National
ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച എല്ലാ സൈനികരേയും തിരിച്ചറിഞ്ഞു; സായ് തേജയുടെ സംസ്‌കാരം ഇന്ന്
ഗുരുതരമായി പരക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്

ഹൈദരാബാദ് | കുനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച നാല് പേരുടെ ഡിഎന്‍എ പരിശോധന കൂടി പൂര്‍ത്തിയായതോടെ അപകടത്തില്‍ മരിച്ച എല്ലാവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അപകടത്തില്‍ കൊലപ്പെട്ട ലാന്‍സ് നായ്ക് സായ് തേജയുടെ സംസ്‌കാരം ഇന്ന് നടക്കും. ജന്മനാടായ ആന്ധ്ര ചിറ്റൂരിലെ എഗുവാരേഗഡ ഗ്രാമത്തിലെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍. ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി മൃതദ്ദേഹം ഇന്നലെ ബെംഗളൂരുവിലെത്തിച്ചിരുന്നു. വൈകിട്ട് നാല് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.
അതേ സമയം അപകടത്തില്‍ ഗുരുതരമായി പരക്കേറ്റ ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങിന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്തസമ്മര്‍ദത്തില്‍ വ്യത്യാസം ഉണ്ടാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ബെംഗളൂരുവിലെ വ്യോമസേന കമാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇദ്ദേഹം. സംയുക്ത സൈനിക മേധാവിയായിരുന്ന ബിപിന്‍ റാവത്ത് അടക്കം 13 പേരുടെ മരണത്തിന് ഇടയാക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തയ്യാറായേക്കുമെന്നാണ് അറിയുന്നത്.