Connect with us

Kerala

പുഴയില്‍ ചാടി ജീവനൊടുക്കിയ റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി

ഋഷിപ്പ് രാജ് എന്ന കുഞ്ഞിന്റെ മൃതദേഹമാണ് കണ്ണൂര്‍ ചെമ്പല്ലിക്കുണ്ട് പാലത്തിന് കീഴ്ഭാഗത്തു നിന്ന് കണ്ടെത്തിയത്.

Published

|

Last Updated

കണ്ണൂര്‍ | പുഴയില്‍ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഋഷിപ്പ് രാജ് എന്ന കുഞ്ഞിന്റെ മൃതദേഹമാണ് കണ്ണൂര്‍ ചെമ്പല്ലിക്കുണ്ട് പാലത്തിന് കീഴ്ഭാഗത്തു നിന്ന് കണ്ടെത്തിയത്. റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അടുത്തില വയലപ്ര യുവജന വായനശാലയ്ക്ക് സമീപം ആര്‍ എം നിവാസില്‍ എം വി റീമ (32) മൂന്ന് വയസ്സുകാരനായ മകനെയുമെടുത്ത് ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.

ഭര്‍തൃ വീട്ടിലെ മാനസിക പീഡനത്തില്‍ മനംനൊന്താണ് റീമ ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. കുട്ടിയെ ഷാള്‍ ഉപയോഗിച്ച് ശരീരത്തോട് ചേര്‍ത്ത് കെട്ടിവെച്ചാണ് പുഴയിലേക്ക് ചാടിയത്. ഈ സമയം പുഴയില്‍ ചൂണ്ടയിടുകയായിരുന്ന യുവാവാണ് റീമ ചാടുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാലത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പി എസ് സി പരീക്ഷാ ഹാള്‍ ടിക്കറ്റില്‍ റീമ എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിരുന്നു. ഭര്‍ത്താവിന്റെ അമ്മ ഞങ്ങളെ ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നും ഞാന്‍ പോയാലും അവര്‍ക്കു തക്കതായ ശിക്ഷ ലഭിക്കണമെന്നും കുറിപ്പിലുണ്ട്.

2024 മാര്‍ച്ചില്‍ ഭര്‍ത്താവ് ടി കമല്‍ രാജ് (38), ഭര്‍ത്താവിന്റെ മാതാവ് ടി പ്രേമ (58) എന്നിവര്‍ക്കെതിരെ റീമ കണ്ണപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി സംസാരിച്ചെങ്കിലും പോലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെന്നു റീമയുടെ കുടുംബത്തിനു പരാതിയുണ്ട്. എന്നാല്‍, കമല്‍രാജിനും പ്രേമയ്ക്കുമെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തെന്നാണ് കണ്ണപുരം പോലീസിന്റെ വിശദീകരണം.