Kerala
താമരശ്ശേരി ചുരത്തില്‍ വീണ്ടും അപകട ഭീഷണി; വാഹനങ്ങള്‍ കടന്നുപോകുന്നതിനിടെ പാറക്ഷണങ്ങള്‍ റോഡിലേക്ക് ഇടിഞ്ഞുവീഴുന്നു
താമരശ്ശേരി ചുരം അടച്ചു.

താമരശ്ശേരി| താമരശ്ശേരി ചുരം അപകടഭീഷണിയില്‍. ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന് സമീപം ഇന്ന് രാവിലെ പാറക്ഷണങ്ങളും മണ്ണും റോഡിലേക്ക് വീണു. ഇരുഭാഗത്തേക്കും വാഹനങ്ങള്‍ പോകുന്നതിനിടെയാണ് ചെറിയ പാറക്ഷണങ്ങള്‍ റോഡിലേക്ക് വീണത്. ഒരു വാഹനത്തിന്റെ തൊട്ടടുത്താണ് കല്ല് പതിച്ചത്. കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് പാറക്കൂട്ടങ്ങളും മണ്ണും ഇടിഞ്ഞു വീണിരുന്നു. ഇതെല്ലാം നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇന്ന് രാവിലെ വീണ്ടും പാറക്ഷണങ്ങളും മണ്ണും റോഡിലേക്ക് വീഴുകയായിരുന്നു.
താമരശ്ശേരി ചുരത്തില്‍ ശക്തമായ മഴയാണുള്ളത്. ചുരത്തില്‍ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. പുതിയതായി വരുന്ന വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി പോകുക എന്നതാണ് പോംവഴി. മണ്ണിടിച്ചില്‍ നടക്കുന്നതിനാല്‍ ചുരം വഴി ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചതായി താമരശ്ശേരി ഡി വൈ എസ് പി സുഷീര്‍ അറിയിച്ചു. അടിവാരത്തും, ലക്കിടിയിലും വാഹനങ്ങള്‍ തടയുമെന്നും ഡി വൈ എസ് പി അറിയിച്ചു. കോഴിക്കോട് ഭാഗത്തു നിന്നും വയനാട്ടിലേക്കുള്ള വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്ത് നിന്നും പോലീസ് കുറ്റ്യാടി വഴിതിരിച്ചുവിടുകയാണ്. മലപ്പുറം ഭാഗത്തു നിന്നും വയനാട്ടിലേക്ക് പോകുന്നവര്‍ നാടുകാണി ചുരം വഴി തിരിച്ചുവിടും