Connect with us

Editorial

ഉത്തരക്കടലാസുകളും ഗുരുതര അശ്രദ്ധകളും

Published

|

Last Updated

വിദ്യാര്‍ഥികളുടെ ഭാവി നിര്‍ണയിക്കുന്ന സുപ്രധാന ഘടകമാണ് ഡിഗ്രി പരീക്ഷകള്‍. വര്‍ഷങ്ങളുടെ കഠിനാധ്വാനത്തിനു ശേഷമാണ് വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത്. അതീവ ശ്രദ്ധയോടെയും ജാഗ്രതയോടെയും കൈകാര്യം ചെയ്യേണ്ടതാണ് ഇത്തരം പരീക്ഷകളും തുടര്‍ നടപടികളും. എന്നാല്‍ പലപ്പോഴും തീര്‍ത്തും അലസവും നിരുത്തരവാദപരവുമാണ് അധ്യാപകരുടെയും സര്‍വകലാശാലാ അധികൃതരുടെയും സമീപനം. ചോദ്യപേപ്പര്‍ ചോര്‍ച്ച, ചോദ്യപേപ്പറുകളില്‍ ഗുരുതര തെറ്റുകള്‍, ഉത്തരക്കടലാസുകള്‍ നഷ്ടപ്പെടല്‍, അലസമായി മാര്‍ക്കിടല്‍ തുടങ്ങിയ സംഭവങ്ങള്‍ സര്‍വകലാശാലാ പരീക്ഷകളുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വിവാദത്തിലിരിക്കുന്ന, കേരള സര്‍വകലാശാലയിലെ ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവം ഇതിലൊന്ന് മാത്രം.

കേരള സര്‍വകലാശാല 2022-24 ബാച്ചിലെ 71 എം ബി എ വിദ്യാര്‍ഥികളുടെ, പത്ത് മാസം മുമ്പ് നടന്ന മൂന്നാം സെമസ്റ്റര്‍ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തിയ പാലക്കാട് സ്വദേശിയായ അധ്യാപകന്റെ പക്കല്‍ നിന്നാണ് അതെവിടെയോ വീണുപോയത്. പരീക്ഷ പൂര്‍ത്തിയായ ശേഷം ബണ്ടിലുകളായി തിരിക്കുന്ന ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിന് സര്‍വകലാശാലയില്‍ നിന്ന് അധ്യാപകരെ ഏല്‍പ്പിക്കുകയാണ് പതിവ്. ഇത് വീട്ടില്‍ കൊണ്ടുപോയി മൂല്യനിര്‍ണയം നടത്താനും അനുമതി നല്‍കാറുണ്ട്. ഇങ്ങനെ കൊണ്ടുപോകുമ്പോഴാണത്രെ വഴിയിലെവിടെയോ വീണുപോയത്. ജനുവരി 13ന് രാത്രി ബൈക്കില്‍ യാത്ര ചെയ്യുമ്പോഴാണ് നഷ്ടപ്പെട്ടതെന്നും ഹൈവേ ആയതിനാല്‍ പേപ്പര്‍ പോയത് അറിഞ്ഞില്ലെന്നുമാണ് അധ്യാപകന്റെ വിശദീകരണം.

നഷ്ടപ്പെട്ട 71 ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്താന്‍ സാധിക്കാത്തതിനാല്‍ ഇതുവരെയും ഫലപ്രഖ്യാപനം നടത്താനായിട്ടില്ല. പരീക്ഷ വീണ്ടും നടത്തുക മാത്രമാണ് ഇനി സര്‍വകലാശാലയുടെ മുമ്പിലുള്ള മാര്‍ഗം. ഏപ്രില്‍ ഏഴിന് പുനഃപരീക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പരീക്ഷക്ക് വിദ്യാര്‍ഥികളില്‍ നിന്ന് ഫീസ് ഈടാക്കേണ്ടതില്ലെന്നും പരീക്ഷാ നടത്തിപ്പിന്റെ ചെലവ് സര്‍വകലാശാല തന്നെ വഹിക്കാനുമാണ് തീരുമാനം. ഉപരിപഠനാവശ്യാര്‍ഥം വിദേശ രാഷ്ട്രങ്ങളിലേക്ക് പോയവരും ജോലിക്ക് അപേക്ഷിച്ച് ഇന്റര്‍വ്യൂ കാത്തുകഴിയുന്നവരുമുണ്ട് ഉത്തരക്കടലാസുകള്‍ നഷ്ടമായവരില്‍. പുനഃപരീക്ഷാ പ്രഖ്യാപനവും ഫലപ്രഖ്യാപനത്തിലെ കാലതാമസവും ഇവരെ പ്രയാസത്തിലാക്കും.

അധ്യാപകന്റെ ഗുരുതരമായ വീഴ്ച മൂടിവെക്കാനും ഉത്തരക്കടലാസ് നഷ്ടപ്പെട്ട കാര്യം പുറത്തുപറയാതെ പുനഃപരീക്ഷ നടത്തി പ്രശ്‌നം ഒതുക്കാനുമായിരുന്നു തുടക്കത്തില്‍ സര്‍വകലാശാലാ അധികൃതരുടെ നീക്കം. സംഭവം വാര്‍ത്തയായതോടെയാണ് നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ അധികൃതര്‍ തുനിഞ്ഞത്. ഇതുസംബന്ധിച്ച് ഡി ജി പിക്ക് പരാതി നല്‍കിയിരിക്കുകയാണ് യൂനിവേഴ്‌സിറ്റി രജിസ്ട്രാര്‍. സംഭവത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. അനന്തര നടപടികളെക്കുറിച്ചാലോചിക്കാന്‍ ഏപ്രില്‍ ഒന്നിന് പരീക്ഷാ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

