International
അമേരിക്കയെ മഹത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരും; പ്രസിഡന്റ് പദവി നോട്ടമിട്ട് വീണ്ടും ട്രംപ്
അമേരിക്കയുടെ തിരിച്ചുവരവ് ഇപ്പോള്‍ മുതല്‍ ആരംഭിക്കുകയാണെന്ന് ട്രംപ്.

വാഷിങ്ടണ്‍ | 2024ല്‍ യു എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ലഭിക്കാനുള്ള ശ്രമത്തിലാണെന്ന് 76കാരനായ മുന്‍ പ്രസിഡന്റ് പറഞ്ഞു. അമേരിക്കയെ വീണ്ടും മഹത്തരവും പ്രശസ്തവുമാക്കുകയാണ് ലക്ഷ്യമെന്ന് ട്രംപ് പറഞ്ഞു. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആസ്ഥാനമാക്കാന്‍ ഉദ്ദേശിക്കുന്ന ഫ്‌ളോറിഡയിലെ മാര്‍ എ ലാഗോവിലുള്ള എസ്റ്റേറ്റില്‍ തടിച്ചുകൂടിയ അനുയായികളോട് സംസാരിക്കവെയാണ് ട്രംപ് സുപ്രധാന വിവരം അറിയിച്ചത്.
അമേരിക്കയുടെ തിരിച്ചുവരവ് ഇപ്പോള്‍ മുതല്‍ ആരംഭിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ‘ജനങ്ങളെ ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രചാരണത്തിന് തുടക്കമിടുന്നത്. അടുത്ത തവണ വൈറ്റ് ഹൗസ് പിടിക്കണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നുവെങ്കില്‍ ഒരു രാഷ്ട്രീയക്കാരനെയോ പരമ്പരാഗത സ്ഥാനാര്‍ഥിയെയോ നാമനിര്‍ദേശം ചെയ്യുന്നതില്‍ അര്‍ഥമുണ്ടാകില്ല. ഇത് എന്റെ സ്വന്തം പ്രചാരണമല്ല. നമ്മള്‍ ഒത്തുചേര്‍ന്ന് നടത്തേണ്ട പ്രചാരണമാണ്.