Connect with us

attingal riot

ആറ്റിങ്ങല്‍ കലാപവും ചരിത്രത്തിലെ ഇടവും

മലബാറിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചുരുക്കം സമരങ്ങള്‍ക്കെങ്കിലും ചരിത്രത്തില്‍ ഇടം കിട്ടിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ തിരുവിതാംകൂറിലെ ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഏടുകള്‍ക്ക് സ്വാതന്ത്ര്യ സമര ചരിത്രകാരന്‍മാര്‍ യാതൊരു സ്ഥാനവും നാളിതുവരെ നല്‍കിയിട്ടില്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരായി രാജ്യത്ത് തന്നെ ആദ്യം നടന്ന വലിയൊരു പോരാട്ടമായിരുന്നു ആറ്റിങ്ങല്‍ കലാപം.

Published

|

Last Updated

ന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ സുപ്രധാനമായ ഒരേടാണ് 1721ലെ ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരായ ആറ്റിങ്ങല്‍ കലാപം. മലബാറിലെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട ചുരുക്കം സമരങ്ങള്‍ക്കെങ്കിലും ചരിത്രത്തില്‍ ഇടം കിട്ടിയിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ തിരുവിതാംകൂറിലെ ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഏടുകള്‍ക്ക് സ്വാതന്ത്ര്യ സമര ചരിത്രകാരന്‍മാര്‍ യാതൊരു സ്ഥാനവും നാളിതുവരെ നല്‍കിയിട്ടില്ല.

മൂന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അന്നത്തെ വേണാടിന്റെ തലസ്ഥാനമായ ആറ്റിങ്ങലില്‍ നടന്ന ബ്രിട്ടീഷുകാര്‍ക്കെതിരായ രക്തരൂക്ഷിതമായ പോരാട്ടമാണ് ആറ്റിങ്ങല്‍ കലാപമെന്നറിയപ്പെടുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉടമസ്ഥതയിലുള്ള അഞ്ചുതെങ്ങ് കോട്ടയുടെ അധിപതിയായ വില്യം ഗിഫോര്‍ട്ടിന്റെ കിരാതമായ നടപടികള്‍ക്കെതിരായ തദ്ദേശവാസികളുടെ ശക്തമായ പ്രതിഷേധം തന്നെയായിരുന്നു ഈ കലാപത്തിന്റെ അടിസ്ഥാന കാരണം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരായി രാജ്യത്ത് തന്നെ ആദ്യം നടന്ന വലിയൊരു കലാപമായിരുന്നു ഇത്. പക്ഷേ ചരിത്രത്തില്‍ ആ ഗൗരവം ഈ കലാപത്തിന് ലഭിക്കാതെ പോയെന്നേയുള്ളൂ.

ആറ്റിങ്ങല്‍ കേന്ദ്രമായ വേണാടില്‍ 12, 13, 14 നൂറ്റാണ്ടുകളില്‍ ഇവിടുത്തെ കച്ചവടത്തില്‍ പ്രധാന ഇടനിലക്കാരായി നിന്നിരുന്നത് മുസ്‌ലിംകളായിരുന്നു. ഇവര്‍ക്കൊപ്പം ഇടനില കച്ചവടത്തില്‍ ഈഴവരും നിലയുറപ്പിച്ചിരുന്നു. വേണാട്ടില്‍ അന്ന് ശക്തമായ അയിത്താചാരങ്ങളും ജാതി കോയ്മകളും തീണ്ടലും തൊടീലും എല്ലാ കൊടികുത്തിവാഴുന്ന സമയമായിരുന്നെങ്കിലും ഈ പ്രദേശത്തെ വാണിജ്യ-വ്യാപാര ഏര്‍പ്പാടുകളെയൊന്നും ഇത് ബാധിച്ചിരുന്നില്ല. ആദ്യം അറബികളാണ് ഈ മേഖലയില്‍ വ്യാപാര ബന്ധം നടത്തിയിരുന്ന വിദേശികള്‍. വാസ്‌കോഡി ഗാമയുടെ കേരളത്തിലേക്കുള്ള വരവിനു ശേഷം പോര്‍ച്ചുഗീസുകാരും ഡച്ചുകാരുമെല്ലാം വേണാടുമായി വളരെ വിപുലമായ വ്യാപാര ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു. വ്യാപാര മത്സരത്തിന്റെ ഭാഗമായി ഡച്ചുകാരും പോര്‍ച്ചുഗീസുകാരും തമ്മിലുള്ള സംഘട്ടനങ്ങളും സാധാരണമായിരുന്നു.
17ാം നൂറ്റാണ്ടില്‍ വേണാട് ഭരണാധികാരി ഉമയമ്മ റാണിയുടെ ഭരണ കാലത്താണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ പ്രദേശത്തെത്തുകയും വ്യാപാരം ശക്തമായി തുടങ്ങുകയും ചെയ്തത്. ഉമയമ്മ റാണി നേരിട്ട് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ക്ഷണിച്ചതായും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1694 ജൂണ്‍ മാസം 29ാം തീയതി ഉമയമ്മ റാണി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അഞ്ചുതെങ്ങില്‍ ഒരു കോട്ട കെട്ടാനും കുരുമുളക് ഉള്‍പ്പെടെയുള്ള ഇതര നാണ്യവിളകളുടെ കുത്തക സംഭരണത്തിനും വ്യാപാരത്തിനും അനുമതി നല്‍കുകയും ചെയ്തു.

