Kerala
വീണ്ടും കേസ്: ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ
കേസ് കോൺഗ്രസ്സ് പ്രവർത്തകയുടെ പരാതിയിൽ

തിരുവനന്തപുരം | വിവിധ കോടതികളുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ. മറ്റ് കുറ്റകൃത്യങ്ങളില്‍ പ്രതിയാകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ പരാതിയില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കൊച്ചിയിലെ കോൺഗ്രസ്സ് പ്രവർത്തകയുടെ പരാതിയിലാണ് ഷാജൻ സ്കറിയക്കെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സന്‍ഹിത 79, 75 (3), 3 (5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പുകളും ഷാജന്‍ സ്‌കറിയക്കെതിരെ ചുമത്തിയിട്ടുണ്ട്.
നേരത്തേയും സമാന പരാതിയിൽ സൈബര്‍ പോലീസ് ഷാജന്‍ സ്‌കറിയയെ വീട്ടിലെത്തി അറസ്റ്റ് ചെയ്തതിരുന്നു. യൂട്യൂബ് വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിലായിരുന്നു കഴിഞ്ഞ ദിവസം ഹില്‍ പാലസ് പോലീസ് കേസെടുത്തത്. മാഹി സ്വദേശിയുടെ പരാതിയിലായിരുന്നു കേസ്.
കളവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ സംപ്രേഷണം ചെയ്ത് സമൂഹത്തിന് മുന്നില്‍ മോശം സ്ത്രീയായി ചിത്രീകരിച്ചെന്നും തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. വീഡിയോ സമൂഹത്തിലും ബന്ധുക്കളുടെ ഇടയിലും ജോലി സ്ഥലത്തും അവമതിപ്പ് ഉണ്ടാക്കിയെന്നും പരാതിയില്‍ പറയുന്നു.