Connect with us

International

'മുഹമ്മദ് യൂനുസ് കൊലയാളി ഫാസിസ്റ്റ്'; പ്രവാസത്തിലെ ആദ്യ പൊതു പ്രസംഗത്തിൽ ഷെയ്ഖ് ഹസീന

യൂനുസിന്റെ നേതൃത്വത്തിലുള്ളത് 'നിയമവിരുദ്ധവും അക്രമാസക്തവുമായ' ഭരണകൂടമാണെന്നും രാജ്യം ഭീകരതയുടെയും നിയമലംഘനത്തിന്റെയും പിടിയിലാണെന്നും ഷെയ്ഖ് ഹസീന

Published

|

Last Updated

ന്യൂഡൽഹി | 2024-ൽ ബംഗ്ലാദേശ് വിട്ടശേഷം ആദ്യമായി പൊതുജനങ്ങളെ അഭിസംബോധന ചെയ്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഡൽഹിയിലെ ഫോറിൻ കറസ്‌പോണ്ടന്റ്‌സ് ക്ലബ്ബിൽ നടന്ന ‘സേവ് ഡെമോക്രസി ഇൻ ബംഗ്ലാദേശ്’ എന്ന പരിപാടിയിൽ ഓഡിയോ സന്ദേശത്തിലൂടെയാണ് അവർ സംസാരിച്ചത്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഹസീന ഉന്നയിച്ചത്.

യൂനുസിന്റെ നേതൃത്വത്തിലുള്ളത് ‘നിയമവിരുദ്ധവും അക്രമാസക്തവുമായ’ ഭരണകൂടമാണെന്നും രാജ്യം ഭീകരതയുടെയും നിയമലംഘനത്തിന്റെയും പിടിയിലാണെന്നും അവർ കുറ്റപ്പെടുത്തി. വിദേശശക്തികളുടെ കളിപ്പാവയായ ഈ ഭരണകൂടത്തെ താഴെയിറക്കാൻ തന്റെ അനുയായികളോട് ഹസീന ആഹ്വാനം ചെയ്തു. മുഹമ്മദ് യൂനുസിനെ ‘കൊലയാളി ഫാസിസ്റ്റ്’, ‘മണി ലോണ്ടറർ’, ‘അധികാരമോഹിയായ രാജ്യദ്രോഹി’ എന്നിങ്ങനെയാണ് സന്ദേശത്തിൽ വിശേഷിപ്പിച്ചത്.

തന്റെ പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ പാരമ്പര്യം സ്മരിച്ച ഹസീന, 2024 ഓഗസ്റ്റ് 5-ന് തന്നെ പുറത്താക്കിയത് ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടു. നിലവിൽ രാജ്യത്ത് മനുഷ്യാവകാശങ്ങളും മാധ്യമസ്വാതന്ത്ര്യവും ഇല്ലാതായെന്നും ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങൾ വർധിച്ചുവെന്നും അവർ പറഞ്ഞു.

ബംഗ്ലാദേശിനെ രക്ഷിക്കാനായി അഞ്ച് ആവശ്യങ്ങളും ഷെയ്ഖ് ഹസീന മുന്നോട്ടുവെച്ചു. നിയമവിരുദ്ധമായ യൂനുസ് ഭരണകൂടത്തെ മാറ്റി ജനാധിപത്യം പുനഃസ്ഥാപിക്കുക, തെരുവിലെ അക്രമങ്ങളും അരാജകത്വവും അവസാനിപ്പിക്കുക, മതന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുക, രാഷ്ട്രീയ പകപോക്കലുകൾക്കും മാധ്യമപ്രവർത്തകർക്കെതിരായ കേസുകൾക്കും അറുതി വരുത്തുക, കഴിഞ്ഞ ഒരു വർഷത്തെ സംഭവങ്ങളെക്കുറിച്ച് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തുക എന്നിവയാണ് നിർദേശങ്ങൾ.

ബംഗ്ലാദേശിലെ ജനാധിപത്യം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിൽ പങ്കുചേരാൻ അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ത്യയിൽ അഭയം തേടിയ ശേഷം ആദ്യമായാണ് ഹസീന ഇത്തരത്തിൽ ഒരു പൊതു പ്രസംഗം നടത്തുന്നത്.

---- facebook comment plugin here -----

Latest