Kerala
പതിനാറുകാരനെ പീഡിപ്പിച്ച ബേക്കല്‍ ഉപജില്ലാ ഓഫിസറെ സസ്‌പെന്‍ഡ് ചെയ്തു; ഏഴ് പേര്‍ അറസ്റ്റില്‍, ഏഴ് പേര്‍ക്കായി തിരച്ചില്‍
കേസിലെ മറ്റൊരു പ്രതി യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സിറാജ് ഒളിവിലാണ്

കാസര്‍കോട് | കാസര്‍കോട് പതിനാറുകാരനെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ സംഭവത്തില്‍ റിമാന്‍ഡിലായ ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെവി സൈനുദ്ദീനെ സസ്പെന്‍ഡ് ചെയ്തു. കേസില്‍ അറസ്റ്റിലായ ഏഴുപേരെ റിമാന്‍ഡ് ചെയ്തു. ഏഴുപേര്‍ക്കായി ചന്തേര പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂള്‍ വിദ്യാര്‍ഥിയെ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടാണ് പീഡിപ്പിച്ചത്.പതിനെട്ട് വയസ്സു കഴിഞ്ഞുവെന്ന് കാണിച്ചാണ് ഡേറ്റിങ് ആപ്പില്‍ റജിസ്റ്റര്‍ ചെയ്തത്. 14 പേര്‍ക്കെതിരെയാണ് കേസ്.
ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പടന്നക്കാട്ടെ കെവി സൈനുദ്ദീന്‍, വെള്ളച്ചാലിലെ സുകേഷ്, വടക്കേകൊവ്വലിലെ റയീസ്, കാരോളത്തെ അബ്ദുല്‍ റഹിമാന്‍, ചന്തേരയിലെ അഫ്‌സല്‍, ആര്‍പിഎഫ് ജീവനക്കാരന്‍ എരവിലെ ചിത്രരാജ്, തൃക്കരിപ്പൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പടന്നക്കാട് സ്വദേശി റംസാന്‍ എന്നിവരെയാണ് ഹോസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതി യൂത്ത് ലീഗ് നേതാവ് തൃക്കരിപ്പൂര്‍ വടക്കുമ്പാട്ടെ സിറാജ് ഒളിവിലാണ്. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. യൂത്ത് ലീഗിന്റെ തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ പ്രധാന ഭാരവാഹിയാണ് ഇയാള്‍. പ്രതികളില്‍ അഞ്ചുപേര്‍ കാസര്‍കോട് ജില്ലയ്ക്ക് പുറത്തുള്ളവരാണ്. നിലവില്‍ അഞ്ച് പൊലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. വിവിധ സ്ഥലങ്ങളില്‍ പീഡനം നടന്നതിനാലാണ് കേസുകള്‍ വിവിധ സ്റ്റേഷന്‍ പരിധിയിലായത്. ഡേറ്റിങ് ആപ് വഴിയാണ് കൗമാരക്കാരനുമായി പ്രതികള്‍ ബന്ധം സ്ഥാപിച്ചത്. രണ്ടു വര്‍ഷമായി പതിനാറുകാരന് പീഡനമേല്‍ക്കേണ്ടിവന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഒരാള്‍ ഇറങ്ങിയോടുന്നത് കുട്ടിയുടെ മാതാവ് കണ്ടിരുന്നു. തുടര്‍ന്ന് ചന്തേര പോലീസില്‍ പരാതി നല്‍കി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയില്‍നിന്നു വിവരം ശേഖരിച്ചതോടെയാണ് പീഡന വിവരങ്ങള്‍ പുറത്തുവന്നത്.