Connect with us

Kerala

ജി സുധകന്‍ പുറത്തേക്ക്; അമ്പലപ്പുഴയില്‍ യു ഡി എഫ് പിന്തുണയോടെ മത്സരിച്ചേക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഫോണില്‍ വിളിച്ചിട്ടും സുധാകരന്‍ വഴങ്ങിയില്ല

Published

|

Last Updated

ആലപ്പുഴ | സുധീര്‍ഘമായ സി പി എം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ മുതിര്‍ന്ന നേതാവ് ജി.സുധാകരന്‍ തീരുമാനിച്ചതായി വിവരം. യു ഡി എഫിന്റെ പിന്തുണ ഉറപ്പാക്കിയാണ് അദ്ദേഹത്തിന്റെ നീക്കം. ഇന്നു 11 മണിയോടെ തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പ് സുധാകരനെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ട് ശ്രമിച്ചു. ഇന്നലെ രാത്രി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് ഫോണില്‍ വിളിച്ചിട്ടും സുധാകരന്‍ വഴങ്ങിയില്ല.

രാത്രി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സി പി എം നേതാക്കളും വീട്ടിലെത്തി സുധാകരനെ കണ്ടിരുന്നു. പിന്നോട്ടില്ലെന്ന നിലപാട് നേതാക്കളെ സുധാകരന്‍ അറിയിച്ചു. ഇതോടെ ആറ് പതിറ്റാണ്ടായുള്ള സിപിഎമ്മുമായുള്ള ബന്ധം സുധാകരന്‍ വിച്ഛേദിക്കുമെന്നുറപ്പായി. പ്രായപരിധി ചൂണ്ടിക്കാട്ടിപാര്‍ട്ടിയില്‍ നിന്നു വിരമിക്കല്‍ നല്‍കി ബ്രാഞ്ചിലേക്ക് മാറ്റിയതു മുതല്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ചിരുന്ന ജി സുധാകരന്‍ കോണ്‍ഗ്രസ് വേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

രാവിലെ 11 മണിക്ക് പുന്നപ്ര പറവൂരിലെ വസതിയില്‍ വാര്‍ത്താസമ്മേളനം നടത്തി ജി സുധാകരന്‍ നിര്‍ണായകമായ പ്രഖ്യാപനം നടത്തും. അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുകയും യു ഡി എഫിന്റെ പിന്തുണ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ജി സുധാകരന്റെ നീക്കം. ഈ സാഹചര്യം മുതലാക്കി അമ്പലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ബി ജെ പിയും നിലപാടു സ്വീകരിക്കുമോ എന്നും രാഷ്ട്രീയ കേരളം ഉറ്റു നോക്കുകയാണ്.

സി പി എം നേതൃത്വവുമായുണ്ടായ അസ്വാരസ്യങ്ങള്‍ തുടര്‍ന്ന ജി സുധാകരന്‍ താന്‍ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. തന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കല്‍ നടപടി ഒഴിവാക്കാന്‍ ഇതോടെ കഴിയും. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പരിഹസിച്ചു എന്നതടക്കമാണ് സുധാകരന്റെ ആരോപണം. സഹോദരന്റെ രക്തസാക്ഷിത്വം അടക്കം വലിയ പാര്‍ട്ടി പാരമ്പര്യം ഉപേക്ഷിച്ചാണ് യു ഡി എഫ് പിന്തുണയോടെയുള്ള ജി സുധാകരന്റെ നീക്കം. ജി സുധാകരന്‍ പുറത്തുപോകുന്നതുവരെ അദ്ദേഹത്തെ പ്രകോപിപ്പിക്കുന്ന പ്രതികരണങ്ങള്‍ വേണ്ടെന്നു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

1967 ല്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് സുധാകരന്‍ സി പി എം അംഗമാകുന്നത്. കേരള സ്റ്റുഡന്റസ് ഫെഡറേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി, 1971ല്‍ എസ് എഫ് ഐ ആദ്യ സംസ്ഥാന പ്രസിഡന്റ്, ട്രേഡ് യൂണിയന്‍ നേതാവ്, സി പി എം സംസ്ഥാന കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.

1975 അടിയന്തരാവസ്ഥക്കെതിരെ പ്രകടനം നടത്തിയതിന് ജയിലിലായി. 1996 ല്‍ കായംകുളത്ത് നിന്ന് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006, 2011, 2016 കാലങ്ങളില്‍ അമ്പലപ്പുഴയില്‍ നിന്ന് മൂന്നു തവണ എം എല്‍ എയായി. 2006 ല്‍ വി എസ് മന്ത്രിസഭയില്‍ ദേവസ്വം, കയര്‍ സഹകരണ വകുപ്പ് മന്ത്രി, 2016 ല്‍ പിണറായി മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest