Connect with us

Articles

വിദ്വേഷത്തിന്റെ ആഗോള ഭൂപടം

ഇനി ഇന്ത്യയിലേക്ക് വന്നാലോ? 2025ല്‍ മാത്രം 1,318 വിദ്വേഷ പ്രസംഗങ്ങളടക്കം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണങ്ങള്‍ ഭയപ്പെടുത്തുന്ന നിലയില്‍ ഏറുകയാണെന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായ ഗവേഷണ ഗ്രൂപ്പായ ഇന്ത്യ ഹേറ്റ് ലാബിന്റെ കണ്ടെത്തല്‍. അതില്‍ 88 ശതമാനം (1,163) ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നത് ഭരണകൂട ഭീകരതയുടെ ആഴം വ്യക്തമാക്കുന്നു. ആകെ നടന്ന സംഭവങ്ങളില്‍ 98 ശതമാനവും മുസ്‌ലിംവിരുദ്ധമാണ്.

Published

|

Last Updated

മേരിക്കന്‍, ബ്രിട്ടീഷ്, ഇസ്‌റാഈല്‍ സഖ്യമായ നരകത്തിന്റെ അച്ചുതണ്ട് ഫലസ്തീനില്‍ അഴിച്ചുവിട്ട അധിനിവേശത്തിന്റെ ഏറ്റവും നടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന ഫോട്ടോ. മാതാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ലളിതമായ സൈക്കിള്‍ ടയര്‍ പമ്പ് ഉപയോഗിക്കുകയാണ് ഗസ്സയിലെ ചെറുപ്പക്കാരന്‍. സംഘര്‍ഷത്തിന്റെ ബാക്കിപത്രമായ നിരാശയുടെ നേര്‍ചിത്രമായി മാറി അത്. ഏറെക്കുറെ എല്ലാ മെഡിക്കല്‍ സൗകര്യങ്ങളും നശിപ്പിക്കുകയും ക്ഷാമം കുടുംബങ്ങളുടെ അതിജീവനശേഷി അടിമുടി തകര്‍ക്കുകയും ചെയ്തിടത്ത് പിന്നെന്താണ് രക്ഷാമാര്‍ഗം. പരിതാപകരവും ഹൃദയഭേദകവുമായ ഇത്തരം യാഥാര്‍ഥ്യങ്ങള്‍ക്കിടയിലും സയണിസ്റ്റുകളുടെ ശൗര്യം അടങ്ങിയിട്ടില്ല. ഇസ്‌റാഈലി നെസ്സെറ്റ് മുന്‍ ഡെപ്യൂട്ടി മന്ത്രി അല്‍മോഗ് കോഹന്റെ പ്രസ്താവന അതിന്റെ തെളിവുമാണ്. “ഗസ്സയോടുള്ള എതിര്‍പ്പ് ഇതുവരെ ശമിച്ചിട്ടില്ല. കൂടുതല്‍ പ്രതികാരം ചെയ്യേണ്ടതുണ്ട്. ഇനിയും ചോരയൂറ്റണം’ എന്നാണ് കോഹന്‍ പറയുന്നത്. യു കെയില്‍ 2019- 22 കാലയളവില്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ഡാം പ്രീതി സുശീല്‍ പട്ടേല്‍ കണ്‍സര്‍വേറ്റീവ് ഫ്രണ്ട്സ് ഓഫ് ഇസ്‌റാഈലില്‍ (സി എഫ് ഐ) നിന്ന് വന്‍ സഹായം സ്വീകരിച്ചെന്നും ജീവനക്കാരെയുംകൂട്ടി 2017 ആഗസ്റ്റില്‍ യാത്രകള്‍ നടത്തിയെന്നുമുള്ള വാര്‍ത്ത അമ്പരപ്പിക്കുന്നതാണ്. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ കാണുകയുമുണ്ടായി. സി എഫ് ഐ ഓണററി അധ്യക്ഷന്‍ ഡന്റ് ലോര്‍ഡ് പോളക്കും അനുഗമിച്ചിരുന്നു.

