Connect with us

From the print

ബാലേന്ദ്ര ഷാ; ഹിമാലയൻ രാജ്യത്തിന്റെ പുതിയ നേതാവ്?

യുവാക്കളെ സ്വാധീനിച്ച് "ബാലൻ ഇഫക്ട്'

Published

|

Last Updated

കാഠ്മണ്ഠു | ജെൻ സീ പ്രക്ഷോഭത്തീയിൽ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ശർമ ഒലി രാജിവെച്ചതോടെ എല്ലാ കണ്ണുകളും കാഠ്മണ്ഠു മേയർ ബാലേന്ദ്ര ഷായിലേക്ക്. ബാലൻ എന്നറിയപ്പെടുന്ന തലസ്ഥാന നഗരിയുടെ 15ാമത് മേയറും സിവിൽ എൻജിനീയറും റാപ്പറുമായ ബാലേന്ദ്ര ഷായെയാണ് ഇടക്കാല പ്രധാനമന്ത്രിയായി ജെൻ സീ പ്രക്ഷോഭകർ ഉയർത്തിക്കാട്ടുന്നത്. ഇദ്ദേഹത്തിനായി വ്യാപക സാമൂഹിക മാധ്യമ ക്യാമ്പയിനാണ് നടക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് സമൂഹ മാധ്യമങ്ങൾക്കുള്ള നിരോധം പിൻവലിക്കപ്പെട്ടതോടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ്, യു ട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിംഗ് ആണ് ബാലേന്ദ്ര ഷാ.

1990ൽ ജനിച്ച ബാലേന്ദ്ര ഷാ സ്വതന്ത്രനായാണ് രാഷ്ട്രീയ പ്രവേശനം നടത്തിയത്. നേപ്പാളിൽ നിന്ന് സിവിൽ എൻജിനീയറിംഗ് പഠിച്ചിറങ്ങിയ അദ്ദേഹം കർണാടക ബെൽഗാവിയിലെ വിശ്വേശ്വരയ്യ ടെക്‌നോളജിക്കൽ സർവകലാശാലയിൽ നിന്ന് സ്ട്രക്ചറൽ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടി. രാഷ്ട്രീയത്തിലേക്കിറങ്ങും മുമ്പ് റാപ്പറായും ഗാനരചയിതാവായും തിളങ്ങി. തന്റെ സംഗീതത്തിലൂടെ അഴിമതിക്കും അസമത്വത്തിനും എതിരെ പോരാടി. ഇതോടെ യുവജനങ്ങൾക്കിടയിൽ ബാലൻ സ്റ്റാറായി മാറി.

2002ൽ കാഠ്മണ്ഡു മേയർ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്തി 61,000ത്തിൽ അധികം വോട്ടുകൾക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. നഗരത്തിലെ തെരുവുകൾ വൃത്തിയാക്കുക, പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്തുക, നികുതി വെട്ടിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പരിഷ്‌കാരങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടു. ഇതോടെ ‘ബാലൻ പ്രഭാവം’ കാഠ്മണ്ഡുവിന് പുറത്തേക്കും വ്യാപിച്ചു. മറ്റിടങ്ങളിലെ തിരഞ്ഞെടുപ്പുകളിലും യുവ സ്വതന്ത്ര സ്ഥാനാർഥികൾ ഉയർന്നുവന്നു. ഡോക്ടർമാർ, ഇ- കൊമേഴ്‌സ് സംരംഭകർ, പൈലറ്റുമാർ, കലാകാരന്മാർ, ഗവേഷക വിദ്യാർഥികൾ തുടങ്ങി സ്ഥാനാർഥി പട്ടികയിൽ യുവത്വം തിളങ്ങി. ഇത് പരമ്പരാഗത രാഷ്ട്രീയപ്പാർട്ടികൾക്ക് വലിയ വെല്ലുവിളി ഉയർത്തി. 2022 പാർലിമെന്റ് തിരഞ്ഞെടുപ്പിൽ നൂറുകണക്കിന് യുവ സ്ഥാനാർഥികൾ മത്സരത്തിനിറങ്ങി. തിരഞ്ഞെടുപ്പിന് ആഴ്ചകൾക്ക് മുമ്പ് രൂപവത്കരിച്ച രാഷ്ട്രീയ സ്വതന്ത്ര പാർട്ടിക്ക് കീഴിലായിരുന്നു ഇത്. ഫലം വന്നപ്പോൾ പാർലിമെന്റിലെ നാലാമത്തെ പുതിയ പാർട്ടിയാകാനും അവർക്കായി.
ടൈം മാഗസിന്റെ ‘ടോപ്പ് 100 എമർജിംഗ് ലീഡേഴ്സ്’ പട്ടികയിലും ഉൾപ്പെട്ടു. സുതാര്യവും ജനകീയവുമായ രാഷ്ട്രീയ ശൈലിയെ പ്രശംസിച്ച് ന്യൂയോർക്ക് ടൈംസ് ലേഖനവും പ്രസിദ്ധീകരിച്ചു. ഇതോടെ പൊതുജനങ്ങളുടെയും സാധാരണക്കാരുടെയും വലിയ പിന്തുണ നേടാനായി.

1950കളിലെ റാണ ഭരണകൂടത്തിന്റെ പതനം മുതൽ രാജവാഴ്ച നിർത്തലാക്കലും മാവോയിസ്റ്റ് വിമതരുടെ ഉദയവും വരെ പതിറ്റാണ്ടുകളായി രാഷ്ട്രീയ അസ്ഥിരത തുടരുന്ന നേപ്പാളിൽ ‘ബാലൻ ഇഫക്ട്’ മാറ്റത്തിന്റെ കാറ്റായി വീശുകയാണ്.

---- facebook comment plugin here -----

Latest