Kerala
മര്‍കസ് 'കിഡ്സ്പയര്‍' കലാമേള സമാപിച്ചു; കുരുന്നുകളുടെ സര്‍ഗ്ഗപ്രതിഭയ്ക്ക് എരഞ്ഞിപ്പാലത്ത് ഉജ്ജ്വല വേദി
എരഞ്ഞിപ്പാലം മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കാമ്പസില്‍ വെച്ച് നടന്ന മേള മുന്‍ മന്ത്രിയും എം.എല്‍.എയുമായ അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്| മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സിന്റെ (MGS) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വിപുലമായ കിഡ്‌സ് കലോത്സവം ‘കിഡ്സ്പയര്‍’ (KIDSPIRE) ആവേശകരമായ സമാപ്തി. എരഞ്ഞിപ്പാലം മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ കാമ്പസില്‍ വെച്ച് നടന്ന മേള മുന്‍ മന്ത്രിയും എം.എല്‍.എയുമായ അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു.
കുരുന്നുകളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരുക്കിയ ഈ മഹാമേളയില്‍ മര്‍കസ് ഗ്രൂപ്പിന് കീഴിലുള്ള പതിനഞ്ചിലധികം സ്‌കൂളുകളില്‍ നിന്നായി 960-ലേറെ വിദ്യാര്‍ത്ഥികളാണ് മാറ്റുരച്ചത്. എട്ട് വേദികളിലായി 50-ഓളം വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക മത്സരങ്ങളാണ് പരിപാടിയുടെ ഭാഗമായി ക്രമീകരിച്ചിരുന്നത്. കുരുന്നുകളുടെ പാട്ടും നൃത്തവും ചിത്രരചനയും കഥപറച്ചിലുമെല്ലാം മേളയെ വര്‍ണ്ണാഭമാക്കി.
ചടങ്ങില്‍ മലപ്പുറം സ്പിന്നിങ് മില്‍ ചെയര്‍മാന്‍ സി. യൂസുഫ് ഹാജി മുഖ്യാതിഥിയായിരുന്നു. മര്‍കസ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സി.എ.ഒ വി.എം റഷീദ് സഖാഫി, പി എസ് ടു ജി എസ് ബാദുഷ സഖാഫി,
മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ജോയിന്റ് ഡയറക്ടര്‍ കെ കെ ഷമീം കല്‍പേനി, എം ജി എസ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹ്മൂദ്, അക്കാദമിക് ഡയറക്ടര്‍ മുഹമ്മദ് ഷാഫി പി തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ സംബന്ധിച്ചു. പ്രീ-പ്രൈമറി തലം മുതല്‍ കുട്ടികളുടെ കലാപരമായ കഴിവുകളെ ശാസ്ത്രീയമായി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ വര്‍ഷവും ‘കിഡ്സ്പയര്‍’ സംഘടിപ്പിച്ചു വരുന്നത്. വിവിധ മത്സരങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വെച്ച് നടന്നു. രക്ഷിതാക്കളുടെയും അധ്യാപകരുടെയും വലിയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മേള ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സമാപിച്ചത്.





