International
അമേരിക്ക ശരാശരി ഒരു ദിവസം എട്ട് ഇന്ത്യക്കാരെ പുറത്താക്കുന്നു
കഴിഞ്ഞ ഏഴു മാസത്തിനകം 1,703 ഇന്ത്യാക്കാരെയാണ് ട്രംപ് ഭരണകൂടം നാടുകടത്തിയത്. കേരളത്തില്‍ നിന്നുള്ള എട്ടു പേരും നാടുകടത്തപ്പെട്ടു

വാഷിംഗ്ടണ്‍ | അമേരിക്ക ശരാശരി ഒരു ദിവസം എട്ട് ഇന്ത്യക്കാരെ പുറത്താക്കുന്നതായി വിവരം. ട്രംപിന്റെ നാടുകടത്തല്‍ നയം കാരണം ഇന്ത്യക്കാരും വലിയ തിരിച്ചടി നേരിടുകയാണ്.
കഴിഞ്ഞ ഏഴു മാസത്തിനകം യു എസ് പൗരത്വമില്ലാത്ത 1,703 ഇന്ത്യാക്കാരെയാണ് ട്രംപ് ഭരണകൂടം നാടുകടത്തിയത്. കേരളത്തില്‍ നിന്നുള്ള എട്ടു പേരും അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ടെന്നാണ് കണക്ക്. ഇക്കഴിഞ്ഞ ജൂലൈ 22 വരെയുള്ള കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട 1,703 ഇന്ത്യക്കാരില്‍ 1,562 പുരുഷന്മാരും 141 സ്ത്രീകളുമുണ്ട്. പഞ്ചാബില്‍ നിന്നുള്ളവരാണ് ഇന്ത്യയില്‍ മടങ്ങിയെത്തിയതില്‍ മുന്നിലുള്ളത്. വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും ട്രംപ് ഭരണകൂടം നാടുകടത്തല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്.
‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ എന്ന പരസ്യവാചകവുമായി രണ്ടാം തവണയും അധികാരത്തിലേറിയ ഡോണള്‍ഡ് ട്രംപിന്റെ ഏഴ് മാസത്തെ ഭരണത്തിലാണ് നാടുകടത്തല്‍ ശക്തമാക്കിയത്. യു എസ് പ്രസിഡന്റ് പദത്തില്‍ വീണ്ടുമെത്തിയതിന് പിന്നാലെയുള്ള ട്രംപിന്റെ സുപ്രധാന തീരുമാനമായിരുന്നു കുടിയേറ്റക്കാരെ നാടുകടത്തും എന്നത്.
അതിനിടെ, വ്യാപാര കരാറിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി പരസ്യ ഏറ്റുമുട്ടല്‍ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വിഷയം സംയമനത്തോടെ കൈകാര്യം ചെയ്യാനാണ് ധാരണയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. തീരുവ ഇളവ് നല്‍കാവുന്ന കൂടുതല്‍ ഉത്പന്നങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.