Kerala
ഭിന്നശേഷി പുനരധിവാസത്തിന് ലോകോത്തര മാതൃക:'വീട്ടിലേക്ക്' പുസ്തകം മന്ത്രി ഡോ. ആര്‍. ബിന്ദു പ്രകാശനം ചെയ്തു
യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലീഷ് അസിസ്റ്റൻറ് പ്രൊഫസറും സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യേക ആദരത്തിന് അർഹയുമായ ഡോ. വി. ശാരദാ ദേവി പുസ്തകം ഏറ്റുവാങ്ങി
തിരുവനന്തപുരം| ഭിന്നശേഷിക്കാരുടെ ശാസ്ത്രീയ പുനരധിവാസത്തിനും സ്വയംപര്യാപ്തതയ്ക്കും വഴികാട്ടിയാകുന്ന ‘വീട്ടിലേക്ക്’ എന്ന പുസ്തകം ഉന്നത വിദ്യാഭ്യാസസാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു പ്രകാശനം ചെയ്തു. യൂണിവേഴ്സിറ്റി കോളേജ് ഇംഗ്ലീഷ് അസിസ്റ്റൻറ് പ്രൊഫസറും സാമൂഹ്യനീതി വകുപ്പിന്റെ പ്രത്യേക ആദരത്തിന് അർഹയുമായ ഡോ. വി. ശാരദാ ദേവി പുസ്തകം ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച ‘സവിശേഷ: കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്’ (Savisesha: Carnival of the Different) ഭിന്നശേഷി സര്‍ഗ്ഗോത്സവ വേദിയിലാണ് പുസ്തക പ്രകാശനം നടന്നത്. കാനഡയിലെ ഭിന്നശേഷി പുനരധിവാസ രംഗത്തെ വിദഗ്ധയായ ജെന്‍ പോളി രചിച്ച ‘മേക്കിംഗ് എ ഹോം: എ ലിവിങ് ഇന്‍ ദി കമ്മ്യൂണിറ്റി ഫോര്‍ യങ് ഡിസേബിള്‍ഡ്’ (Making a Home: A Living in the Communtiy for Young Disabled) എന്ന ലോകപ്രശസ്ത ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനമാണിത്.
കാനഡയിലെ നോവ സ്കോഷ്യ സർക്കാരിൽ ഡിസബിലിറ്റി പോളിസി സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിക്കുന്ന മുഹമ്മദ് ഹസ്രത്താണ് വിവര്‍ത്തനം നിര്‍വ്വഹിച്ചിരിക്കുന്നത്. മുതിര്‍ന്ന ഭിന്നശേഷിക്കാര്‍ക്ക് എങ്ങനെ സ്വയംപര്യാപ്തതയോടെ സമൂഹത്തിന്റെ ഭാഗമായി ജീവിക്കാന്‍ കഴിയും എന്ന സങ്കീര്‍ണ്ണമായ വിഷയത്തിന് പ്രായോഗിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതാണ് ഈ കൃതി.
ഭിന്നശേഷി സൗഹൃദ കേരളം കെട്ടിപ്പടുക്കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിയമസഭാംഗങ്ങള്‍ക്കും സന്നദ്ധ സംഘടനകൾക്കും പഠിതാക്കൾക്കും മാതൃകയാക്കാവുന്ന നിര്‍ദ്ദേശങ്ങള്‍ പുസ്തകത്തിലുണ്ട്. ഉറവ പബ്ലിക്കേഷന്‍സ്, മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് (Able World), റയാന്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. മഅ്ദിന്‍ അക്കാദമിയുടെ ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തനങ്ങളിലെ സുപ്രധാന ചുവടുവെപ്പുകൂടിയാണിത്.
ചടങ്ങില്‍ സാമൂഹിക നീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ഡോ. അദീല അബ്ദുല്ല ഐ.എ.എസ്, ഭിന്നശേഷി ക്ഷേമ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. ജയഡാളി എം.വി, ഡോ. മിദുന്‍ പ്രേംരാജ് ഐ.എ.എസ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദര്‍ശിനി, കെ. ആന്‍സലന്‍ എം.എല്‍.എ, സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ ഡോ. പി.ടി ബാബുരാജ്, ഓട്ടിസം ക്ലബ് സെക്രട്ടറി ശിവദാസ് എ. കെ , മഅദിൻ ഏബിൾവേൾഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനീർ മോങ്ങം തുടങ്ങിയവർ സംബന്ധിച്ചു. കോപ്പികള്‍ക്ക്:+91 7356114436 (ഇന്ത്യ), +1 9027199790 (കാനഡ).





