e bull jet issue
ഇ ബുള്‍ ജെറ്റ് സഹോദരങ്ങളുടെ അറസ്റ്റ്: പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ കേസ്
സാമൂഹ്യ മധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്തു എന്നതിനാണ് കേസ്
കണ്ണൂര്‍ | ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ അറസ്റ്റിന് പിന്നാലെ പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവര്‍ക്കെതിരെ കണ്ണൂര്‍ സൈബര്‍ പോലീസ് കേസെടുത്തു. സാമൂഹ്യ മധ്യമങ്ങള്‍ വഴി കലാപത്തിന് ആഹ്വാനം ചെയ്തു എന്നതിനാണ് കേസ്. പ്രകോപനപരമായ വീഡിയോ അപ്ലോഡ് ചെയ്തവരെ കുറിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. അതേ സമയം ഇരിട്ടി കിളിയന്തറ സ്വദേശികളായ ലിബിനിന്റെയും എബിന്റെയും ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ഈ മാസം 24 ന് വിശദമായി വാദം കേള്‍ക്കും.
ഇ ബുള്‍ ജെറ്റ് വിവാദത്തില്‍ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകള്‍ പരിശോധിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷ്ണര്‍ ആര്‍ ഇളങ്കോ നേരത്തെ വ്യക്തമാക്കിയിരുന്നു. പരസ്യമായി അസഭ്യം പറയുന്നത് കുട്ടികളായാലും കര്‍ശന നടപടിയെടുക്കുമെന്നാണ് കമ്മീഷണറുടെ നിലപാട്.
കഴിഞ്ഞ ദിവസമാണ് വ്‌ലോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കലക്ടറേറ്റില്‍ ആര്‍ ടി ഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയതിനായിരുന്നു നടപടി. റിമാന്‍ഡിലായിരുന്ന ഇരുവരും ഇപ്പോള്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.




