local body election 2025
വേങ്ങര ഡിവിഷനില്‍ പൊതുപ്രവര്‍ത്തന രംഗത്ത് കരുത്ത് തെളിയിച്ചവര്‍ തമ്മില്‍
നിലവില്‍ ഈ ഡിവിഷനില്‍ നിന്നും ജയിച്ച് കയറിയത് യു ഡി എഫ് അംഗങ്ങളാണ്.
വേങ്ങര | നിയോജക മണ്ഡലത്തിന്റെ ആസ്ഥാനമായ ജില്ലാ പഞ്ചായത്ത് വേങ്ങര ഡിവിഷനില്‍ മത്സരിക്കുന്നത് പൊതുപ്രവര്‍ത്തന രംഗത്ത് കരുത്ത് തെളിയിച്ചവരാണ്. വേങ്ങര ബ്ലോക്കിലെ ഇരിങ്ങല്ലൂര്‍, എടയാട്ടുപറമ്പ്, വേങ്ങര, ഊരകം ഡിവിഷനുകള്‍ ഉള്‍പ്പെട്ടതാണ് വേങ്ങര ഡിവിഷന്‍. പരിധിയില്‍പെടുന്ന പറപ്പൂര്‍, വേങ്ങര, ഊരകം പഞ്ചായത്തുകളില്‍ യു ഡി എഫാണ് ഭരിക്കുന്നത്.
നിലവില്‍ ഈ ഡിവിഷനില്‍ നിന്നും ജയിച്ച് കയറിയത് യു ഡി എഫ് അംഗങ്ങളാണ്. കഴിഞ്ഞകാല യു ഡി എഫ് പ്രതിനിധികളുടെ പദ്ധതികളും വികസനങ്ങളുമാണ് യു ഡി എഫ് പ്രചാരണ ആയുധമാക്കുന്നത്.
എന്നാല്‍ ജില്ലാ പഞ്ചായത്ത് കാര്യമായ പദ്ധതികള്‍ വേങ്ങരയില്‍ നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എല്‍ ഡി എഫ് പ്രചാരണം നടത്തുന്നത്. മുസ്‌ലിം ലീഗിലെ പി കെ അസ്‌ലുവാണ് യു ഡി എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന പ്രധാന ലീഗ് നേതാവാണ് അസ്‌ലു. പി കെ കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനാണ് ഊരകം കാരാത്തോട് സ്വദേശിയായ പി കെ അസ്‌ലു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗവും മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റുമാണ്. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലം വിട്ട് മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുന്ന പക്ഷം കുഞ്ഞാലിക്കുട്ടിയുടെ പിന്മുറക്കാരനായി വേങ്ങര മണ്ഡലത്തില്‍ പി കെ അസ്‌ലു മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയായിരുന്നു അസ്‌ലുവിന്റെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിത്വം.
എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് സി പി ഐയിലെ പി കെ അബ്ദുല്‍ റഷീദാണ്. എ ആര്‍ നഗര്‍ സ്വദേശിയായ ഇദ്ദേഹം സി പി ഐ വേങ്ങര മണ്ഡലം കമ്മിറ്റി അംഗം, എ ഐ വൈ എഫ് വേങ്ങര മണ്ഡലം സെക്രട്ടറി സ്ഥാനങ്ങള്‍ വഹിച്ച് വരുന്നു. സാമൂഹിക പ്രവര്‍ത്തന രംഗത്തും സജീവമാണ്. സി പി ഐയുടെ ഔദ്യോഗിക ചിഹ്നമായ അരിവാള്‍ നെല്‍കതിര്‍ അടയാളത്തിലാണ് മത്സരിക്കുന്നത്. ഹനീഫ കരുമ്പില്‍ (എസ് ഡി പി ഐ), ജരകൃഷ്ണന്‍ (ബി ജെ പി), നൗഷാദ് ചെലക്കറമ്പില്‍ (സ്വതന്ത്രന്‍) എന്നിവരും മത്സര രംഗത്തുണ്ട്.


