opposition unity
ബദല്‍ ശക്തികള്‍ വരമ്പത്ത് നില്‍ക്കരുത്
ഇരകള്‍ സ്വന്തമായി പ്രതിരോധിക്കുന്നത് ഫലപ്രദമല്ല. അവരെ മാത്രം രാഷ്ട്രീയ ബുള്‍ഡോസറുകള്‍ക്കു മുമ്പില്‍ എറിഞ്ഞു കൊടുത്ത് വരമ്പത്തു കയറി നില്‍ക്കുന്ന സാഹചര്യങ്ങള്‍ പലതുണ്ടായി. ജയിച്ചാലും തോറ്റാലും അവരോടൊപ്പം നിരന്തരം നിലയുറപ്പിക്കുന്നതിലൂടെ മാത്രമേ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ മാറ്റം സാധ്യമാകുകയുള്ളൂ. മാറ്റങ്ങള്‍ക്കു വേണ്ടി പൊരുതുന്ന മനുഷ്യരോടൊപ്പവും കക്ഷികളോടൊപ്പവും നിലകൊള്ളലാണ് ബദല്‍ നിര്‍മാണം.
		
      																					
              
              
            ഫാസിസ്റ്റ് വിരുദ്ധതയും മതേതര ജനാധിപത്യ പ്രതിബദ്ധതയും ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും ഒരേ അളവിലായിരിക്കില്ല. അവയുടെ മൂര്‍ച്ച കുറഞ്ഞും കൂടിയും കാണപ്പെടുമല്ലോ. എങ്കിലും സാധ്യമാകുന്നത്ര ശക്തികളെ ഒരുമിച്ചു നിര്‍ത്താനുള്ള അടവും തന്ത്രവും നയങ്ങളും ഉള്ള പാര്‍ട്ടികളാണ് ഈ ലക്ഷ്യം നേടാന്‍ മുന്നിലുണ്ടാകുക. ഏതെങ്കിലുമൊരു സംസ്ഥാനത്ത് ബി ജെ പിയെ തോല്‍പ്പിച്ച് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍, അത് ബി ജെ പി വരുന്നതിനേക്കാള്‍ നല്ലതാണല്ലോ. മറ്റു മതേതര കക്ഷികള്‍ക്ക് അധികാരത്തിലെത്താന്‍ സാധിക്കാതെ പോകുന്ന സ്ഥലങ്ങളില്‍ പ്രത്യേകിച്ചും.
ആം ആദ്മി പാര്‍ട്ടി ബി ജെ പിയുടെ ബി ടീം ആണെന്ന ആരോപണം ഉയര്‍ത്തപ്പെടുന്ന കാലഘട്ടമാണല്ലോ. “എ’ ടീം വരുന്നതിനേക്കാള്‍ എപ്പോഴും “ബി’ ടീം വരുന്നതാണല്ലോ ആപത്തിനെ ലഘൂകരിക്കുക. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സിനെ പിന്തുണച്ച് അവരോടൊപ്പം ഭരണത്തിലെത്തിയ ശിവസേനയെ മതേതര പാര്‍ട്ടികള്‍ സ്വാംശീകരിച്ചത് അതുകൊണ്ടാണല്ലോ. ഇപ്പോള്‍ കറന്‍സിയില്‍ ലക്ഷ്മിയുടെയും ഗണപതിയുടെയും പടം വേണമെന്ന് കെജ്‌രിവാള്‍ വാദിക്കുന്നു. അത് കേട്ടപാടെ അദ്ദേഹത്തിനെ മാത്രമല്ല ആ പാര്‍ട്ടിയെ മൊത്തത്തില്‍ ബി ജെ പി പാളയത്തിലേക്ക് ആട്ടിയോടിക്കാനുള്ള തിടുക്കത്തിലാണ് ചിലര്‍. ശുദ്ധമതേതര വാദികളെന്ന് മേനി നടിക്കുന്നവര്‍ വിശേഷിച്ചും.
രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമൊക്കെ ഏതെങ്കിലും ക്ഷേത്രത്തില്‍ പോയാല്‍, കുറിതൊട്ടാല്‍, ഉത്സവങ്ങളില്‍ പങ്കെടുത്താലുടന്‍ അവരെയും കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും മൊത്തം മൃദുഹിന്ദുത്വ വാദികളാക്കി ചിത്രീകരിക്കാറുള്ളത് ഓര്‍മയുണ്ടല്ലോ. ഇന്ത്യന്‍ ജനതയെ ഒരു പോലെ കാണാന്‍ ആഗ്രഹിക്കുന്നവരും ജാതിമതങ്ങള്‍ക്കതീതമായി ചിന്തിക്കുന്നവരും ആയിരിക്കണമല്ലോ മതേതരവാദികള്‍. അത്തരക്കാര്‍ കുറച്ചു കൂടി വിശാലഹൃദയരായിരിക്കേണ്ടത് മതേതര ഇന്ത്യയെന്ന രാഷ്ട്രീയ ലക്ഷ്യസാക്ഷാത്കരണത്തിന് അനിവാര്യമാണ്.
ബുദ്ധിപൂര്‍വം പ്രതികരിക്കേണ്ടുന്ന സമയമാണത്. കെജ്‌രിവാളിന്റെയും അതുപോലുള്ളവരുടെയും അഭികാമ്യമല്ലാത്ത നിലപാടുകള്‍ തിരുത്താന്‍ അവരുമായി ചര്‍ച്ച ചെയ്തും മറ്റുവിധത്തിലും പരിശ്രമിക്കുകയാണാദ്യം ചെയ്യേണ്ടത്. മതേതര പക്ഷത്തും പരമാവധി ബന്ധുക്കളെ സമാഹരിക്കലാണ് ബുദ്ധി. ആരെയും നിരാകരിക്കാനും അപ്പുറത്തേക്ക് ആട്ടിയോടിക്കാനും വളരെ എളുപ്പമാണ്. തങ്ങളുടെ മതേതര നിലപാടുകളോട് ചേര്‍ത്തു നിര്‍ത്താന്‍ അല്‍പ്പം പാടുപെടണം. ആം ആദ്മി ഭരിക്കുന്ന ഡല്‍ഹിയിലും പഞ്ചാബിലും അവരെ തകര്‍ക്കാനും ഭരണം അട്ടിമറിക്കാനും മനോവീര്യം കെടുത്താനും കേന്ദ്ര ഭരണാധികാരികള്‍ ഏറെ നാളായി ശ്രമിച്ചു വരികയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരോടൊപ്പം നില്‍ക്കാനും കേന്ദ്ര ഗൂഢാലോചനകളെ നേരിടാനും മറ്റൊരു മതേതര കക്ഷിയും ഇറങ്ങിപ്പുറപ്പെട്ടതായി കണ്ടിട്ടില്ല. അവര്‍ക്ക് അവര്‍ മാത്രമേ ഉള്ളൂ. ചിദംബരത്തെയും ഡി കെ ശിവകുമാറിനെയും സോണിയ, രാഹുല്‍ എന്നിവരെയും ഇതരരാഷ്ട്രീയ എതിരാളികളെയുമൊക്കെ രാഷ്ട്രീയ കാരണങ്ങളാല്‍ കേന്ദ്ര ഏജന്‍സികള്‍ പീഡിപ്പിക്കുമ്പോഴും മറ്റുള്ളവര്‍ അധികവും അകലം പാലിക്കുകയും മൗനം ദീക്ഷിക്കുകയുമാണ് ചെയ്തത്. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. അഴിമതിക്കാര്‍ പിടിക്കപ്പെടണം. നിയമപരമായ ആയുധങ്ങളെ രാഷ്ട്രീയ ആയുധമാക്കാന്‍ പാടില്ലല്ലോ. കേരളത്തിലും ഈ പ്രയോഗം കേന്ദ്ര സര്‍ക്കാര്‍ നടത്തിയതാണ്. മമതാ ബാനര്‍ജി എന്ന തന്റേടിയായ ബംഗാളി നേതാവിനെ ചങ്ങലക്കിടാനും ഭരണം അട്ടിമറിക്കാനും എത്രയോ തവണ ശ്രമിക്കുന്നതും നാം കണ്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ നടത്തിയതു പോലുള്ള ശക്തമായ പോരാട്ടം മറ്റൊരു സംസ്ഥാനത്തും