Articles
മനുഷ്യജീവന്‍ വെച്ച് വിലപേശല്‍
മനുഷ്യവേദനയെ വിപണിയിലെ ഒരു ഉത്പന്നമാക്കി മാറ്റുന്ന ഇത്തരം പ്രവണതകള്‍ സാമൂഹിക നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും ഗുരുതര വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിയമം നിലവില്‍വരുന്നത് മാത്രം മതിയാകില്ല; അതിന്റെ ആത്മാവോടെ കര്‍ശനമായി നടപ്പാക്കപ്പെടണം.
കേരളത്തിലെ ആരോഗ്യരംഗം അത്യധികം അപകടം പിടിച്ച രീതിയിലൂടെയാണ് കടന്നുപോകുന്നത്. ചികിത്സാ ചെലവുകളുടെ പരസ്യപ്പെടുത്തലും സ്ഥാപനങ്ങളുടെ ഗ്രേഡിംഗും ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ചികിത്സാ, പരിശോധനാ സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌നിയമം പ്രാബല്യത്തിലുണ്ടായിരിക്കെ, ചികിത്സാരംഗത്ത് വഴിവിട്ട സാമ്പത്തിക ചൂഷണങ്ങള്‍ പലയിടങ്ങളിലുമുണ്ട്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌നിയമത്തില്‍ പറയുന്നത് ഓരോ ചികിത്സക്കും ഈടാക്കുന്ന നിരക്കുകള്‍ പൊതുവേദിയില്‍ പ്രസിദ്ധപ്പെടുത്തണമെന്നാണ്. അപ്പോള്‍ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും സൗകര്യപ്രദമായ ആശുപത്രി തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യമുണ്ടാകുന്നു. എന്നാല്‍ അത്തരത്തിലുള്ള കൃത്യമായ വെളിപ്പെടുത്തല്‍ നടത്താതെയാണ് പല ആശുപത്രികളും പ്രവര്‍ത്തിക്കുന്നത്.
അവകാശവും ഉത്തരവാദിത്വവും
ആരോഗ്യത്തോടെയുള്ള ജീവിതം മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളിലൊന്നാണ്. ജീവിക്കാനുള്ള അവകാശത്തിന്റെ അവിഭാജ്യഘടകമായ ആരോഗ്യ പരിരക്ഷ, ഒരു സമൂഹത്തിന്റെ മാനുഷികതയും ഭരണകൂടത്തിന്റെ ഉത്തരവാദിത്വബോധവും അളക്കുന്ന പ്രധാന സൂചികയാണ്. ഏതൊരു രാജ്യത്തിന്റെയും വികസനനില വിലയിരുത്തുമ്പോള്‍ അവിടെയുള്ള ആരോഗ്യ സംവിധാനങ്ങളുടെ കാര്യക്ഷമതയും സമത്വവും നിര്‍ണായകമാകുന്നത് ഇതുകൊണ്ടുതന്നെയാണ്. എന്നാല്‍ ഇന്ന് ചികിത്സാരംഗം ലാഭേച്ഛ മാത്രം മുന്‍നിര്‍ത്തി നീങ്ങുന്ന ലോബികളുടെ പിടിയില്‍ ചൂഷണത്തിനുള്ള അവസരമാക്കി മാറ്റിയിരിക്കുന്നു.
സേവനാധിഷ്ഠിത സര്‍ക്കാര്‍ ചികിത്സ
സര്‍ക്കാര്‍ ആശുപത്രികള്‍ പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തിയുള്ള സേവനാധിഷ്ഠിത സംവിധാനങ്ങളാണ്. പണമില്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിക്കപ്പെടരുത് എന്ന തത്ത്വമാണ് ഇതിന്റെ അടിത്തറ. കുറഞ്ഞ ചെലവിലോ സൗജന്യമായോ ചികിത്സ ലഭ്യമാകുന്നതിനാല്‍ സാധാരണക്കാരന്റെ ആശ്രയകേന്ദ്രങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികള്‍. അതേസമയം, രോഗികളുടെ ആധിക്യവും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും മൂലം തിരക്കും നീണ്ട കാത്തിരിപ്പും അവിടങ്ങളില്‍ സ്ഥിരം കാഴ്ചകളാണ്. ഈ പരിമിതികളാണ് പലരെയും സ്വകാര്യ ചികിത്സാരംഗത്തേക്ക് തിരിയാന്‍ പ്രേരിപ്പിക്കുന്നത്.
സ്വകാര്യ ചികിത്സയും അമിതവിലയും
സ്വകാര്യ ആശുപത്രികള്‍ കൂടുതല്‍ സൗകര്യങ്ങളും വേഗത്തിലുള്ള സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. വൃത്തിയുള്ള മുറികള്‍, ഉടന്‍ ഫലം ലഭിക്കുന്ന പരിശോധനാ സംവിധാനങ്ങള്‍, ഡോക്ടര്‍മാര്‍ രോഗികളുമായി കൂടുതല്‍ സമയം ചെലവഴിക്കുന്ന സാഹചര്യം എന്നിവ ഇവിടങ്ങളിലെ ആകര്‍ഷണങ്ങളാണ്. എന്നാല്‍ ഈ സൗകര്യങ്ങളുടെ മറവില്‍ ചികിത്സാ ചെലവ് പലപ്പോഴും നിയന്ത്രണമില്ലാതെ ഉയരുന്നു.