അഞ്ചുതെങ്ങ് കോട്ടയുടെ അധിപതികളായി നിയമിതരായ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥന്‍മാര്‍ തികഞ്ഞ അഴിമതിക്കാരും ജനദ്രോഹികളുമായിരുന്നു. നാട്ടുകാരെ ദ്രോഹിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ഇവര്‍ക്കൊരു വിനോദമായിരുന്നു. ആറ്റിങ്ങല്‍ കലാപത്തിന് സാഹചര്യമൊരുക്കിയ അഞ്ചുതെങ്ങ് കോട്ടയുടെ അധിപന്‍ വില്യം ഗിഫോര്‍ഡ് 1719ലാണ് ചുമതലയേറ്റത്. ഭാര്യ കാതറീന്‍ ഗിഫോര്‍ഡിനോടൊപ്പം ഇവിടെയെത്തിയ അദ്ദേഹം എല്ലാവിധ വഞ്ചനകളും കള്ളത്തരങ്ങളും നടത്തി. കമ്പനിക്ക് വാങ്ങിക്കൂട്ടിയ കുരുമുളകിന്റെ തൂക്കത്തിലും അളവിലും വെട്ടിപ്പ് നടത്തിയിരുന്നത് ഗിഫോര്‍ഡിന്റെ അനുയായിയും പറങ്കിയുമായ ഇഗ്നേഷ്യോ മലറിയോസ് എന്നയാളായിരുന്നു. ഇതിനെതിരെ ആറ്റിങ്ങലില്‍ പുതിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് വഴിതെളിഞ്ഞു. പീഡിതരായ അവര്‍ണ വിഭാഗക്കാരും മുസ്‌ലിംകളും ഒറ്റക്കെട്ടായി സംഘടിക്കാനും തുടങ്ങി. ഈ സമയത്ത് അഞ്ചുതെങ്ങ് കോട്ടയുടെ സമീപത്ത് കച്ചവടക്കാരുടെയും മത്സ്യത്തൊഴിലാളികളുടെയും ഹിന്ദു സമുദായത്തില്‍പ്പെട്ട മറ്റ് ചിലരുടെയും മൃതദേഹങ്ങള്‍ വെടികൊണ്ട പാടുകളുമായി കരക്കടിഞ്ഞു. നിരപരാധികളും സാധുക്കളുമായിരുന്ന സാധാരണ ജനത്തിന് നേരേ മദ്യാസക്തിയില്‍ വിനോദമെന്നോണം വെടിവെച്ചു രസിക്കുന്ന ബ്രിട്ടീഷ് നരാധമന്‍മാര്‍ക്ക് നേരേ വിദ്വേഷം ആളിക്കത്തി. ചിറയിന്‍കീഴിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ മേല്‍ശാന്തി പൂജാരി ബ്രാഹ്‌മണനെ ഇംഗ്ലീഷുകാരുടെ കുതിരപ്പട്ടാളം വളയുകയും ബലാത്കാരമായി അഞ്ചുതെങ്ങ് കോട്ടയില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ശക്തമായ ജനരോഷം ആളിപ്പടരാന്‍ ഇടയാക്കി. ഹിന്ദുക്കളും മുസ്‌ലിംകളും അവര്‍ണനെന്നോ സവര്‍ണനെന്നോ വ്യത്യാസമില്ലാതെ തന്നെ ബ്രിട്ടീഷുകാര്‍ക്കെതിരെ സംഘടിക്കാന്‍ നിര്‍ബന്ധിതരായി. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ കുടമണ്‍ പിള്ളയുടെ സഹായം ഇവര്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.