നേരത്തേ കാലിക്കറ്റ് സര്‍വകലാശാലയിലും കാലടി സംസ്‌കൃത സര്‍വകലാശാലയിലും കണ്ണൂര്‍ സര്‍വകലാശാലയിലും ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്്. കാലിക്കറ്റ് സര്‍വകലാശാലയില്‍ 2020 ഏപ്രില്‍ ഒന്നിന് പരീക്ഷ എഴുതിയ 60 ബി എ അഫ്‌സലുല്‍ ഉലമ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടമായത്. ഇവര്‍ക്ക് വീണ്ടും പരീക്ഷ നടത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. കാലടി സര്‍വകലാശാലയില്‍ 2021ല്‍ പി ജി സംസ്‌കൃതം വിഭാഗത്തിലെ 276 ഉത്തരക്കടലാസുകളാണ് കാണാതായത്. ദിവസങ്ങള്‍ക്കു ശേഷം നഷ്ടപ്പെട്ട പേപ്പര്‍ തിരിച്ചുകിട്ടി. അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് ഈ സംഭവത്തിനു പിന്നിലെന്നാണ് പോലീസ് നിഗമനം. 2019ല്‍ കേരള സര്‍വകലാശാലയില്‍ ബി എ, ബി എസ് സി, എം എസ് സി, ബി-ടെക് പരീക്ഷയെഴുതിയ 45 വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായിരുന്നു. ഇതേത്തുടര്‍ന്ന് പരീക്ഷകള്‍ വീണ്ടും നടത്തേണ്ടി വന്നു.
കോഴിക്കോട് സര്‍വകലാശാലയില്‍ രണ്ട് വര്‍ഷം മുമ്പ് ബി എസ് സി ഫിസിക്‌സ് നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷ എഴുതിയ മുക്കം മണാശ്ശേരി എം എ എം ഒ കോളജിലെ രണ്ട് വിദ്യാര്‍ഥികള്‍ക്കുണ്ടായ അനുഭവം ഇതേക്കാള്‍ ദുരിതപൂര്‍ണമാണ്. പരീക്ഷാഫലം നോക്കിയപ്പോള്‍ “വിത്‌ഹെല്‍ഡ്’ (ഫലം തടഞ്ഞു) എന്നാണ് കണ്ടത്. സര്‍വകലാശാലയില്‍ ചെന്ന് തിരക്കിയപ്പോള്‍ “ഉത്തരക്കടലാസുകള്‍ ലഭിച്ചിട്ടില്ല. ഒരിക്കല്‍ കൂടി പരീക്ഷ എഴുതിക്കോളൂ. പരീക്ഷാ ഫീസ് ഒഴിവാക്കിത്തരാം’ എന്നായിരുന്നു മറുപടി. രണ്ട് പേരും വീണ്ടും പരീക്ഷ എഴുതി. ഇതിന്റെ ഫലം വന്നപ്പോഴും “വിത്‌ഹെല്‍ഡ്’ തന്നെ. രണ്ടാമതെഴുതിയ പരീക്ഷയില്‍ തോറ്റെന്നും വീണ്ടും പരീക്ഷ എഴുതാനായി, തടഞ്ഞുവെച്ച ഫലം പ്രസിദ്ധീകരിക്കാമെന്നുമായിരുന്നു അധികൃതരുടെ അന്നേരത്തെ പ്രതികരണം.

വിദ്യാര്‍ഥികളെ വട്ടംകറക്കുകയും ജോലിസാധ്യതയും ഉപരി പഠനവും അവതാളത്തിലാക്കുകയുമാണ് മൂല്യനിര്‍ണേതാക്കളുടെയും സര്‍വകലാശാലാ അധികൃതരുടെയും നിരുത്തരവാദപരമായ ഇത്തരം പ്രവര്‍ത്തനങ്ങളുടെ അനന്തരഫലം. കര്‍ശനമായ നിയമ-ശിക്ഷാ നടപടികളില്ലാത്തതാണ് ഇടയ്ക്കിടെ ഇതാവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ടാല്‍ കര്‍ശന ശിക്ഷ നിര്‍ദേശിക്കുന്നുണ്ട് സര്‍വകലാശാല പരീക്ഷാ മാന്വല്‍. മാന്വല്‍ അനുസരിച്ച് ഒരു ഉത്തരക്കടലാസ് നഷ്ടമായാല്‍ അതാത് ക്യാമ്പില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരും ഉത്തരവാദികളായിരിക്കും. ജീവനക്കാരില്‍ നിന്ന് 5,000 രൂപ വീതം പിഴ ഈടാക്കണം. അതേസമയം കേരള സര്‍വകലാശാലയില്‍ പല തവണ ഉത്തരക്കടലാസുകള്‍ കാണാതായിട്ടുണ്ടെങ്കിലും ഒരു തവണ കുറ്റക്കാരനായ ഉദ്യോഗസ്ഥനില്‍ നിന്ന് പുനഃപരീക്ഷ നടത്തുന്നതിനാവശ്യമായ 10,000 രൂപ പിഴ ഈടാക്കിയതൊഴിച്ചാല്‍ മറ്റു സംഭവങ്ങളിലെല്ലാം താക്കീത് നല്‍കല്‍, പരീക്ഷാ ഡ്യൂട്ടിയില്‍ നിന്ന് ഡീബാര്‍ ചെയ്യല്‍ തുടങ്ങി നാമമാത്രമായ ശിക്ഷാ നടപടി കൊണ്ട് അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് കേരള സര്‍വകലാശാലയുടെ 2022ലെ ഓഡിറ്റിംഗ് റിപോര്‍ട്ടില്‍ പറയുന്നത്.

Latest