അഭിപ്രായരൂപവത്കരണത്തിനുള്ള കോഴയായി എം പിമാര്‍ ഉപഹാരങ്ങളും യാത്രകളും സ്വീകരിക്കുന്നത് പാര്‍ലിമെന്ററി നിയമങ്ങള്‍ പ്രകാരം സൂക്ഷ്മപരിശോധനക്ക് വിധേയമാണ്. പ്രീതി പട്ടേല്‍ മുമ്പും ഇസ്‌റാഈല്‍ അനുകൂല ഗ്രൂപ്പുകളുമായുള്ള ബന്ധങ്ങള്‍ക്ക് പരാതി നേരിട്ടിട്ടുണ്ട്. മൂന്ന് മാസത്തിനിടെ മുസ്‌ലിംകളെ ഭയപ്പെടുത്താന്‍ മത ദേശീയ ചിഹ്നങ്ങള്‍ കൂടുതലായി ഉപയോഗിക്കുകയും ബ്രിട്ടനിലുടനീളമുള്ള 27 പള്ളികള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തുകയും ചെയ്തതായുള്ള ഡാറ്റ പുറത്തുവന്നിരിക്കുകയാണ്. ജീവന്‍ അപകടപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള തീവെപ്പ്, പ്രൊജക്‌റ്റൈല്‍ ആക്രമണം, പള്ളി സ്വത്തുക്കളില്‍ ചുവരെഴുത്ത്, വിദ്വേഷ ചിഹ്നങ്ങള്‍ സ്ഥാപിക്കല്‍ തുടങ്ങി ഒട്ടേറെ കേസുകള്‍ അവയില്‍ ഉള്‍പ്പെടുന്നു. ഫലസ്തീന്‍ അനുകൂല ആക്ടിവിസത്തിന്റെ പേരില്‍ ജയിലിലടക്കപ്പെട്ട ക്വെസര്‍ സുഹ്റയും അമു ഗിബും ബ്രിട്ടീഷ് ജയിലുകളില്‍ നിരാഹാര സമരം തുടങ്ങിയത് ഇക്കാര്യങ്ങള്‍ ഉന്നയിച്ചായിരുന്നു. ഗസ്സ വംശഹത്യക്കുള്ള ആയുധ കൈമാറ്റത്തെ എതിര്‍ത്തതിനും കൂറ്റന്‍ ഇസ്‌റാഈലി ആയുധ നിര്‍മാതാക്കളായ ഹെബയ്ക്കെതിരെ നിലപാട് കൈക്കൊണ്ടതിനുമാണ് ഇരുവരെയും ഏകാന്ത തടവിലിട്ടത്.

ഗദ്ദാഫിയുടെ മകള്‍

അമേരിക്ക ഇല്ലാതാക്കിയ ലിബിയന്‍ നേതാവ് മുഅമ്മര്‍ ഗദ്ദാഫിയുടെ മകള്‍ ഐഷ ഗദ്ദാഫി ഇറാനിയന്‍ ജനതക്ക് കൈമാറിയ സന്ദേശം പ്രചോദനാത്മകമാണ്. “ഇറാനിലെ അഭിമാനികളും കീഴടങ്ങാത്തവരുമായ ജനങ്ങളേ, ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. പാശ്ചാത്യ സാമ്രാജ്യത്വവാദികളുടെ മധുര വാക്കുകളും മുദ്രാവാക്യങ്ങളും വിശ്വസിക്കരുത്. എന്റെ പിതാവിനെ പറഞ്ഞു പറ്റിച്ച ആളുകള്‍ തന്നെയാണവര്‍. “നിങ്ങളുടെ ആണവ, മിസൈല്‍ പദ്ധതികള്‍ നിര്‍ത്തിയാല്‍ ലോകത്തിന്റെ വാതിലുകള്‍ നിങ്ങള്‍ക്കായി തുറക്കപ്പെടും’ എന്ന വാക്ക് വിശ്വസിച്ച് എന്റെ പിതാവ് അനുരഞ്ജനത്തിലേക്കുള്ള വാതില്‍ തുറന്നു. എന്നാല്‍ നാറ്റോ ബോംബാക്രമണങ്ങള്‍ ലിബിയയെ പൊടിയും രക്തത്തില്‍ കുതിര്‍ന്ന കടലുമായി മാറ്റി. അവര്‍ എങ്ങനെയാണ് ജനങ്ങളെ അടിമത്തത്തിലേക്കും ദാരിദ്ര്യത്തിലേക്കും കുടിയിറക്കത്തിലേക്കും നയിച്ചതെന്നും വ്യക്തമായി.

