Kerala
ഉമ്മന്‍ ചാണ്ടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് ഗണേഷ് കുമാര്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം: വി ഡി സതീശന്‍
കടകംപള്ളിയുടെ ഫോട്ടോയല്ല, ശബരിമലയില്‍ എല്ലാം നടന്നത് അദ്ദേഹത്തിന്റെ അറിവോടെയായിരുന്നു എന്നതാണ് പ്രശ്നം.
ന്യൂഡല്‍ഹി | ഉമ്മന്‍ ചാണ്ടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി ഗണേഷ്‌കുമാര്‍ പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ ചാണ്ടിയെ എല്ലാവര്‍ക്കും അറിയാം. ഗണേഷ് കുമാറിന്റെ ജീവിതം തകര്‍ക്കാര്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. മറിച്ച് ഗണേഷിനെ ചേര്‍ത്തുപിടിക്കാനാണ് ശ്രമിച്ചത്. അതേക്കുറിച്ച് നന്നായി അറിയാവുന്ന ആളാണ് അന്ന് മന്ത്രിയായിരുന്ന ഷിബു ബേബിജോണ്‍. കുടുംബ വിഷയം പറയാന്‍ എനിക്ക് ഒരു താത്പര്യവുമില്ല. ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് പറഞ്ഞതു കൊണ്ടാണ് പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ തന്നെ എന്താണ് സംഭവിച്ചതെന്ന് മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.
ഉണ്ണികൃഷ്ണന്‍ പോറ്റി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുമുണ്ട്. കള്ളന്‍ അല്ലാതിരുന്ന കാലത്താണ് പോറ്റിയെ അടൂര്‍ പ്രകാശ് കണ്ടത്. അദ്ദേഹത്തിന്റെ നിയോജക മണ്ഡലത്തിലുള്ള ആളാണ് പോറ്റി. സ്വര്‍ണക്കൊള്ളയുമായി അടൂര്‍ പ്രകാശിന് എന്ത് ബന്ധമാണുള്ളത്. എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ അവര്‍ നിയോഗിച്ച ദേവസ്വം ബോര്‍ഡിന്റെ കാലത്താണ് ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നത്. എന്നിട്ടും എന്തിനാണ് മറ്റുള്ളവരെ ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നത്. കടകംപള്ളി അന്ന് ദേവസ്വം വകുപ്പ് മന്ത്രിയാണ്. ദേവസ്വം ബോര്‍ഡിലെ പ്രസിഡന്റിന്റെയും അംഗങ്ങളുടെയും നിയമനം പൊളിറ്റിക്കലാണ്. ഇത്രയും പ്രധാനപ്പെട്ട സംഭവം അവിടെ നടക്കുമ്പോള്‍ മന്ത്രിക്ക് അറിഞ്ഞില്ലെന്ന് പറയാനാകില്ല. എന്താണ് നടക്കുന്നതെന്ന് മന്ത്രി അറിയണം.
സ്വര്‍ണക്കള്ളക്കടത്തില്‍ നാളെ ഒരാള്‍ അറസ്റ്റിലായാല്‍ അയാള്‍ക്കൊപ്പം ഫോട്ടോ എടുത്തവര്‍ മുഴുവന്‍ പ്രതികളാകുന്നത് എങ്ങനെയാണ്? മന്ത്രി മുഹമ്മദ് റിയാസ് ഒരു വ്ളോഗറെ കൊണ്ടു വന്ന് ടൂറിസത്തിനു വേണ്ടി പ്രചാരണം നടത്തി. അവര്‍ പിന്നീട് ചാരപ്രവൃത്തി നടത്തിയെന്നു തെളിഞ്ഞപ്പോള്‍ എല്ലാവരും റിയാസിനെ ആക്രമിച്ചു. പക്ഷെ റിയാസ് ഉത്തരവാദിയല്ലെന്നാണ് ഞാന്‍ പറഞ്ഞത്. ആ മാന്യതയാണ് സി പി എം കാണിക്കേണ്ടത്. സ്പൈ ആണെന്ന് അറിഞ്ഞാല്‍ ഏതെങ്കിലും മന്ത്രി അവരെ കൊണ്ടുവരുമോ? സ്പൈ ആണെന്ന് പിന്നെയാണ് അറിഞ്ഞത്.
കടകംപള്ളി ദേവസ്വം മന്ത്രിയായിരുന്ന ആളാണ്. ദേവസ്വം പ്രസിഡന്റും അംഗങ്ങളും ഉള്‍പ്പെടെയുള്ളവര്‍ കടകംപള്ളിയുമായി ആലോചിക്കാതെ ഇതുപോലുള്ള നിര്‍ണായക തീരുമാനം എടുക്കില്ല. എല്ലാ തീരുമാനങ്ങളിലും കടകംപള്ളിക്ക് പങ്കുണ്ട്. കടകംപള്ളിയെ ബന്ധപ്പെടുത്തുന്നതു പോലെയല്ല മറ്റുള്ളവരെ ബന്ധപ്പെടുത്തുന്നത്. കടകംപള്ളിയുടെ ഫോട്ടോയല്ല പ്രശ്നം. അദ്ദേഹം അന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുകയായിരുന്നു. അതാണ് പ്രശ്നമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.