വേണ്ടി വന്നിട്ടില്ല. എന്നിട്ടും അവരുടെ ദുരിത കാലങ്ങളില്‍ മറ്റു മതേതര കക്ഷികള്‍ അവരോടൊപ്പം നിന്നുവെന്ന് തെളിയിക്കാന്‍ വല്ലതുമുണ്ടോ? അവര്‍ നേരത്തേ ബി ജെ പിയോടൊപ്പം നിന്നവരാണ്. മതേതര കക്ഷികള്‍ അവശ്യഘട്ടങ്ങളില്‍ പുലര്‍ത്തുന്ന നിസ്സംഗത സംഘ്പരിവാറിനെ ശക്തിപ്പെടുത്തുകയും സ്വന്തം ചേരിയെ ദുര്‍ബലമാക്കുകയും ചെയ്യുന്നു. മമത മതേതര ശക്തികളെ യോജിപ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങളെ ഇതര കക്ഷികള്‍ പ്രോത്സാഹിപ്പിച്ചതുമില്ല. അവര്‍ സ്വയം അനുഭവിച്ച് ഇപ്പോള്‍ തളര്‍ന്നുകാണും. ഇല്ലെങ്കില്‍ അവരുടെ പോരാട്ടം തുടരുമായിരിക്കാം. ബി ജെ പിയെ പ്രീണിപ്പിക്കാനും കളം മാറിച്ചവിട്ടാനും അവര്‍ ഭാവിയില്‍ ശ്രമിച്ചാല്‍ എന്ത് പറയാനാകും. സ്വയം രക്ഷപ്പെടാനും തന്റെ പാര്‍ട്ടിയെയും ഭരണത്തെയും രക്ഷിക്കാനും അവര്‍ക്ക് ബാധ്യതയുണ്ടല്ലോ. ബിഹാറില്‍ നിതീഷ് കുമാറും പാര്‍ട്ടിയും ഭരണമുണ്ടായിട്ടും ബി ജെ പി ക്യാമ്പില്‍ നിന്ന് മാറി പുതിയ മതേതര ഭരണം സ്ഥാപിച്ചു. തന്റെ തെറ്റുകള്‍ തിരുത്തിയെന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. തികച്ചും അഭിനന്ദനാര്‍ഹമായ ഒരു നടപടിയായിരുന്നുവത്. രാഷ്ട്രീയ ജനതാ ദള്‍ അദ്ദേഹത്തെ സഹായിച്ചത് മറക്കുന്നില്ല. കോണ്‍ഗ്രസ്സും നല്ല നിലപാട് സ്വീകരിച്ചു. നിതീഷ് കുമാറും എല്ലാ മതേതര കക്ഷി നേതാക്കളെയും ചെന്നുകണ്ടു. ഒരു സഖ്യരൂപവത്കരണത്തിന് ചില പരിശ്രമങ്ങള്‍ നടത്തുകയുണ്ടായി. എന്നാല്‍ അതിനെ വേണ്ടത്ര പ്രോത്സാഹിപ്പിക്കാന്‍ വേണ്ടത്ര താത്പര്യം ബന്ധപ്പെട്ടവര്‍ കാണിച്ചതായി കരുതുന്നില്ല. താമസിയാതെ ബിഹാറിലും ചില അട്ടിമറി ശ്രമങ്ങള്‍ ബി ജെ പി ആരംഭിക്കാതിരിക്കാനിടയില്ല. അന്ന് ലഭ്യമാകുന്ന സഹായങ്ങള്‍ക്കനുസരിച്ച് കാര്യങ്ങള്‍ മാറിയേക്കാം. തെലങ്കാനയില്‍ ചന്ദ്രശേഖര റാവു സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ തുടങ്ങി. എം എല്‍ എമാരെ കൂറുമാറ്റി. തത്കാലം ചില പ്രതിരോധങ്ങള്‍ തീര്‍ക്കാന്‍ ടി ആര്‍ എസിനു കഴിഞ്ഞു. എങ്കിലും കേന്ദ്രം അടങ്ങിയിരിക്കാനിടയില്ല. തെലങ്കാനയോടൊപ്പം നില്‍ക്കാന്‍ ഇന്ത്യയിലാകമാനമുള്ള മതേതര കക്ഷികള്‍ക്ക് കഴിയണം. അല്ലാതെ ഫലമുണ്ടാകില്ല. കേരളത്തിലടക്കം വന്ന് പല നേതാക്കളെയും കണ്ട് ചന്ദ്രശേഖര റാവു ഒരു ദേശീയ സഖ്യസങ്കല്‍പ്പം മുന്നോട്ടുവെച്ചിരുന്നു. അതിന് കാര്യമായ പിന്തുണ നേടാനായില്ല.
