International
ഇറാന്‍ യുദ്ധം വിജയിച്ചതായി ട്രംപ്; ഇറാനെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി
ഇതുവരെ 58 ഇറാനിയന്‍ നാവികസേന കപ്പലുകള്‍ തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു
വാഷിങ്ടന്‍ | ഇറാനുമായുള്ള യുദ്ധം വിജയിച്ചെന്നും ദൗത്യം പൂര്‍ത്തീകരിക്കുന്നതു വരെ അമേരിക്കന്‍ സൈന്യം മധ്യപൂര്‍വേഷ്യയില്‍ തുടരുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കെന്റക്കിയിലെ ഹെബ്രോണില്‍ നടന്ന റാലിയിലാണ് ട്രംപ് യുദ്ധ വിജയം പ്രഖ്യാപിച്ചത്.
ആദ്യ ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിജയം തീരുമാനിക്കപ്പെട്ടതായും ഇതുവരെ 58 ഇറാനിയന്‍ നാവികസേന കപ്പലുകള്‍ തകര്‍ത്തതായും ട്രംപ് അവകാശപ്പെട്ടു. ഇറാനിലെ പുതിയ നേതൃത്വത്തിന് എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്നു കാണാമെന്നും ട്രംപ് പറഞ്ഞു.
അറബ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം പാസാക്കി. ഇറാന്‍ നടത്തുന്ന ആക്രമണങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നുമാണ് പ്രമേയം. ബഹ്റൈനാണ് രക്ഷാസമിതിയില്‍ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ സമിതിയിലെ 15 അംഗങ്ങളില്‍ 13 പേരും പിന്തുണച്ചു.
റഷ്യയും ചൈനയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. റഷ്യ അവതരിപ്പിച്ച ബദല്‍ പ്രമേയം പരാജയപ്പെട്ടു. യു എന്‍ പ്രമേയം പക്ഷപാതപരവും രാഷ്ട്രീയപ്രേരിതരുമാണെന്ന് ഇറാന്‍ ആരോപിച്ചു. യുദ്ധം ആരംഭിച്ചതില്‍ അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും പങ്ക് അംഗീകരിക്കുന്നതില്‍ പ്രമേയം പരാജയപ്പെട്ടുവെന്ന് ഇറാന്റെ യു എന്‍ അംബാസഡര്‍ അമീര്‍ സഈദ് ഇറവാനി വ്യക്തമാക്കി.


