Connect with us

NIPAH

വവ്വാലുകളെ ഭയപ്പെടേണ്ടതില്ല; വേണ്ടത് ജാഗ്രത

കിണറുകളിലും ഗുഹകളിലും ആൾതാമസം കുറവുള്ള കെട്ടിടങ്ങളിലും പാലങ്ങളുടെ ചുവട്ടിലും കണ്ടുവരുന്നത് വലുപ്പം കുറഞ്ഞതും ചെറുപ്രാണികളെയും പല്ലികളെയും കഴിക്കുന്ന മറ്റിനം വവ്വാലുകൾ/ നരിച്ചീറുകൾ ആണ്.

Published

|

Last Updated

കോഴിക്കോട് | വവ്വാലുകൾ സസ്തനി വിഭാഗത്തിൽപെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു. നിപ്പാ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകൾ/ കടവാതിലുകൾ രോഗ ബാധിതരാവുകയോ ചാകുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല.

ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളിൽ ചേക്കേറുന്നവയുമാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ സമ്മർദം മൂലം ശരീരത്തിൽ ഉള്ള വൈറസിന്റെ തോത് കൂടുവാനും ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറം തള്ളപ്പെടാനും ഇതുമൂലം രോഗവ്യാപനം കൂടാനും ഇടയാകും. കിണറുകളിലും ഗുഹകളിലും ആൾതാമസം കുറവുള്ള കെട്ടിടങ്ങളിലും പാലങ്ങളുടെ ചുവട്ടിലും കണ്ടുവരുന്നത് വലുപ്പം കുറഞ്ഞതും ചെറുപ്രാണികളെയും പല്ലികളെയും കഴിക്കുന്ന മറ്റിനം വവ്വാലുകൾ/ നരിച്ചീറുകൾ ആണ്. മനുഷ്യരുടെ കൂടെ തന്നെ കാലാകാലങ്ങളായി ചേർന്ന് ജീവിച്ചുവരുന്ന വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കാമെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു.

നിപ്പാ വൈറസ് പ്രതിരോധങ്ങളിൽ വനം വകുപ്പിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി പ്രത്യേക സമിതി രൂപവത്കരിച്ചതായി വനം വന്യ ജീവി സംരക്ഷണ മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം ഉള്ളതായി പഠനങ്ങൾ തെളിയിച്ച സാഹചര്യത്തിൽ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളായതിനാൽ വവ്വാലുകളെ പിടികൂടുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകൾ ആവശ്യമാണ്. വവ്വാലുകളെ കുറിച്ചുള്ള ഗവേഷണം നടത്തിയ ശാസ്ത്രജ്ഞൻമാരുടേയും വെറ്ററിനറി ഡോക്ടർമാരുടേയും ഉപദേശവും ഇക്കാര്യത്തിൽ ആവശ്യമുള്ളതാണ്. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചതെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര സർക്കാറിൻ്റെ മൃഗസംരക്ഷണ വിദഗ്ധസംഘം നാളെ മുതൽ ജില്ലയിലെ നിപ്പാ ബാധിത പ്രദേശങ്ങളിൽ പഠനത്തിനായി എത്തും. കേരള മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസിൽ നിന്നും കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഡോക്ടർമാരും കേന്ദ്ര സംഘത്തോടൊപ്പം ചേരുമെന്ന് ജന്തു രോഗ നിയന്ത്രണ പദ്ധതി ജില്ലാ കോർഡിനേറ്റർ അറിയിച്ചു.

Latest