ഇറാനീ സഹോദരങ്ങളേ, പ്രതിരോധം, അഭിമാനം, ഉപരോധങ്ങള്‍, മാധ്യമ നുണകള്‍, സാമ്പത്തിക ആക്രമണങ്ങള്‍ എന്നിവക്കെതിരായ നിങ്ങളുടെ ദൃഢനിശ്ചയം രാജ്യത്തിന്റെ ജീവിതത്തിന്റെയും അന്തസ്സിന്റെയും അടയാളങ്ങളാണ്. സാമ്രാജ്യത്വവുമായുള്ള അനുരഞ്ജനത്തിലൂടെ നാശം, വിഭജനം, വേദന എന്നിവയല്ലാതെ മറ്റൊന്നും നേടാനാകില്ല. ചെന്നായയുമായുള്ള ചര്‍ച്ചകള്‍ ആടുകളെ രക്ഷിക്കുന്നില്ല. അവ അടുത്ത ഭക്ഷണം മാത്രമേ നിര്‍ണയിക്കുന്നുള്ളൂ. ക്യൂബ, വെനസ്വേല, ഉത്തര കൊറിയ, ഫലസ്തീന്‍ തുടങ്ങി ചെറുത്തുനില്‍പ്പ് നടത്തിയ രാഷ്ട്രങ്ങളെ നാം കണ്ടിട്ടുണ്ട്. അവ ബഹുജനങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. ചരിത്രത്തെ ബഹുമാനത്തോടെ എഴുതി. കുമ്പിട്ടവര്‍ ചാരത്തില്‍ അപ്രത്യക്ഷരായത് എങ്ങനെയെന്നും ഞങ്ങള്‍ കണ്ടു’ സ്‌നേഹത്തോടെയും ഐക്യദാര്‍ഢ്യത്തോടെയും ഐഷ ഗദ്ദാഫി എഴുതുന്നു. സാമ്രാജ്യത്വം സൃഷ്ടിക്കുന്ന വിദ്വേഷവും ഉന്‍മൂലനവും എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നാണ് ഐഷ പറയാന്‍ ശ്രമിക്കുന്നത്.

ഇന്ത്യയില്‍

ഇനി ഇന്ത്യയിലേക്ക് വന്നാലോ?  2025ല്‍ മാത്രം 1,318 വിദ്വേഷ പ്രസംഗങ്ങളടക്കം ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണങ്ങള്‍ ഭയപ്പെടുത്തുന്ന നിലയില്‍ ഏറുകയാണെന്നാണ് വാഷിംഗ്ടണ്‍ ആസ്ഥാനമായ ഗവേഷണ ഗ്രൂപ്പായ ഇന്ത്യ ഹേറ്റ് ലാബിന്റെ കണ്ടെത്തല്‍. അതില്‍ 88 ശതമാനം (1,163) ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നത് ഭരണകൂട ഭീകരതയുടെ ആഴം വ്യക്തമാക്കുന്നു. ആകെ നടന്ന സംഭവങ്ങളില്‍ 98 ശതമാനവും മുസ്‌ലിംവിരുദ്ധമാണ്. 2024നെ അപേക്ഷിച്ച് വിദ്വേഷ പ്രസംഗങ്ങളില്‍ 13 ശതമാനം വര്‍ധനവുണ്ടായി. 2023നെ താരതമ്യം ചെയ്താല്‍ ഇരട്ടി. ഉത്തര്‍പ്രദേശ് (266), മഹാരാഷ്ട്ര (193), മധ്യപ്രദേശ് (172), ഉത്തരാഖണ്ഡ് (155) ഡല്‍ഹി (76) തുടങ്ങിയ സംസ്ഥാനങ്ങള്‍ വിദ്വേഷത്തിന്റെ കേന്ദ്രങ്ങളായി മാറി.

പഹല്‍ഗാമിനെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിച്ച് 2025 ഏപ്രിലില്‍ വിദ്വേഷ പ്രസംഗങ്ങളുടെ വേലിയേറ്റം തന്നെയായിരുന്നു. ഗുജറാത്തിലെ ചന്ദോള തടാകത്തിന് സമീപം ആയിരക്കണക്കിന് മുസ്‌ലിം കുടുംബങ്ങളെയാണ് തുരത്തി തെരുവിലേക്ക് എറിഞ്ഞത്. പതിറ്റാണ്ടുകളായി വിയര്‍പ്പൊഴുക്കി സ്വരുക്കൂട്ടിയ കാശ്കൊണ്ട് പണിത വീടുകള്‍ മുന്നറിയിപ്പൊന്നുമില്ലാതെ നിലംപരിശാക്കുമ്പോള്‍ കോടതികള്‍ മൗനംപാലിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025ല്‍ ഇന്ത്യയില്‍ ഇത്തരം സംഭവങ്ങള്‍ 13 ശതമാനം വര്‍ധിച്ചതായി മറ്റൊരു പഠനവും വിരല്‍ചൂണ്ടുന്നു. ഏറ്റവും അക്രമാസക്തമായ വിദ്വേഷ പ്രസംഗകരില്‍ ആദ്യ സ്ഥാനങ്ങളില്‍ ഉന്നത ബി ജെ പി നേതാക്കളാണ്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അത്തരം 71 പ്രസംഗങ്ങള്‍ നടത്തി മുന്നിലെത്തി. അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് മേധാവി പ്രവീണ്‍ തൊഗാഡിയ 46, ബി ജെ പി നേതാവ് അശ്വിനി ഉപാധ്യായ 35, മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെ 28, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 27, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 22 എന്നിങ്ങനെയാണ് മറ്റുള്ളവര്‍.

