National
ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ നിർമ്മിക്കുക ഇന്ത്യയിൽ
ഫോൾഡബിൾ ഐഫോൺ പുറത്തിറക്കുന്നതിലൂടെ ഫോണുകളുടെ ആവശ്യം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ആപ്പിൾ പ്രതീക്ഷിക്കുന്നത്.

ന്യൂഡൽഹി | ആപ്പിളിന്റെ ഫോൾഡബിൾ ഐഫോൺ ഇന്ത്യയിൽ നിർമ്മിക്കാൻ പദ്ധതി. അടുത്ത വർഷം ഫോൾഡബിൾ ഐഫോണുകൾ പുറത്തിറക്കാനൊരുങ്ങുന്ന ആപ്പിൾ, ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റാൻ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഈ വിഷയത്തിൽ വിതരണക്കാരുമായി കമ്പനി ചർച്ചകൾ ആരംഭിച്ചതായി ജാപ്പനീസ് മാധ്യമമായ നിക്കെയ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. തായ്‌വാനിൽ ഒരു പരീക്ഷണ നിർമ്മാണ പ്ലാന്റ് സ്ഥാപിച്ച ശേഷം ഇന്ത്യയിൽ വൻതോതിൽ ഉത്പാദനം നടത്താനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്.
തായ്‌വാനിലെ നോർത്തേൺ തായ്‌വാൻ മേഖലയിൽ ഇതിനായി സ്ഥലങ്ങൾ ആപ്പിളിന്റെ വിതരണക്കാർ പരിശോധിച്ചു. എന്നാൽ, സ്ഥലപരിമിതിയും തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ടും ഇവിടെ വെല്ലുവിളികളാണ്. പരീക്ഷണ പ്ലാന്റിന് ഏകദേശം 1000 തൊഴിലാളികളെ ആവശ്യമായി വരുമെന്നാണ് റിപ്പോർട്ട്. പരീക്ഷണ നിർമ്മാണം തായ്‌വാനിൽ പൂർത്തിയാക്കിയ ശേഷം, ഇതേ മാതൃക ഇന്ത്യയിൽ നടപ്പിലാക്കി വൻതോതിൽ ഉത്പാദനം ആരംഭിക്കാനാണ് പദ്ധതി. ഇത് ഇന്ത്യയിലെ ഉത്പാദനത്തിന് ആവശ്യമായ സമയം കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കാനും സഹായിക്കും.
ഫോൾഡബിൾ ഐഫോൺ പുറത്തിറക്കുന്നതിലൂടെ ഫോണുകളുടെ ആവശ്യം വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് ആപ്പിൾ പ്രതീക്ഷിക്കുന്നത്. 2026-ൽ ഏകദേശം 95 ദശലക്ഷം ഐഫോണുകൾ ഉത്പാദിപ്പിക്കാനാണ് കമ്പനിയുടെ പ്രാഥമിക പദ്ധതി. ഇത് കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് 10% അധികമാണ്.
ചൈനയും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളും ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങളും കാരണം ആപ്പിൾ തങ്ങളുടെ ഉത്പാദനം ചൈനയിൽ നിന്ന് മാറ്റാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഉത്പാദനശേഷി വർദ്ധിപ്പിക്കാൻ ശ്രമിക്കുമ്പോഴും, ചൈനയിൽ നിന്ന് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നതിനും ചൈനീസ് എൻജിനീയർമാരെ നിയമിക്കുന്നതിനും ആപ്പിളിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ വിതരണക്കാരുമായി സഹകരിക്കാനും തായ്‌വാനിൽ നിന്ന് പുതിയ ടൂൾ വിതരണക്കാരെ കൊണ്ടുവരാനും ആപ്പിൾ ശ്രമിക്കുന്നുണ്ട്.