National
ഡല്‍ഹിയില്‍ പൂക്കള്‍ വില്‍ക്കുന്ന പത്ത് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; ഇ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍
ദുര്‍ഗേഷ് (40) എന്നയാളാണ് അറസ്റ്റിലായത്.
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കിയ ഇ റിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ദുര്‍ഗേഷ് (40) എന്നയാളാണ് അറസ്റ്റിലായത്. പ്രസാദ് നഗറിലെ ട്രാഫിക് സിഗ്‌നലില്‍ പൂക്കള്‍ വില്‍ക്കുന്ന കുട്ടിയെയാണ് ഇയാള്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. ശേഷം കുട്ടിയെ വനപ്രദേശത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പൂക്കള്‍ വേഗത്തില്‍ വിറ്റുതീര്‍ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയത്. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞതും കണ്ടെത്തി അറസ്റ്റ് ചെയ്തതും.
ഈമാസം പതിനൊന്നിനായിരുന്നു സംഭവം. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി പ്രൊഫ. റാം നാഥ് വിജ് മാര്‍ഗിലെ വനപ്രദേശത്ത് എത്തിച്ച് ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. കുട്ടി ബോധരഹിതയായപ്പോള്‍ മരിച്ചുപോയെന്ന് തെറ്റിദ്ധരിച്ച പ്രതി ഇവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.
പിന്നീട് ബോധം വീണ്ടെടുത്ത പെണ്‍കുട്ടി കുടുംബത്തെ വിവരമറിയിച്ചു. കുടുംബം കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപ്പോകല്‍ എന്നിവയുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ഓട്ടോ ഡ്രൈവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.




