Kerala
ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട, ഉമ്മന്‍ ചാണ്ടി ആരാണെന്ന് ജനങ്ങള്‍ക്കറിയാം: കെ സി ജോസഫ്
ഗണേഷിന്റെ കുഴപ്പം കൊണ്ടാണ് മന്ത്രിസഭയില്‍ നിന്ന് മാറ്റിയത്. കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവെക്കാന്‍ യു ഡി എഫ് ആവശ്യപ്പെട്ടത്.
കോട്ടയം | ഗണേഷ് കുമാര്‍ ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും ഉമ്മന്‍ ചാണ്ടി ആരാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും മുന്‍ മന്ത്രി കെ സി ജോസഫ്. ഉമ്മന്‍ ചാണ്ടി തന്റെ കുടുംബം തകര്‍ത്തുവെന്ന ഗണേഷ് കുമാറിന്റെ ആരോപണങ്ങളോടായിരുന്നു ജോസഫിന്റെ പ്രതികരണം.
‘വിവാദ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല. ഗണേഷിന്റെ കുഴപ്പം കൊണ്ടാണ് മന്ത്രിസഭയില്‍ നിന്ന് മാറ്റിയത്. കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവെക്കാന്‍ യു ഡി എഫ് ആവശ്യപ്പെട്ടത്. ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായതു കൊണ്ടാണ് മന്ത്രിസഭയില്‍ പിന്നീട് ഉള്‍പ്പെടുത്താതിരുന്നത്. അതിന് ഉമ്മന്‍ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല. ഉമ്മന്‍ ചാണ്ടി ഒരിക്കലും കുടുംബം കലക്കുന്നയാളല്ല. അദ്ദേഹം ഒരിക്കലും അങ്ങനെ ചെയ്യില്ല. ചെയ്തുവെന്ന് പറഞ്ഞാലും കേരളത്തിലെ ജനങ്ങള്‍ വിശ്വസിക്കില്ല.
ഗണേഷ് എന്തുപറഞ്ഞാലും ജനങ്ങള്‍ വിശ്വസിക്കുമെന്ന് കരുതരുത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല പരാമര്‍ശം വന്നത്. ഗണേഷ് കുമാറിനെപ്പോലൊരാള്‍ ഒരു കാര്യം പറയുമ്പോള്‍ കുറച്ചുകൂടി ഗൗരവത്തില്‍ സംസാരിക്കേണ്ടതായിരുന്നു. സംസാരത്തിന്റെ ധ്വനി ശരിയല്ല. ഞാനെന്തൊക്കെയോ വിളിച്ചുപറയുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ പൊതുജീവിതം കേരളത്തിന് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന പുസ്തകമാണ്. മടിയില്‍ പൊതിയുള്ളവന്‍ വഴിയില്‍ പേടിച്ചാല്‍ മതി.
ഗണേഷ് രാജി വെക്കണമെന്നത് ഉമ്മന്‍ ചാണ്ടിയുടെ മാത്രം തീരുമാനമായിരുന്നില്ല. കേസുണ്ടായപ്പോള്‍ യു ഡി എഫ് ചര്‍ച്ച ചെയ്തു. മുന്നണിയുടെ നിര്‍ദേശമായിരുന്നു രാജി. ഉമ്മന്‍ ചാണ്ടി അത് ആവശ്യപ്പെടുകയായിരുന്നുവെന്ന് മാത്രം. അല്ലാതെ പുറത്താക്കിയിട്ടില്ല. പിന്നീട് എടുക്കാമെന്ന് പറഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ലെന്നും കെ സി ജോസഫ് പറഞ്ഞു.





