Kerala
മഅ്ദിൻ അക്കാദമിക്ക് വേൾഡ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗിൽ അംഗത്വം
ഈജിപ്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റീസ് ലീഗിൽ ലോകത്തെ മുന്നൂറോളം ഇസ്ലാമിക് സർവ്വകലാശാലകൾ അംഗങ്ങളാണ്.
കൈറോ | വിദ്യാഭ്യാസ–ഗവേഷണ രംഗത്തെ അന്താരാഷ്ട്ര സാന്നിധ്യം ശക്തിപ്പെടുത്തി മഅ്ദിൻ അക്കാദമിക്ക് വേൾഡ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗിൽ അംഗത്വം. ഈജിപ്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റീസ് ലീഗിൽ ലോകത്തെ മുന്നൂറോളം ഇസ്ലാമിക് സർവ്വകലാശാലകൾ അംഗങ്ങളാണ്.
കൈറോയിൽ വെച്ച് നടന്ന അംഗത്വ പ്രഖ്യാപന ചടങ്ങിൽ മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരിയും യൂണിവേഴ്സിറ്റീസ് ലീഗ് സെക്രട്ടറി ജനറൽ ഡോ. സാമി ശരീഫും ചേർന്ന് അന്താരാഷ്ട്ര അക്കാദമിക്ക് സഹകരണ കരാറിൽ ഒപ്പുവെച്ചു.
സ്ഥാപിതമായി മൂന്ന് പതിറ്റാണ്ടുകൾ പിന്നിടുന്ന മഅ്ദിൻ അക്കാദമി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ ബുഖാരിയുടെ ധൈഷണിക നേതൃത്വത്തിന് കീഴിൽ വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹ്യ സേവന രംഗങ്ങളിൽ കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ച ഡോ. സാമി ശരീഫ്, യൂണിവേഴ്സിറ്റി ലീഗിൽ മഅ്ദിൻ അക്കാദമിയുടെ അംഗത്വം ഇന്തോ-അറബ് വിദ്യാഭ്യാസ സഹകരണ മേഖലകളിൽ കൂടുതൽ വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് വഴിതെളിക്കുമെന്നും പ്രസ്താവിച്ചു.
ചടങ്ങിൽ ഡോ. വലീദ് അബ്ദുറഹ്മാൻ, ഡോ. മുഹമ്മദ് ഖുറഷി, ഡോ. മുഹമ്മദ് ഹദ്ദാദ് എന്നിവർ സന്നിഹിതരായി. ഈജിപ്ത് പ്രസിഡണ്ട് ഡോ അബ്ദുൽ ഫത്താഹ് സീസിയുടെ മേൽനോട്ടത്തിൽ നടന്ന അന്താരാഷ്ട്ര ഇസ്ലാമിക് സമ്മേളന അതിഥിയായി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശത്തിനായി കൈറോയിൽ എത്തിയതായിരുന്നു ഖലീൽ ബുഖാരി തങ്ങൾ.





