National
റഷ്യയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ കണ്ടെത്തി; ദുരൂഹത
ഈ വർഷം ഒക്ടോബർ 19-നാണ് വിദ്യാർഥിയെ ഉഫയിൽ നിന്ന് കാണാതായത്.
മാസ്കോ | റഷ്യയിലെ ഉഫ നഗരത്തിൽ നിന്ന് 19 ദിവസം മുൻപ് കാണാതായ 22 വയസ്സുള്ള ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം അണക്കെട്ടിൽ നിന്ന് കണ്ടെത്തി. രാജസ്ഥാനിലെ ആൾവാർ ലക്ഷ്മൺഗഡിലെ കഫൻവാഡ ഗ്രാമവാസിയായ അജിത് സിങ് ചൗധരി 2023-ലാണ് ബാഷ്കിർ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എം ബി ബി എസ്. കോഴ്സിന് ചേർന്നത്.
ഈ വർഷം ഒക്ടോബർ 19-നാണ് ഇദ്ദേഹത്തെ ഉഫയിൽ നിന്ന് കാണാതായത്. പാൽ വാങ്ങാൻ പോകുന്നു എന്ന് പറഞ്ഞാണ് വിദ്യാർഥി രാവിലെ 11 മണിയോടെ ഹോസ്റ്റലിൽ നിന്ന് പോയതെന്നും പിന്നീട് തിരികെ വന്നില്ലെന്നുമാണ് വിവരം. വൈറ്റ് നദിയോട് ചേർന്നുള്ള ഒരു അണക്കെട്ടിൽ നിന്നാണ് ചൗധരിയുടെ മൃതദേഹം കണ്ടെത്തിയത്.
റഷ്യയിലെ ഇന്ത്യൻ എംബസ്സി സംഭവത്തിൽ പ്രതികരിച്ചിട്ടില്ലെങ്കിലും വ്യാഴാഴ്ച ചൗധരിയുടെ മരണവിവരം കുടുംബത്തെ അറിയിച്ചതായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു.
ചൗധരിയുടെ വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ഷൂസുകൾ എന്നിവ 19 ദിവസം മുൻപ് നദീതീരത്ത് നിന്ന് കണ്ടെത്തിയിരുന്നുവെന്ന് മുൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആൾവാർ പറഞ്ഞു. ദുരൂഹമായ സാഹചര്യത്തിൽ കുട്ടിയ്ക്ക് എന്തോ അനിഷ്ട സംഭവം സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.
മൃതദേഹം ഇന്ത്യയിലെത്തിക്കാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സഹായം ചെയ്യണമെന്ന് കോൺഗ്രസ് നേതാവ് അഭ്യർഥിച്ചു. മരണത്തിന് പിന്നിലെ ദുരൂഹത പൂർണ്ണ ഗൗരവത്തോടെ അന്വേഷിക്കണം. കുടുംബത്തിന് മേലിൽ നിങ്ങളുടെ ഓഫീസുകൾക്ക് മുന്നിൽ ഓടേണ്ടിവരരുതെന്നും ആൾവാർ അദ്ദേഹം പറഞ്ഞു.



