Kerala
നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ പങ്കെടുക്കാതെ ശശി തരൂർ
കൊച്ചിയിൽ നടന്ന 'മഹാപഞ്ചായത്തി'ൽ ശശി തരൂരിന്റെ പേര് രാഹുൽ ഗാന്ധി പ്രസംഗത്തിൽ പരാമർശിക്കാതിരുന്നതും, പ്രസംഗക്രമത്തിൽ വരുത്തിയ മാറ്റങ്ങളും തരൂരിനെ ചൊടിപ്പിച്ചിരുന്നു.
ന്യൂഡൽഹി | കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച നിർണ്ണായക യോഗത്തിൽ നിന്ന് ശശി തരൂർ എം പി വിട്ടുനിൽക്കും. കൊച്ചിയിൽ നടന്ന തദ്ദേശ ജനപ്രതിനിധികളുടെ സംഗമമായ ‘മഹാപഞ്ചായത്തിൽ’ തനിക്ക് നേരിട്ട അവഗണനയിൽ പ്രതിഷേധിച്ചാണ് തരൂരിന്റെ തീരുമാനം എന്നാണ് സൂചന. സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങളുമായി അദ്ദേഹം അത്ര നല്ല ബന്ധത്തിലല്ലെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
കൊച്ചിയിൽ നടന്ന പരിപാടിയിൽ ശശി തരൂരിന്റെ പേര് രാഹുൽ ഗാന്ധി പ്രസംഗത്തിൽ പരാമർശിക്കാതിരുന്നതും, പ്രസംഗക്രമത്തിൽ വരുത്തിയ മാറ്റങ്ങളും തരൂരിനെ ചൊടിപ്പിച്ചിരുന്നു. തരൂർ പ്രസംഗിച്ചതിന് ശേഷം രാഹുൽ ഗാന്ധി മാത്രമേ സംസാരിക്കൂ എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും, പിന്നീട് മറ്റ് നേതാക്കളും വേദിയിൽ പ്രസംഗിച്ചു. സീനിയർ നേതാവായ തനിക്ക് അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതി അദ്ദേഹം കെ സി വേണുഗോപാൽ അടക്കമുള്ള നേതാക്കളെ അറിയിച്ചതായാണ് വിവരം.
എന്നാൽ, മണ്ഡലത്തിലെ മുൻകൂട്ടി നിശ്ചയിച്ച പരിപാടികളുള്ളതിനാലാണ് തരൂർ യോഗത്തിൽ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ തരൂർ സന്നിഹിതനായിരുന്നു. ഡൽഹിയിലെ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഹൈക്കമാൻഡിന്റെ അനുമതി വാങ്ങിയിട്ടുണ്ടെന്നും പാർട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.
ഡൽഹിയിലെ യോഗം ഒഴിവാക്കിയ തരൂർ ഇന്ന് കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ (കെ എൽ എഫ്.) പങ്കെടുക്കും. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടിയിലെ ആഭ്യന്തര കലഹം അണികൾക്കിടയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.




