Kerala
ആര്‍മി റിക്രൂട്ട്മെന്റ് റാലി; സെപ്തംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടത്ത്
എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ഉദ്യോഗാര്‍ത്ഥികളാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നത്.

തിരുവനന്തപുരം| ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ആര്‍മി റിക്രൂട്ട്മെന്റ് റാലി സെപ്തംബര്‍ 10 മുതല്‍ 16 വരെ നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തില്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് റിക്രൂട്ട്മെന്റ് റാലി നടത്തുന്നത്. എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ ഉദ്യോഗാര്‍ത്ഥികളാണ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നത്. ഏഴ് ജില്ലകളില്‍ നിന്നായി 3000ല്‍ അധികം ഉദ്യോഗാര്‍ഥികള്‍ റാലിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സെപ്തംബര്‍ 10 ന് ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നായി ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിനായി 642 ഉദ്യോഗാര്‍ത്ഥികളും 11ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ നിന്നായി 788 പേരും, 12 ന് കൊല്ലം ജില്ലയില്‍ നിന്ന് 829 പേരും, 13ന് ഏഴ് ജില്ലകളില്‍ നിന്നായി ടെക്‌നിക്കല്‍ സ്റ്റാഫ് വിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പിനായി 843 പേരും പങ്കെടുക്കും. 14ന് 13ാം തീയതിയിലെ ഫിസിക്കല്‍ ടെസ്റ്റില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്തും. 15ന് ജനറല്‍ ഡ്യൂട്ടിക്കുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പാരാ റെജിമെന്റിലേക്ക് പോകാന്‍ താത്പര്യമുള്ളവര്‍ക്ക് 5 കി.മീ റണ്‍ചേസ് നടത്തും. 16ന് റിക്രൂട്ട്‌മെന്റ് റാലി പായ്ക്കപ്പ് ചെയ്യും.
റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ പുലര്‍ച്ചെ 4 മണിക്ക് പഞ്ചായത്ത് ടൗണ്‍ ഹാളില്‍ എത്തിച്ചേരണം. അഡ്മിറ്റ് കാര്‍ഡ് സ്‌കാന്‍ ചെയ്തതിനുശേഷം 100 പേരുടെ ബാച്ചുകളായി തിരിച്ച് നെടുങ്കണ്ടം സിന്തറ്റിക് ഗ്രൗണ്ടില്‍ പ്രവേശിപ്പിക്കും. രാവിലെ 5ന് ഫിസിക്കല്‍ ടെസ്റ്റ് ആരംഭിക്കും. ഫിസിക്കല്‍ ടെസ്റ്റില്‍ വിജയിക്കുന്നവര്‍ക്ക് മെഡിക്കല്‍ ടെസ്റ്റും നടത്തും. 120 ആര്‍മി ഉദ്യോഗസ്ഥര്‍ക്കാണ് റിക്രൂട്ട്മെന്റ് റാലിയുടെ നടത്തിപ്പ് ചുമതല.
റാലിക്കെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ ഉണ്ടാകും. റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നെടുംകണ്ടം രാമക്കല്‍മേട് എന്നിവടങ്ങളില്‍ ന്യായമായ നിരക്കില്‍ താമസ സൗകര്യം ലഭ്യമാക്കും. ഇതിനായി നെടുംകണ്ടത്തെ വ്യാപാരി വ്യവസായി സംഘനാ പ്രതിനിധികളും രാമക്കല്‍മെട്ടിലെ സ്വകാര്യ റിസോര്‍ട്ട് ഉടമകളുമായി ജില്ലാ ഭരണ കൂടം നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. രാമക്കല്‍ മേട്ടില്‍ താമസ സൗകര്യം ആവശ്യമുള്ള ഉദ്യോഗാര്‍ഥികള്‍ 9526836718, 9447232276 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.