അഡ്വാന്‍സ് പേയ്മെന്റ്, പാക്കേജ് നിരക്കുകള്‍, അനാവശ്യ പരിശോധനകള്‍, വിശദീകരണമില്ലാത്ത അമിത ബില്ലുകള്‍ ഇവയെല്ലാം സ്വകാര്യ ചികിത്സാരംഗത്തിനെതിരെയുള്ള ഗുരുതര വിമര്‍ശങ്ങളാണ്. ചികിത്സാചെലവുകളുടെ പട്ടിക നേരിട്ട് ആവശ്യപ്പെടുന്നവര്‍ക്ക് നല്‍കണമെന്നും അമിതനിരക്ക് ഈടാക്കിയാല്‍ പിഴ മുതല്‍ സ്ഥാപനം അടച്ചുപൂട്ടല്‍ വരെ ശിക്ഷ ലഭിക്കുമെന്ന വ്യവസ്ഥയും നിയമത്തില്‍ ഉണ്ടായിരിക്കെ അതെല്ലാം വിസ്മരിച്ചുകൊണ്ടാണ് പലരും പെരുമാറുന്നത്.
നിയമം ഉറപ്പാക്കുന്ന സുതാര്യത
ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അലോപ്പതി, ആയുര്‍വേദം, ഹോമിയോ, യുനാനി തുടങ്ങിയ എല്ലാ അംഗീകൃത ചികിത്സാസമ്പ്രദായങ്ങള്‍ക്കും ബാധകമാണ്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, മെറ്റേണിറ്റി ഹോമുകള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവയെല്ലാം നിയമപരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബില്ലുകളില്‍ കണ്‍സള്‍ട്ടേഷന്‍, പരിശോധന, ചികിത്സ എന്നിവ പ്രത്യേകം രേഖപ്പെടുത്തണം; രോഗനിര്‍ണയം, പരിശോധനാഫലം, നല്‍കിയ ചികിത്സ, ഡിസ്ചാര്‍ജ് സമയത്തെ സ്ഥിതി തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിക്കുകയും ആവശ്യപ്പെടുമ്പോള്‍ രോഗികള്‍ക്ക് നല്‍കുകയും വേണം. ഗുരുതരാവസ്ഥയിലുള്ള രോഗികളെ കൂടുതല്‍ ഫലപ്രദമായ ചികിത്സ ലഭിക്കുന്നിടത്തേക്ക് മാറ്റുന്നതിനുള്ള ഉത്തരവാദിത്വവും ആശുപത്രികള്‍ക്കുണ്ട്.
നിയമവും കോടതിയും
2010ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ്ആക്ടിന്റെ മാതൃകയില്‍ കേരളത്തില്‍ രൂപപ്പെടുത്തിയ ഈ നിയമം തുടക്കത്തില്‍ സ്വകാര്യ ആശുപത്രി സംഘടനകളുടെയും ഡോക്ടര്‍മാരുടെ കൂട്ടായ്മകളുടെയും ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടിരുന്നു.
എന്നാല്‍ ചികിത്സാ ചെലവുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണമെന്നതടക്കമുള്ള വ്യവസ്ഥകള്‍ക്ക് ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് പൂര്‍ണ പിന്തുണ നല്‍കിയതോടെ, സര്‍ക്കാര്‍ ആരോഗ്യനയത്തിനും പൊതുജനങ്ങളുടെ അവകാശങ്ങള്‍ക്കും ശക്തമായ നിയമ അംഗീകാരം ലഭിച്ചു. പണമില്ലെന്ന കാരണത്താല്‍ ചികിത്സ നിഷേധിക്കരുതെന്ന നിര്‍ദേശം കൂടി കോടതിയില്‍ നിന്ന് വന്നത് സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസമാണ്.
കോര്‍പറേറ്റുകളും മനുഷ്യവേദനയും
കേരളം കൈവരിച്ച ആരോഗ്യ നേട്ടങ്ങള്‍ പ്രശംസനീയമായിരിക്കെത്തന്നെ, പകര്‍ച്ചേതര രോഗങ്ങളുടെ വര്‍ധനയും ചികിത്സാചെലവിന്റെ കുതിപ്പും സാധാരണ ജനങ്ങളെ കടുത്ത സാമ്പത്തിക സമ്മര്‍ദത്തിലാക്കുന്നു. ഈ സാഹചര്യത്തെ സ്വകാര്യ ചികിത്സാരംഗത്തെ ചില കോര്‍പറേറ്റ് ശക്തികള്‍ ലാഭത്തിനായി ഉപയോഗപ്പെടുത്തുന്നുവെന്ന വിമര്‍ശം ശക്തമാണ്.
മനുഷ്യവേദനയെ വിപണിയിലെ ഒരു ഉത്പന്നമാക്കി മാറ്റുന്ന ഇത്തരം പ്രവണതകള്‍ സാമൂഹിക നീതിക്കും മനുഷ്യാവകാശങ്ങള്‍ക്കും ഗുരുതര വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. നിയമം നിലവില്‍ വരുന്നത് മാത്രം മതിയാകില്ല; അതിന്റെ ആത്മാവോടെ കര്‍ശനമായി നടപ്പാക്കപ്പെടണം. സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും സ്വകാര്യ ആശുപത്രികളിലെ അമിതവിലനയങ്ങള്‍ക്കും അനാവശ്യ ലാഭപ്രവര്‍ത്തനങ്ങള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്.
ചുരുക്കത്തില്‍, ചികിത്സയെ ഒരു സേവനമായി കാണണം; അതിനെ കച്ചവടമാക്കരുത്. സര്‍ക്കാര്‍ ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിങ്ങനെ വേര്‍തിരിവില്ലാതെ ആശുപത്രികളെല്ലാം മനുഷ്യജീവന്‍ രക്ഷിക്കുന്ന കേന്ദ്രങ്ങളായിരിക്കണം; ഭീതിയുടെയും സാമ്പത്തിക കൊള്ളയുടെയും ചൂഷണകേന്ദ്രങ്ങളാകരുത്.


