Kerala
വൃദ്ധ മാതാപിതാക്കളെ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ചു; മകന്‍ അറസ്റ്റില്‍
കടപ്ര മാന്നാര്‍ തോട്ടുമട സ്വദേശി തുരുത്തേല്‍ വീട്ടില്‍ നദീഷ് (39)നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുവല്ല | വൃദ്ധ മാതാപിതാക്കള്‍ക്ക് നിയമപരമായ സംരക്ഷണവും പരിചരണവും നല്‍കാതെ നിരന്തരം ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. കടപ്ര മാന്നാര്‍ തോട്ടുമട സ്വദേശി തുരുത്തേല്‍ വീട്ടില്‍ നദീഷ് (39)നെയാണ് പുളിക്കീഴ് പോലീസ് അറസ്റ്റ് ചെയ്തത്.
മദ്യപിച്ചെത്തി സ്ഥിരമായി ദേഹോപദ്രവമേല്‍പ്പിച്ചിരുന്നതിനാല്‍ മകനെതിരെ പിതാവ് തിരുവല്ല ആര്‍ ഡി ഒ കോടതിയില്‍ നല്‍കിയ പരാതിയില്‍ പ്രതി വീട്ടില്‍ നിന്നും മാറി താമസിക്കുന്നതിന് ഉത്തരവായിരുന്നു. ഇതനുസരിച്ച് മാറിത്താമസിച്ച പ്രതി പിന്നീട് ഉത്തരവ് ലംഘിച്ച് വീട്ടിലെത്തി ദേഹോപദ്രവം തുടര്‍ന്നു. ഇതോടെ പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചു.
‘മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും ആക്ട് 2007’ പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കാന്‍ കോടതി ഉത്തരവായി. പുളിക്കീഴ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ നൗഫല്‍ എസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നദീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.




