Kerala
അമൃത് ഭാരത് എക്‌സ്പ്രസ്സ്: നീലേശ്വരത്തിന് സ്റ്റോപ്പില്ല; ഉത്തര മലബാറിനോടുള്ള അവഗണനയില്‍ വ്യാപക പ്രതിഷേധം
കേരളത്തിന്റെ മധ്യഭാഗമായ ഷൊര്‍ണൂരിന് തെക്കോട്ട് 15 സ്റ്റോപ്പുകള്‍ അനുവദിച്ചപ്പോള്‍, വടക്കോട്ട് വെറും അഞ്ച് സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്.
നീലേശ്വരം | ദക്ഷിണ റെയില്‍വേ നാഗര്‍കോവിലില്‍ നിന്ന് മംഗളൂരുവിലേക്ക് അനുവദിച്ച പുതിയ അമൃത് ഭാരത് എക്‌സ്പ്രസ്സ് സര്‍വീസില്‍ നീലേശ്വരം സ്റ്റേഷനെ അവഗണിച്ചതില്‍ വ്യാപക പ്രതിഷേധം. കാസര്‍കോട് ജില്ലയിലെ പ്രധാന വ്യാപാര-സാംസ്‌കാരിക കേന്ദ്രമായ നീലേശ്വരത്തെ, സ്റ്റോപ്പുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് യാത്രക്കാരോടുള്ള വിവേചനമാണെന്നാണ് ആക്ഷേപം.
ചൊവ്വാഴ്ചകളില്‍ നാഗര്‍കോവിലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ (16329) ബുധനാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെത്തും. തിരികെ ബുധനാഴ്ച രാവിലെ എട്ടിന് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് (16330) രാത്രി 10.05-ന് നാഗര്‍കോവിലില്‍ എത്തുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
തെക്ക് ധാരാളം സ്റ്റോപ്പുകള്‍; കണ്ണൂര്‍ കഴിഞ്ഞാല്‍ 90 കിലോമീറ്റര്‍ അപ്പുറത്ത്
പുതിയ ട്രെയിനിന് സ്റ്റോപ്പുകള്‍ അനുവദിച്ചതിലെ അശാസ്ത്രീയതയാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്. കേരളത്തിന്റെ മധ്യഭാഗമായ ഷൊര്‍ണൂരിന് തെക്കോട്ട് 15 സ്റ്റോപ്പുകള്‍ അനുവദിച്ചപ്പോള്‍, വടക്കോട്ട് വെറും അഞ്ച് സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. കോട്ടയത്തിനും കൊല്ലത്തിനുമിടയിലുള്ള വെറും 69 കിലോമീറ്ററിനുള്ളില്‍ ഏഴ് സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്. കണ്ണൂര്‍ കഴിഞ്ഞാല്‍ പിന്നീട് 90 കിലോമീറ്റര്‍ പിന്നിട്ട് കാസര്‍കോട് മാത്രമാണ് അടുത്ത സ്റ്റോപ്പ്. പ്രധാന സ്റ്റേഷനുകളായ നീലേശ്വരം, പയ്യന്നൂര്‍ തുടങ്ങിയവയെ പാടെ അവഗണിച്ചു.
അനുവദിക്കപ്പെട്ട സ്റ്റോപ്പുകള്‍
തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, കൊല്ലം, കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കാസര്‍കോട്.
വടക്കന്‍ മലബാറിലെ യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടേണ്ട ട്രെയിനിന് പ്രധാന സ്റ്റേഷനുകള്‍ ഒഴിവാക്കിയത് സര്‍വീസിന്റെ ഗുണം കുറയ്ക്കുമെന്ന് നീലേശ്വരം വികസന സമിതി പ്രവാസി ഘടകം പ്രതികരിച്ചു. നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കാനും ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കാനും ഒരുങ്ങുകയാണ് നാട്ടുകാരും വികസന സമിതിയും.





