National
മോദിയുടേയും അമ്മയുടേയും എഐ വീഡിയോ; കോണ്‍ഗ്രസിനെതിരെ കേസ്
ദൃശ്യങ്ങള്‍ നേരന്ദ്ര മോദിയുടെ അമ്മ ഹീരബെനിനെ അപമാനിക്കുന്നതും മാതൃത്വത്തെ വ്രണപ്പെടുത്തുന്നതുമാണെന്നു പരാതിയില്‍ പറയുന്നു

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മയെയും ഉള്‍പ്പെടുത്തി എഐ വിഡിയോ പുറത്തിറക്കിയ സംഭവത്തില്‍ കോണ്‍ഗ്രസിനും പാര്‍ട്ടി ഐടി സെല്ലിനുമെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. ബിജെപി ഡല്‍ഹി ഇലക്ഷന്‍ സെല്‍ കണ്‍വീനര്‍ സങ്കേത് ഗുപ്ത നല്‍കിയ പരാതിയിലാണ് ഡല്‍ഹി നോര്‍ത്ത് അവന്യു പോലീസ് കേസെടുത്തത്.
ദൃശ്യങ്ങള്‍ നേരന്ദ്ര മോദിയുടെ അമ്മ ഹീരബെനിനെ അപമാനിക്കുന്നതും മാതൃത്വത്തെ വ്രണപ്പെടുത്തുന്നതുമാണെന്നു പരാതിയില്‍ പറയുന്നു.ഈ മാസം 10നാണ് വിവാദ വിഡിയോ കോണ്‍ഗ്രസിന്റെ സമൂഹിക മാധ്യമ പേജില്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ് ബിഹാര്‍ ഘടകമാണ് വിഡിയോ പുറത്തിറക്കിയത്. പിന്നാലെ പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച മാതാവിനെയും കോണ്‍ഗ്രസ് അപമാനിക്കുകയാണെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, പ്രധാനമന്ത്രിയോടോ അദ്ദേഹത്തിന്റെ മാതാവിനോടോ ഒരു അനാദരവും കാണിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ഒരു അമ്മ മകനെ ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ പഠിപ്പിക്കാന്‍ ശ്രമിക്കുന്നത് എങ്ങനെയാണ് അനാദരവാകുന്നതെന്ന് കോണ്‍ഗ്രസിന്റെ മാധ്യമ, പ്രചാരണ വിഭാഗം തലവന്‍ പവന്‍ ഖേര ചോദിച്ചു.