മനുഷ്യരുടെ ദൈനംദിനാവശ്യങ്ങള്‍ മികച്ച രീതിയില്‍ നിറവേറ്റും. ഏതാനും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും. ഈ വിധത്തില്‍ ജനപിന്തുണ നേടുന്ന രീതിയാണ് കെജ്‌രിവാളും സംഘവും ഇതുവരെ പയറ്റിയത്. വലിയ ഗഹനമായ രാഷ്ട്രീയ കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് അത്ര താത്പര്യമില്ലെന്ന് ഇവര്‍ പഠിച്ചിട്ടുണ്ട്. ഭരണഘടന, ജനാധിപത്യം, മതേതരത്വം, ഫാസിസം തുടങ്ങിയ വിഷയങ്ങള്‍ വിശേഷ ദിവസങ്ങളില്‍ ചിലപ്പോള്‍ പറഞ്ഞെങ്കിലായി. യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധമൊന്നും അവരെ ബാധിക്കുന്നില്ല. സാര്‍വ ദേശീയത, ദേശീയത, സാമ്പത്തിക നയം ഇവയൊന്നും അത്യാവശ്യ കാര്യമല്ലെന്ന് അവര്‍ കരുതുന്നുണ്ടാകാം. തത്കാലം ഒരു സംസ്ഥാനമൊക്കെ ജയിക്കാനുള്ള പൊടിക്കൈകള്‍ അവര്‍ക്കറിയാം. ബി ജെ പിയുടെ ഹിന്ദുത്വ അജന്‍ഡയും അക്രമണോത്സുകതയും തങ്ങളുടെ മൂക്കില്‍ വന്ന് മുട്ടുമ്പോള്‍ ചിലത് ചെയ്യുന്നതാണ് ശൈലി. ഗുജറാത്തില്‍ ജയിച്ചു കയറാന്‍ അവര്‍ നടത്തുന്ന പരിശ്രമങ്ങള്‍ മതിയാകാതെ വന്നതു കൊണ്ട് അല്‍പ്പം ഹിന്ദുത്വ മേല്‍പ്പൊടിയായി കറന്‍സിയുടെ പരിഷ്‌കരണം അജന്‍ഡയാക്കിയതാണെന്ന് തോന്നുന്നു. ഇതേ കാര്യം പണ്ട് സുബ്രഹ്‌മണ്യൻ സ്വാമി പറഞ്ഞിട്ടുള്ളതാണ്. ഡല്‍ഹി കലാപ സമയത്തും ബുള്‍ഡോസറുകള്‍ ഇടിച്ചു നിരത്തുമ്പോഴും ആം ആദ്മി പാര്‍ട്ടി അതിലൊന്നും തലയിടാനും ആരെയും രക്ഷിക്കാനും പോയിട്ടുമില്ല. ഇതര മതേതര കക്ഷികളും ഈ കാര്യങ്ങളിലൊന്നും വേണ്ടത്ര ആവശ്യമുള്ളപ്പോള്‍ ഇടപെടാറില്ല. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളും ദളിതരും മറ്റു പിന്നാക്കക്കാരും രണ്ടാം തരം പൗരന്മാരായി മാറിക്കൊണ്ടിരിക്കുകയാണ്. എണ്ണമറ്റ പീഡനങ്ങള്‍ അവര്‍ ഏറ്റുവാങ്ങുമ്പോഴും അതിനെ നേരിട്ടു പ്രതിരോധിക്കുന്ന കക്ഷികള്‍ തീരെയില്ലെന്നു വേണം കരുതാന്‍. ഇരകള്‍ സ്വന്തമായി പ്രതിരോധിക്കുന്നത് ഫലപ്രദമല്ല. അവരെ മാത്രം രാഷ്ട്രീയ ബുള്‍ഡോസറുകള്‍ക്കു മുമ്പില്‍ എറിഞ്ഞു കൊടുത്ത് വരമ്പത്തു കയറി നില്‍ക്കുന്ന സാഹചര്യങ്ങള്‍ പലതുണ്ടായി. ജയിച്ചാലും തോറ്റാലും അവരോടൊപ്പം നിരന്തരം നിലയുറപ്പിക്കുന്നതിലൂടെ മാത്രമേ ഇന്ത്യയില്‍ ഒരു രാഷ്ട്രീയ മാറ്റം സാധ്യമാകുകയുള്ളൂ. മാറ്റങ്ങള്‍ക്കു വേണ്ടി പൊരുതുന്ന മനുഷ്യരോടൊപ്പവും കക്ഷികളോടൊപ്പവും നിലകൊള്ളലാണ് ബദല്‍ നിര്‍മാണം. ഇപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ബദല്‍ ശക്തികള്‍ വരമ്പത്തു കയറി നില്‍ക്കുകയാണ്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



