Connect with us

Gulf

പശ്ചിമേഷ്യൻ സംഘർഷം: കുവൈത്ത് വിമാനത്താവളത്തിനും ബഹ്‌റൈൻ ഇന്ധന ടാങ്കിനും നേരെ ആക്രമണം

സഊദി അറേബ്യയിലെ ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ കൂടി തകർത്തതായി സഊദി പ്രതിരോധ മന്ത്രാലയം

Published

|

Last Updated

കുവൈത്ത് സിറ്റി | പശ്ചിമേഷ്യൻ സംഘർഷം 13-ാം ദിനത്തിലേക്ക് കടക്കുമ്പോൾ ഗൾഫ് മേഖലയിൽ ഇറാൻ ഡ്രോൺ ആക്രമണം തുടരുന്നു. കുവൈത്ത്, യു എ ഇ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇന്നും ഡ്രോൺ ആക്രമണങ്ങളുണ്ടായി. മേഖലയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചായിരുന്നു നീക്കങ്ങൾ.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആക്രമണം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇന്ന് ഡ്രോൺ ആക്രമണമുണ്ടായതായി കുവൈത്ത് വാർത്താ ഏജൻസിയെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായമില്ല.

ഇന്ന് പുലർച്ചെ തെക്കൻ കുവൈത്തിലെ ഒരു പാർപ്പിട സമുച്ചയത്തിന് നേരെയും ശത്രു ഡ്രോൺ ആക്രമണമുണ്ടായി. ഇതിൽ രണ്ട് പേർക്ക് പരിക്കേറ്റതായും കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതായും കുവൈത്ത് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആക്രമണത്തെത്തുടർന്നുണ്ടായ അവശിഷ്ടങ്ങൾ വീണ് രാജ്യത്തെ ആറ് വൈദ്യുതി വിതരണ ലൈനുകൾ പ്രവർത്തനരഹിതമായത് ഊർജ്ജ പ്രതിസന്ധിക്കും കാരണമായിട്ടുണ്ട്.

ദുബൈയിൽ സ്ഫോടന ശബ്ദങ്ങൾ

യു എ ഇയുടെ വിവിധ ഭാഗങ്ങളിലും ഡ്രോൺ സാന്നിധ്യവും സ്ഫോടനങ്ങളും റിപ്പോർട്ട് ചെയ്തു. ദുബൈ ഡൗൺ ടൗണിൽ അതിശക്തമായ സ്ഫോടന ശബ്ദം കേട്ടതായി എ എഫ് പി റിപ്പോർട്ട് ചെയ്തു. പാർപ്പിട മേഖലയ്ക്ക് മുകളിൽ പുകപടലങ്ങൾ ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.

ഷെയ്ഖ് സായിദ് റോഡിലെ ഒരു കെട്ടിടത്തിന് മുകളിൽ പ്രതിരോധ സംവിധാനങ്ങൾ തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ദുബൈയിലെ അൽ ബദ മേഖലയിൽ ഡ്രോൺ വീണതായും റിപ്പോർട്ടുണ്ട്.

എന്നാൽ ഈ സംഭവങ്ങളിലൊന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു.

സഊദിയിലെ എണ്ണപ്പാടങ്ങൾക്ക് നേരെ ആക്രമണം

സഊദി അറേബ്യയിലെ ശൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ കൂടി തകർത്തതായി സഊദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. എംപ്റ്റി ക്വാർട്ടർ മരുഭൂമിക്ക് മുകളിൽ വെച്ചാണ് ഇവ തകർത്തത്. പ്രതിദിനം 10 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ശൈബ എണ്ണപ്പാടത്തിന് നേരെ ഇന്ന് പലതവണ ആക്രമണ ശ്രമങ്ങളുണ്ടായെങ്കിലും സഊദി പ്രതിരോധ സേന അവയെല്ലാം പരാജയപ്പെടുത്തുകയായിരുന്നു.

ബഹ്‌റൈനിൽ ജാഗ്രത; ഇന്ധന ടാങ്കിന് തീപിടിച്ചു

ബഹ്‌റൈനിലെ മുഹറഖിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഇന്ധന ടാങ്കിന് തീപിടിച്ചെങ്കിലും അധികൃതർ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജനാലകൾ തുറന്നിടാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആക്രമണ ഭീഷണിയെത്തുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സൈറണുകൾ മുഴങ്ങി. ഫെബ്രുവരി 28 മുതൽ ഇതുവരെ 186 ഡ്രോണുകളും 112 മിസൈലുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് വെളിപ്പെടുത്തി.3

 

Summary

On the 13th day of the West Asia conflict, the Gulf region witnessed a series of drone attacks targeting strategic locations in Kuwait, the UAE, Saudi Arabia, and Bahrain. Kuwait International Airport and residential buildings were hit, while Saudi defenses intercepted multiple drones aimed at the Shaybah oilfield. In Dubai, explosions were heard and debris fell on Sheikh Zayed Road, and Bahrain successfully contained a fuel tank fire caused by a drone strike.

Latest