Connect with us

Kerala

നീതിപീഠം കനിഞ്ഞു; പ്രതികളെല്ലാം ഇനി തടവറക്കുള്ളില്‍

Published

|

Last Updated

പാലക്കാട് | നീതിപീഠം കനിഞ്ഞതോടെ പ്രതികളെല്ലാം ഇനി തടവറക്കുള്ളില്‍. ഇരുട്ടിന്റെ മറവില്‍ രണ്ട് സുന്നി പ്രവര്‍ത്തകരെ അരുംകൊല ചെയ്തിട്ടും പ്രതികളെല്ലാം പുറത്ത് വിലസുകയായിരുന്നു. പ്രതികളെ രക്ഷിക്കാന്‍ രാഷ്ട്രീയപരവും സാമ്പത്തികവും ഭരണപരവുമായ സ്വാധീനം ഉപയോഗിച്ച് ലീഗിലെ ഉന്നത നേതാക്കള്‍ ശ്രമിച്ചതിന് പുറമെ കേസ് അട്ടിമറിക്കാനും ശ്രമം നടന്നിരുന്നു. സത്യത്തില്‍ ഉറച്ച് നിന്ന് സുന്നി പ്രവര്‍ത്തകര്‍ പോരാടിയതിനൊപ്പം നീതിപീഠവും തുണച്ചതോടെ പ്രതികളെല്ലാം തടവറയിലായി.

2013 നവംബര്‍ 20നാണ് സുന്നിപ്രവര്‍ത്തകരായ കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസയും സഹോദരന്‍ നൂറുദ്ദീനും വീടിന് സമീപം കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതികളെയെല്ലാം പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും അതേ വേഗത്തില്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു. സാക്ഷികളെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുകയും കേസ് അട്ടിമറിക്കാനുള്ള പ്രവര്‍ത്തനവും നടത്തി. സഹോദരന്മാരെ കൊലപ്പെടുത്തിയിട്ടും ഇവരുടെ വീടിനുനേരെ ഭീഷണി ഉയര്‍ത്തുകയും തെറിയഭിഷേകം നടത്തുകയും ചെയ്തു. പ്രതികള്‍ക്കെതിരെ സാക്ഷി പറഞ്ഞതിന്റെ പേരില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ചക്കിങ്ങല്‍ മൊയ്തുണ്ണി ഹാജി, സഹോദരന്‍ ഹസന്‍ എന്നിവര്‍ 2014 ജൂലൈ 18 ന് ക്രൂരമായി ആക്രമിക്കപ്പെട്ടു. ഈ സംഭവത്തില്‍ കേസെടുക്കാന്‍ പോലീസ് വിമുഖത കാണിച്ചത് വലിയ വിവാദങ്ങളാണുയര്‍ത്തിയത്.
പ്രതികള്‍ക്കെതിരെ കേസെടുക്കുന്നതിന് മുമ്പ് അക്രമത്തില്‍ പരുക്ക് പറ്റി ആശുപത്രിയില്‍ കഴിയുന്നവര്‍ക്കെതിരെയാണ് പോലീസ് ആദ്യം കേസെടുത്തത്.

കല്ലാംകുഴി ജുമുഅ മസ്ജിദില്‍ നടന്ന അനധികൃത പിരിവിനെ ചൊല്ലിയായിരുന്നു തര്‍ക്കത്തിന് തുടക്കമിട്ടത്. ലീഗിന്റെ നേതൃത്വത്തില്‍ തണല്‍ എന്ന സംഘടനയുണ്ടാക്കി പിരിവ് നടത്തിയിരുന്നു. വിശ്വാസികള്‍ക്ക് സമാധാനപരമായി പ്രാര്‍ഥിക്കേണ്ട ആരാധനാലയത്തില്‍ അനധികൃത പിരിവിനൊപ്പം രാഷ്ട്രീയ വേദിയാക്കുന്നത് സുന്നി സഹോദരന്മാര്‍ ചോദ്യം ചെയ്യുകയും എല്ലാവര്‍ക്കും പ്രാര്‍ഥിക്കാനുള്ള അനുകൂല സഹാചര്യമൊരുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇതെല്ലാം ലംഘിച്ച് ഇവരുടെ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ നിയമത്തിന്റെ വഴിയെ പോയി. അനധികൃത പിരിവ് നിര്‍ത്തലാക്കണമെന്ന വഖ്ഫ് ട്രൈബ്യൂണല്‍ വിധി തിരിച്ചടിയായതോടെയാണ് ലീഗ് പ്രവര്‍ത്തകര്‍ സുന്നി പ്രവര്‍ത്തകരെ വകവരുത്തിയത്. സംഭവത്തിന്റെ പശ്ചാത്തലം ഇതാണെങ്കിലും കുടുംബപ്രശ്നമാണ് കൊലക്ക് പിന്നിലെന്ന് വരുത്താനും ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. കേസിന്റെ ആരംഭം മുതല്‍ അവസാനം വരെ പ്രതികളെ രക്ഷപ്പെടുത്തുന്നതിന് തന്ത്രങ്ങള്‍ മെനഞ്ഞങ്കിലും അതെല്ലാം പൊളിഞ്ഞതോടെയാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാനിടയായത്.

സ്വന്തം പിതാവിനെ വെട്ടി നുറുക്കി; വര്‍ഷങ്ങള്‍ പിന്നിട്ടും മറക്കാനാകുന്നില്ല
പിതാവ് കൊല്ലപ്പെട്ടതിന്റെ നടുക്കം മാറാതെ ആദിനും ഫഹീമും. ചെറുപ്രായത്തില്‍ പിതാവിന്റെ ലാളനയേറ്റ് വളരേണ്ട മക്കള്‍ക്ക് ഭീതിജനകമായ ഓര്‍മകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ആദിന് 27 ഉം ഫഹീമിന് 21 ഉം വയസുണ്ടെങ്കിലും പിതാവിനെ കൊലപ്പെടുത്തുന്ന സമയത്ത് യഥാക്രമം ഇവര്‍ക്ക് 18 ഉം 12 ഉം വയസായിരുന്നു പ്രായം. സ്വന്തം പിതാവിനെ വെട്ടി നുറുക്കി കൊന്ന സംഭവം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മറക്കാനാകുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്.

കൊല്ലപ്പെട്ട നൂറുദ്ദീന് ഫഹീമിന് പുറമെ ഫിഹ, ഫായിദ, ഫയിഹ എന്നിവരും മക്കളായുണ്ട്. ഇവരില്‍ ഫിദക്കും ഫായിദക്കും 17 ഉം 14 വയസുണ്ടെങ്കിലും ഫയിഹ പിതാവിന്റെ മരണസമയത്ത് ഗര്‍ഭസ്ഥ ശിശുവായിരുന്നു. നീതിക്ക് വേണ്ടി പോരാട്ടം നടത്തി വര്‍ഷങ്ങള്‍ കാത്തിരുന്നെങ്കിലും അവസാനം നീതി ലഭിച്ച സന്തോഷത്തിലാണ് ഇവര്‍. കൊല്ലപ്പെട്ട ഹംസക്ക് ആദിന് പുറമെ അമീന (22), അജാസല്‍(18) എന്നിവരാണ് മക്കളായിട്ടുള്ളത്. കൊല്ലപ്പെട്ട പിതാവിന് വൈകിയാണെങ്കിലും നീതി ലഭിച്ച ആശ്വാസത്തിലാണിവര്‍.