്തികളും അടച്ചുപൂട്ടി.
പുരാതന ക്ഷേത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശവുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ നൂറ്റാണ്ടിലേറെയായി ഇരു രാജ്യങ്ങളും തമ്മിലുണ്ട്. ഇതാണ് കുഴിബോംബ് സ്‌ഫോടനങ്ങള്‍, വെടിവെപ്പ്, വ്യോമാക്രമണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സായുധ സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത്. നയതന്ത്ര ബന്ധങ്ങള്‍ ഒഴിവാക്കിയും ബാങ്കോക്കിലെ എംബസി ഒഴിപ്പിച്ചും കംബോഡിയ തിരിച്ചടിച്ചതാണ് രംഗം വഷളാക്കിയത്. അതിര്‍ത്തി പ്രവിശ്യകളായ സുരിന്‍, ഒഡാര്‍ മീഞ്ചെ എന്നിവക്ക് സമീപമുള്ള നിരവധി സംഘര്‍ഷ കേന്ദ്രങ്ങളില്‍ സൈനിക ആക്രമങ്ങളുണ്ടായെന്ന് റോയിട്ടേഴ്സ് റിപോര്‍ട്ട് ചെയ്തു. ഒരു തായ് എഫ്-16 യുദ്ധവിമാനം കംബോഡിയയിലെ ലക്ഷ്യങ്ങളില്‍ വ്യോമാക്രമണം നടത്തിയെന്നും റിപോര്‍ട്ട് ഉണ്ട്,
ഇരു രാജ്യങ്ങളും വളരെക്കാലമായി അവകാശവാദമുന്നയിക്കുന്ന പ്രദേശങ്ങളായ ടാ മുയെന്‍, ടാ മോന്‍ തോം ക്ഷേത്രങ്ങള്‍ക്ക് ചുറ്റും ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തായ് സൈനികര്‍ ഒരു ഡ്രോണ്‍ കണ്ടതിനെ തുടര്‍ന്ന് കംബോഡിയന്‍ സൈന്യം ആദ്യം വെടിയുതിര്‍ത്തതായും പിന്നീട് ആറ് സായുധ സൈനികര്‍ അടുത്തേക്ക് വരുന്നതായും തായ് സൈന്യം അറിയിച്ചു. വെടിവെപ്പിന് ശേഷം പ്രതികരിച്ചതായി തായ് വിഭാഗം പറഞ്ഞു. എന്നാല്‍ തായ് സായുധ ആക്രമണത്തെ പ്രതിരോധിച്ചതാണെന്നാണ് കംബോഡിയയുടെ അവകാശവാദം.