Connect with us

National

ന്യൂഡൽഹി - വാഷിംഗ്ടൺ ഡിസി സർവീസ് നിർത്തിവെച്ച് എയർ ഇന്ത്യ

സെപ്തംബർ ഒന്ന് മുതൽ ഈ റൂട്ടിൽ സർവീസ് നടത്തില്ല

Published

|

Last Updated

മുംബൈ | പ്രവർത്തനപരമായ കാരണങ്ങളാൽ ഡൽഹിയിൽ നിന്ന് വാഷിംഗ്ടൺ ഡി സിയിലേക്കുള്ള വിമാന സർവീസുകൾ 2025 സെപ്റ്റംബർ 1 മുതൽ നിർത്തിവെച്ചതായി ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ അറിയിച്ചു. വിമാനങ്ങളുടെ ലഭ്യതക്കുറവും പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിട്ടതും കാരണമാണ് ഈ തീരുമാനം.

കഴിഞ്ഞ മാസം എയർ ഇന്ത്യ തങ്ങളുടെ 26 ബോയിംഗ് 787-8 വിമാനങ്ങളുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ നവീകരണം 2026 അവസാനം വരെ തുടരും. ഇത് കാരണം ഒന്നിലധികം വിമാനങ്ങൾ ഒരേ സമയം സർവീസിനായി ലഭ്യമാകില്ലെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.

ഇതോടൊപ്പം പാകിസ്ഥാൻ വ്യോമാതിർത്തി അടച്ചിട്ടത് കാരണം വിമാനങ്ങൾക്ക് ദൈർഘ്യമേറിയ റൂട്ടുകളിലൂടെ സഞ്ചരിക്കേണ്ടി വരുന്നത് പ്രവർത്തനപരമായ ബുദ്ധിമുട്ടുകൾ വർദ്ധിപ്പിക്കുന്നുണ്ട്. ഈ കാരണങ്ങൾ മുൻനിർത്തിയാണ് ഡൽഹി-വാഷിംഗ്ടൺ ഡി സി സർവീസ് താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചത്.

സെപ്റ്റംബർ 1-ന് ശേഷം വാഷിംഗ്ടൺ ഡി സിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ എയർ ഇന്ത്യ ബന്ധപ്പെടുകയും മറ്റ് വിമാനങ്ങളിൽ യാത്രാസൗകര്യം ഒരുക്കുകയോ ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകുകയോ ചെയ്യും.

കൂടാതെ, എയർ ഇന്ത്യ യാത്രക്കാർക്ക് അവരുടെ അലാസ്ക എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ്, ഡെൽറ്റ എയർ ലൈൻസ് എന്നിവ വഴി ന്യൂയോർക്ക്, നെവാർക്ക്, ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ എന്നീ നാല് യുഎസ് നഗരങ്ങൾ വഴി വാഷിംഗ്ടൺ ഡി സിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

ഇന്ത്യയിൽ നിന്ന് വടക്കേ അമേരിക്കയിലെ ആറ് നഗരങ്ങളിലേക്ക് (കാനഡയിലെ ടൊറന്റോ, വാൻകൂവർ എന്നിവയുൾപ്പെടെ) എയർ ഇന്ത്യ നോൺ-സ്റ്റോപ്പ് സർവീസുകൾ തുടരും.

Latest