കുടമണ്‍ പിള്ളക്ക് വലിയൊരു കളരി അന്നുണ്ടായിരുന്നു. വീരമാര്‍ത്താണ്ഡന്റെയും മണമേല്‍ ഗുരുക്കളുടെയും നേതൃത്വത്തില്‍ അതികഠിനമായ പരിശീലനമാണ് അവിടെ നല്‍കിയിരുന്നത്. ഈ കളരിയില്‍ തന്നെ നാട്ടുകാരും അഭ്യാസ മുറകള്‍ സ്വായത്തമാക്കി. രാത്രികാലങ്ങളിലാണ് പരിശീലനം നടന്നിരുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരായി ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കുടമണ്‍ പിള്ളയും ധീരരായ നാട്ടുകാരും. അതിനിടെ, ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ പാരിതോഷികങ്ങളും കുടിശ്ശിക കപ്പവുമായി ആറ്റിങ്ങല്‍ റാണിയെ കാണാന്‍ 1721 ഏപ്രില്‍ മാസം 14ാം തീയതി ഗിഫോര്‍ഡിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ കൊട്ടാരത്തിലേക്ക് ജലമാര്‍ഗം പുറപ്പെട്ടു. കമ്പനി ഉദ്യോഗസ്ഥന്‍മാരും പട്ടാളക്കാരും നാട്ടുകാരുമടക്കം വലിയൊരു സംഘമായിരുന്നു ഇത്. റാണിയെക്കണ്ട് പാരിതോഷികങ്ങളും നല്‍കി സംഘം മടക്കയാത്രക്കായി തിരിച്ചു.

ബ്രിട്ടീഷുകാര്‍ക്കെതിരായ കടന്നാക്രമണത്തിന് തയ്യാറായി കുടമണ്‍ പിള്ളയും യോദ്ധാക്കളും നദിയിലും കരയിലുമായിത്തന്നെ ഉണ്ടായിരുന്നു. കുടമണ്‍ പിള്ളയുടെ സൈന്യത്തെ കൂടാതെ മുസ്‌ലിം സൈന്യവും അവിടെ എത്തിയിരുന്നു. മിന്നല്‍ വേഗത്തില്‍ നടത്തിയ ആക്രമണത്തില്‍ 151 ഇംഗ്ലീഷുകാരും തദ്ദേശീയരായ ആറ് ഇംഗ്ലീഷ് പടയാളികളും മരിച്ചുവീണു. ഗിഫോര്‍ഡും കൂട്ടാളികളും ഒന്നടങ്കം കൊല്ലപ്പെട്ടു. ബ്രിട്ടനിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയെ ഞെട്ടിപ്പിക്കുകയും ഭയവിഹ്വലരാക്കുകയും ചെയ്ത സംഭമായിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍ ഇതില്‍ നിന്ന് കാര്യമായ ഒരു പാഠവും പഠിക്കാന്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും സാമ്രാജ്യത്വവും തയ്യാറായില്ലെന്നുള്ളത് എടുത്തുപറയേണ്ടതാണ്. ഇന്ത്യയിലെ സ്വാതന്ത്ര്യ ദാഹികളായ ജനകോടികള്‍ക്ക് എന്നും ആവേശം പകര്‍ന്നു നല്‍കുന്ന ഒന്നാണ് ഈ കലാപമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവും ഇല്ല.

രാജ്യത്തെ ജനതയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രം വളരെ ആവേശകരമായ ഒരേടാണ്. ഇന്ത്യയില്‍ ബ്രിട്ടീഷ് ആധിപത്യത്തിന് വഴിയൊരുക്കിയ കര്‍ണാട്ടിക് യുദ്ധങ്ങള്‍ക്കും ബംഗാള്‍ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനെതിരെ നടന്ന പ്ലാസി യുദ്ധത്തിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ വേണാടിലെ ആറ്റിങ്ങലിലെ ജനങ്ങള്‍ തങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനും പാരതന്ത്ര്യം അടിച്ചേല്‍പ്പിക്കാനുമുള്ള വെള്ളക്കാരുടെ ശ്രമങ്ങള്‍ക്കെതിരെ നടത്തിയ രക്തപങ്കിലമായ കലാപം തന്നെയായിരുന്നു ആറ്റിങ്ങല്‍ കലാപം. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഔദ്യോഗികമായി തന്നെ ഈ കലാപം അംഗീകരിക്കപ്പെടുകയും സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428