Connect with us

Ongoing News

വിനേഷ് ഫോഗട്ടിന്റെ അപ്പീല്‍; വിധി നാളെ

വനിതാ വിഭാഗം ഗുസ്തി 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിനേഷിന് അയോഗ്യത കല്‍പ്പിക്കപ്പെട്ടത്.

Published

|

Last Updated

പാരീസ് | ഒളിംപിക്‌സില്‍ വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്ന് കാണിച്ച് ഇന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് കായിക കോടതി നാളത്തേക്കു മാറ്റി. ഒളിംപിക്‌സിന്റെ സമാപനത്തോടെ തന്നെ തീരുമാനമുണ്ടാകുമെന്നാണ് കോടതി നേരത്തെ പറഞ്ഞിരുന്നതെങ്കിലും മധ്യസ്ഥനായ അന്നബെല്ലെ ബെന്നറ്റിന് കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. അസാധാരണ സന്ദര്‍ഭങ്ങളില്‍ സമയപരിധി നീട്ടിനല്‍കാറുണ്ടെന്ന് കോടതി പറഞ്ഞു.

വനിതാ വിഭാഗം ഗുസ്തി 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഇനത്തില്‍ ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വിനേഷിന് അയോഗ്യത കല്‍പ്പിക്കപ്പെട്ടത്. ഇതോടെ സെമിയില്‍ വിനേഷ് പരാജയപ്പെടുത്തിയിരുന്ന ഗുസ്മന്‍ ലോപസ് ഫൈനല്‍ ബെര്‍ത്ത് നേടുകയായിരുന്നു. കലാശത്തില്‍ ലോപസിനെ പരാജയപ്പെടുത്തി അമേരിക്കയുടെ സാറ ഹില്‍ഡെബ്രാന്‍ഡ് സ്വര്‍ണം നേടി. 3-0ത്തിനായിരുന്നു സാറയുടെ വിജയം.

ഒളിംപിക്‌സില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ വിനേഷ് ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ‘എന്റെ ധൈര്യം തകര്‍ന്നിരിക്കുന്നു. എനിക്കിനി കൂടുതല്‍ ശക്തിയില്ല. ഗുസ്തിയോട് വിട.’ ഇതായിരുന്നു വിനേഷിന്റെ പ്രഖ്യാപനം.