Connect with us

National

ജനാധിപത്യ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് രാജ്യത്തിന് ഏറ്റവും വലിയ ഭീഷണി: രാഹുൽ ഗാന്ധി

ചൈനയുടെ കേന്ദ്രീകൃത മാതൃകയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ വികേന്ദ്രീകൃതവും വൈവിധ്യമാർന്നതുമായ ഘടനയും ആഴത്തിലുള്ള ആത്മീയ പാരമ്പര്യങ്ങളും രാജ്യത്തിന് അതുല്യമായ ശക്തി നൽകുന്നുണ്ടെന്ന് രാഹുൽ ഗാന്ധി

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിമർശനവുമായി രംഗത്ത്. ഇത്തവണ കൊളംബിയയിൽ നിന്നാണ് അദ്ദേഹം വിമർശനത്തിന്റെ മൂർച്ച കൂട്ടിയത്. ഇ എ ഐ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളോട് സംസാരിക്കവെ, ജനാധിപത്യ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

“ഇന്ത്യ പല മതങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഭാഷകളുടെയും രാജ്യമാണ്. അവയ്‌ക്കെല്ലാം ജനാധിപത്യം ഇടം നൽകുന്നു. എന്നാൽ, ഇപ്പോൾ ജനാധിപത്യ വ്യവസ്ഥിതിക്ക് നേരെ എല്ലാ വശത്തുനിന്നും ആക്രമണം നടക്കുകയാണ്” – എഞ്ചിനീയറിംഗ് വിദ്യാർഥികളോട് സംസാരിക്കവെ രാഹുൽ പറഞ്ഞു.

ആഗോള ശക്തികളുടെ കിടമത്സരത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. പ്രധാന ഊർജ്ജ മാറ്റങ്ങൾക്കിടയിൽ എങ്ങനെയാണ് സാമ്രാജ്യങ്ങൾ ഉയർന്നുവന്നതെന്നും തകർന്നതെന്നും രാഹുൽ ഗാന്ധി വിശദീകരിച്ചു. കൽക്കരി-നീരാവി കാലഘട്ടം നിയന്ത്രിച്ചത് ബ്രിട്ടനാണെങ്കിൽ എണ്ണയുടെയും അന്തർ ദഹന എഞ്ചിന്റെയും കാലഘട്ടത്തിൽ ആധിപത്യം സ്ഥാപിച്ചത് യു എസ് ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോൾ, ലോകം ഇലക്‌ട്രിക് മോട്ടോറുകളിലേക്കും ബാറ്ററി സാങ്കേതികവിദ്യയിലേക്കും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റത്തിന്റെ നിയന്ത്രണത്തിനായി ചൈനയും യു എസുമാണ് മത്സരിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.

ചൈനയുടെ കേന്ദ്രീകൃത മാതൃകയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ വികേന്ദ്രീകൃതവും വൈവിധ്യമാർന്നതുമായ ഘടനയും ആഴത്തിലുള്ള ആത്മീയ പാരമ്പര്യങ്ങളും രാജ്യത്തിന് അതുല്യമായ ശക്തി നൽകുന്നുണ്ടെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ചൈന ചെയ്യുന്നതുപോലെ ഇന്ത്യക്ക് അതിന്റെ ജനങ്ങളെ അടിച്ചമർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

യു എസ്സിനെക്കുറിച്ച് സംസാരിച്ച രാഹുൽ, ഡോണൾഡ് ട്രംപിന്റെ ധ്രുവീകരണ രാഷ്‌ട്രീയം ഏറ്റവും ദുർബലരായവരെയും പ്രത്യേകിച്ച് തൊഴിൽ രഹിതരെയും ലക്ഷ്യമിട്ടുവെന്ന് വ്യക്തമകാക്കി.

അതിനിടെ, രാഹുൽ ഗാന്ധിയുടെ പ്രസ്താവനകളെ വിമർശിച്ച് ബി ജെ പി എം പിയും നടിയുമായ കങ്കണ റണൗട്ട് രംഗത്തെത്തി. വിദേശ മണ്ണിൽ രാജ്യത്തെ രാഹുൽ ഗാന്ധി ആവർത്തിച്ച് അപമാനിക്കുകയാണെന്ന് കങ്കണ ആരോപിച്ചു.

Latest