ഗുരുതര അപകടസാധ്യത

യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം പ്രസിദ്ധീകരിച്ച വാര്‍ഷിക ആഗോള പഠനം വരുന്ന രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന കൂട്ടഅക്രമത്തിന് വേദിയാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂട്ടക്കൊലകളടക്കം നടക്കാനുള്ള സാധ്യത കൂടുതലുള്ള 168 രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. മ്യാന്‍മര്‍, ചാഡ്, സുഡാന്‍ എന്നിവയാണ് മുമ്പില്‍.

സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് സൊസൈറ്റി ആന്‍ഡ് സെക്കുലറിസം, അഭിഭാഷക ഗ്രൂപ്പായ സൗത്ത് ഏഷ്യ ജസ്റ്റിസ് ക്യാമ്പയിന്‍ തുടങ്ങിയവയുടെ വിശകലനത്തില്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ ഏറിയതായി കാണാം. രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ മുസ്‌ലിം വിരുദ്ധ വിദ്വേഷം ഇളക്കിവിട്ട ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ഗോ സംരക്ഷണ പ്രക്ഷോഭങ്ങള്‍, അകാരണങ്ങളായ മറ്റ് ആക്രമണങ്ങള്‍ എന്നിവ പെരുകി. അങ്ങനെ 2025ല്‍ 50 മുസ്‌ലിംകളെ വധിച്ചതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണ്ടെത്തല്‍. ജമ്മു കശ്മീരിലാണ് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടന്നത്. സുരക്ഷാ നടപടികള്‍ മറയാക്കിയുള്ള അതിക്രമങ്ങളില്‍ എട്ട് മുസ്‌ലിം സിവിലിയന്മാര്‍ കൊല്ലപ്പെട്ടു.

കസ്റ്റഡി പീഡനം, നിര്‍ബന്ധിത തിരോധാനങ്ങള്‍, ഘട്ടംഘട്ടമായി നടന്ന ഏറ്റുമുട്ടലുകള്‍ എന്നിവയും ഉണ്ടായി. ഉത്തര്‍പ്രദേശില്‍ വ്യാ ജ പോലീസ് ഏറ്റുമുട്ടല്‍ വെടിവെപ്പില്‍ ആറ് മുസ്‌ലിംകള്‍ക്ക് ജീവന്‍ നഷ്ടമായി. ജയില്‍പീഡനവും വൈദ്യചികിത്സാ നിഷേധവുമടക്കമുള്ള മറ്റ് ക്രൂരതകള്‍ വേറെയും. 2025 മാര്‍ച്ചില്‍ രാജസ്ഥാനില്‍ പോലീസ് റെയ്ഡിനിടെ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മരണവും നവംബറില്‍ ഡല്‍ഹിയില്‍ വിവാഹ ഘോഷയാത്രയില്‍ ഡ്യൂട്ടിയിലില്ലാത്ത സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് കോണ്‍സ്റ്റബിള്‍ 14കാരനെ കൊലപ്പെടുത്തിയതും റിപോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം അപകടസാധ്യതകള്‍ വര്‍ധിക്കുമെന്ന് മനുഷ്യാവകാശ ഗ്രൂപ്പുകള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ജമ്മുവിലെ കത്രയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ മാതാ വൈഷ്‌ണോദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്‌സലന്‍സ് മെഡിക്കല്‍ കോളജില്‍ നടന്ന കാര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. എം ബി ബി എസ് സീറ്റുകളിലേക്കുള്ള മെറിറ്റ് സീറ്റിലെ പ്രവേശന പരീക്ഷ പാസ്സായത് തൊണ്ണൂറു ശതമാനത്തിലധികവും മുസ്‌ലിം വിദ്യാര്‍ഥികളായത് കാവി സംഘടനകള്‍ക്ക് രുചിച്ചില്ല. സകല മര്യാദകളും നടപടിക്രമങ്ങളും കാറ്റില്‍ പറത്തി കോളജ് അടച്ചു പൂട്ടിച്ചു. അത് സംഘപരിവാര്‍ സംഘടനകള്‍ പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആഘോഷിച്ചത്. വരാനിരിക്കുന്ന ദേശീയ നിയമ സര്‍വകലാശാല കശ്മീര്‍ താഴ്്വരയില്‍നിന്ന് ജമ്മുവിലേക്ക് മാറ്റണമെന്ന് സംഘ്പരിവാര്‍ ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. നിയമ സര്‍വകലാശാല ജമ്മുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംഘ്പരിവാറിന് വന്‍ സ്വാധീനമുള്ള ജമ്മു കശ്മീര്‍ ഹൈക്കോടതി ബാര്‍ അസ്സോസിയേഷന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലക്ക് കത്തെഴുതിയിരിക്കുകയാണ്.

Latest